സ്വര്‍ണക്കടത്ത്: ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച ഉന്നതതല യോഗം വിളിച്ചു
July 18, 2020 05:16:51 pm IST
ന്യൂഡല്‍ഹി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. വെള്ളിയാഴ്ചയാണ് അമിത് ഷായുടെ നേതൃത്വത്തില്‍ ഈ വിഷയത്തില്‍ യോഗം ചേര്‍ന്നത്.
എന്‍ഐഎയുടെ അന്വേഷണ രീതികളിലുള്ള പ്രത്യേകതകളും യോഗം വിലയിരുത്തി. ഹൈദരാബാദിലെ എന്‍ഐഎയുടെ ദക്ഷിണ മേഖല ആസ്ഥാനത്തിനു കീഴിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്. തെളിവുകള്‍ കിട്ടുന്ന മുറയ്ക്ക് അന്വേഷണം ഉന്നതരിലേക്കും നീളുമെന്നാണ് യോഗത്തില്‍ നിന്ന് ലഭിക്കുന്ന സൂചന.
കേസിന്റെ ഒരു ഘട്ടത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് തന്നെ ഇടപെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയത്. നേരത്തെ ധനമന്ത്രി നിര്‍മല സീതാരാമനും വി മുരളീധരനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അമിത് ഷായുടെ നേതൃത്വത്തില്‍ യോഗം നടന്നത്.
അതേസമയം കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളും കേസില്‍ ഉള്‍പ്പെട്ടവരുടെ പേരുകളും അടക്കം സുപ്രധാന വിവരങ്ങളെല്ലാം സ്വപ്നയും സന്ദീപും വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. സൗഹൃദത്തിനപ്പുറം കേസില്‍ നേരിട്ടും അല്ലാതെയും പങ്കാളിത്തമുള്ളവരുടെ പട്ടികയില്‍ പോലിസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രമുഖരടക്കം ഉണ്ട്.