ശിവശങ്കര്‍ ഐ.ടി സെക്രട്ടറിയായിരുന്നപ്പോള്‍ നടത്തിയ മുഴുവന്‍ നിയമനങ്ങളും അന്വേഷിക്കും
July 18, 2020 08:19:08 am IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഐ.ടി വകുപ്പില്‍ സെക്രട്ടറിയായിരുന്നപ്പോള്‍ ഐ.ടി വകുപ്പില്‍ നടത്തിയ മുഴുവന്‍ നിയമനങ്ങളും അന്വേഷിക്കാന്‍ ധനകാര്യ പരിശോധനാ വിഭാഗത്തിന് നിര്‍ദേശം. വകുപ്പുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളിലും പരിശോധന നടക്കും. ചീഫ് സെക്രട്ടറിയും ധന അഡീഷണല്‍ ചീഫ് സെക്രട്ടറിയും നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഐ.ടി വകുപ്പിലെ മുഴുവന്‍ നിയമനങ്ങളും പരിശോധിക്കണമെന്നു നിര്‍ദേശിച്ചിരുന്നു.
ഐടി വകുപ്പിന് കീഴില്‍ നടന്നിട്ടുള്ള എല്ലാ നിയമനങ്ങളും സുതാര്യമാണെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് നടപടിക്രമങ്ങള്‍. ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കാനും സര്‍ക്കാര്‍ ഇത് സംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി ശിവശങ്കറിനുള്ള ബന്ധത്തെത്തുടര്‍ന്ന് ആദ്യം പദവികളില്‍ നിന്ന് സര്‍ക്കാര്‍ മാറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ ശക്തമായതോടെയാണ് ഇദ്ദേഹത്തിമെതിരെ സര്‍ക്കാര്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. സ്വപ്നയുടെ നിയമനത്തില്‍ പ്രോട്ടോക്കോള്‍ ലംഘിച്ചാണ് ഇടപെട്ടിരുന്നതെന്നും സമിതി കണ്ടെത്തിയിരുന്നു.
ഐ.ടി വകുപ്പിന് കീഴിലുള്ള സ്പേസ് പാര്‍ക്ക് ഓപ്പറേഷന്‍സ് മാനേജരായി സ്വപ്നയെ നിയമിച്ചതിന് പിന്നില്‍ എം ശിവശങ്കറാണെന്ന് ഇദ്ദേഹത്തിന്റെ സസ്പെന്ഷന് ഉത്തരവിലാണ് വ്യക്തമാക്കിയിട്ടുള്ളത്. യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയായിരുന്ന സ്വപ്നയെയാണ് ശിവശങ്കര്‍ സ്പേസ് പാര്‍ക്ക് ഓപ്പറേഷന്‍സ് മാനേജരായി ശുപാര്‍ശ ചെയ്യുന്നത്. ശിവശങ്കര്‍ സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതായി സ്വര്‍ണ്ണക്കടത്ത് കേസ് പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെ ആവശ്യ പ്രകാരം ശിവശങ്കറിനെക്കുറിച്ച് അന്വേഷിച്ച ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി കണ്ടെത്തിയിരുന്നു.
എം ശിവശങ്കറിനെക്കുറിച്ച് ചീഫ് നേതൃത്വത്തിലുള്ള സമിതി കഴിഞ്ഞ ദിവസം ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സ്ഥാനത്ത് നിന്നും ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്. നടപടിക്ക് പിന്നാലെ ശിവശങ്കറിനെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്ന കാര്യവും മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.
സ്വര്‍ണ്ണക്കടത്ത് കേസ് പുറത്തുവന്നതോടെയാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെതിരെ ആരോപണങ്ങളുയരുന്നത്. ഇതോടെ ഐ.ടി സെക്രട്ടറി സ്ഥാനത്തുനിന്നും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും ശിവശങ്കറിനെ മാറ്റിനിര്‍ത്തിയിരുന്നു. ആരോപണങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ശിവശങ്കറിനെക്കുറിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്കാന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പിന് കീഴില്‍ നിയമനം നടത്തിയതില്‍ പിഴവുണ്ടായെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി കണ്ടെത്തിയിരുന്നു. ബന്ധങ്ങള്‍ ഉണ്ടാക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പോലെ ഉന്നത പദവിയിലിരിക്കുന്ന ഒരാള്‍ പുലര്‍ത്തേണ്ട ജാഗ്രത പോലും ശിവശങ്കറില്‍ നിന്നും ഉണ്ടായില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതിനാണ് ശിവശങ്കറിനെതിരെ നടപടി സ്വീകരിക്കുക. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായി ഔദ്യോഗികമായ രീതിയിലല്ലാത്ത ബന്ധം പുലര്‍ത്തിയതും തനിക്ക് വേണ്ടപ്പെട്ടവര്‍ക്ക് നിയമനം നല്കിയതും വീഴ്ചയായി തന്നെയാണ് കണക്കാക്കുന്നത്.
സ്വര്‍ണ്ണക്കടത്ത് കേസ് പുറത്തുവന്നതിന് പിന്നാലെ ഐ.ടി വകുപ്പിലെ നിയമനം സംബന്ധിച്ച് ധനകാര്യ പരിശോധനാ വിഭാഗം അന്വേഷിക്കും. കെഎസ്ഐടിഎല്ലില്‍ ഉള്‍പ്പെടെ നടന്നിട്ടുള്ള മുഴുവന്‍ നിയമനങ്ങളെക്കുറിച്ചും അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി നിര്‍ദേശിച്ചിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ കെഎസ്ഐടിഎല്ലിലെ നിയമനം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ശുപാര്ശയോടെയാണെന്ന് കണ്ടെത്തിയതോടെയാണ് ധനകാര്യ പരിശോധനാ വിഭാഗം ഇക്കാര്യം അന്വേഷിക്കാന്‍ സമിതി നിര്‍ദേശിക്കുന്നത്. പിഡബ്ല്യുസി വഴിയായിരുന്നു സ്വപ്നയുടെ നിയമനമെന്നാണ് നേരത്തെ പറയപ്പെട്ടിരുന്നത്. ഈ വാദമാണ് ഇപ്പോള്‍ തെറ്റാണെന്ന് തെളിഞ്ഞിട്ടുള്ളത്. മുഖ്യമന്ത്രിക്ക് ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്.
കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായി സംസ്ഥാനത്തെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്‍പ്പെടെ ഉള്ളവര്‍ നേരിട്ട് ബന്ധം സ്ഥാപിക്കുന്നത് ചട്ടലംഘനമായാണ് കണക്കാക്കുന്നത്. ഇത് സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അ ന്വേഷണ സമിതി കണ്ടെത്തിയിരുന്നു. ഇതോടെയാണ് ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുന്നത്.
കേരള സര്‍ക്കാരിലെ മറ്റ് വകുപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന എം ശിവശങ്കറിന് 2000ലാണ് സ്ഥാനക്കയറ്റം വഴി ഐ.എ.എസ് ലഭിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും ഐ.ടി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്ന ശിവശങ്കറിനെ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ പേരിലാണ് ഇരു പദവികളില്‍ നിന്നും മാറ്റുന്നത്. ശിവശങ്കറിന്റെ നിര്‍ദേശം അനുസരിച്ച് സ്വര്‍ണ്ണക്കടത്ത് സംഘത്തിന് സെക്രട്ടറിയേറ്റിന് സമീപത്ത് ഫ്ലാറ്റ് ബുക്ക് ചെയ്ത സംഭവത്തിലും പ്രതിസ്ഥാനത്ത് ശിവശങ്കറാണുള്ളത്. ഫ്ലാറ്റ് ബുക്ക് ചെയ്ത അരുണ്‍ ബാലചന്ദ്രനെയും കഴിഞ്ഞ ദിവസം ഐ.ടി വകുപ്പില്‍ നിന്ന് മാറ്റിയിരുന്നു.