വീഴ്ചപറ്റി, ജാഗ്രതക്കുറവുണ്ടായെന്ന് കമല്‍
January 13, 2021 05:19:38 pm IST
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയുടെ ഇടതുസ്വഭാവം നിലനിര്‍ത്തുന്നതിന് നാല് താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രി എ.കെ. ബാലന് കത്ത് അയച്ച സംഭവത്തില്‍ വീഴ്ച പറ്റിയതായി ചെയര്‍മാനും സംവിധായകനുമായ കമല്‍ വെളിപ്പെടുത്തി. സാംസ്കാരിക മന്ത്രിക്ക് കത്തെഴുതിയതില്‍ ജാഗ്രതക്കുറവുണ്ടായെന്ന് കമല്‍ പറഞ്ഞു. കത്തില്‍ അക്കാദമിയുടെ ഇടത് സ്വഭാവം എന്നെഴുതിയതില്‍ വീഴ്ചപ്പറ്റി. മന്ത്രിക്ക് എഴുതിയ കത്ത് വ്യക്തിപരമാണെന്നും അതുകൊണ്ടാണ് സെക്രട്ടറി കത്ത് കാണാതിരുന്നതെന്നും കമല്‍ പറഞ്ഞു.
ഇടതുപക്ഷ മൂല്യം സംരക്ഷിക്കുകയാണ് ലക്ഷ്യം. കത്ത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയല്ല. സാംസ്കാരിക ലോകം വലതുപക്ഷത്തേക്ക് ചായുന്നത് പ്രതിരോധിക്കണം. നെഹ്റുവിന്റെ കാഴ്ചപ്പാട് പോലും ഇടതു സമീപനത്തോട് ചേര്‍ന്നതാണെന്നും കമല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
പിന്‍വാതില്‍ നിയമനവും കൂട്ട സ്ഥിരപ്പെടുത്തലും നടത്തുന്നതിനെതിരെ നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ സംസാരിക്കവെയാണ് മന്ത്രി എ.കെ. ബാലന് ചെയര്മാന് കമല്‍ അയച്ച കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടത്. ഇടതുപക്ഷ അനുഭാവികളും ഇടതു പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്കാരിക പ്രവര്‍ത്തന രംഗത്ത് നിലകൊള്ളുന്നവരുമായ നാലു പേരെ സ്ഥിരപ്പെടുത്തുന്നത് ചലച്ചിത്ര അക്കാദമിയുടെ ഇടതുസ്വഭാവം നിലനിര്‍ത്താന്‍ സഹായകമാകുമെന്നാണ് കത്തില്‍ കമല്‍ പറയുന്നത്.
എച്ച്. ഷാജി (ഫെസ്റ്റിവല്‍ ഡെപ്യൂട്ടി ഡയറക്ടര്‍), റിജോയ് കെ.ജെ (പ്രോഗ്രാം മാനേജര്‍), എന്‍.പി. സജീഷ് (ഡെപ്യൂട്ടി ഡയറക്ടര്‍, പ്രോഗ്രാം), വിമല്‍കുമാര്‍ വി.പി (പ്രോഗ്രാം മാനേജര്‍) എന്നിവരെ സ്ഥിരപ്പെടുത്താനാണ് ശിപാര്‍ശ. കത്ത് പരിശോധിക്കാനാണ് മന്ത്രി എ.കെ. ബാലന് നിര്‍ദേശം നല്‍കിയതെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.