അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ഓഗസ്റ്റ് അഞ്ചിന്
July 24, 2020 06:13:58 pm IST
അയോധ്യ: രാമക്ഷേത്രത്തിന് 161 അടി ഉയരമുണ്ടാകുമെന്ന് ക്ഷേത്ര വാസ്തുശില്പി. 1988ല്‍ തയാറാക്കിയ രൂപരേഖയില്‍ 141 അടിയായിരുന്നു ഉയരം. നേരത്തെയുള്ള രൂപരേഖയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ എല്ലാ തൂണുകളും കല്ലുകളും ഉപയോഗിക്കുമെന്നും ക്ഷേത്രം മുഖ്യ വാസ്തുശില്പി സി. സോംപുരയുടെ മകന് നിഖില്‍ സോംപുര അറിയിച്ചു. അടുത്ത മാസം അഞ്ചിന് നടക്കുന്ന ശിലാസ്ഥാപന ചടങ്ങിന് ശേഷം നിര്‍മാണം ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ ചടങ്ങില്‍ സംബന്ധിക്കും.
30 വര്‍ഷം മുമ്പാണ് ക്ഷേത്രം രൂപകല്പന ചെയ്തത്. കാലത്തിനനുസരിച്ചുള്ള മാറ്റമാണുണ്ടായത്. പഴയ മാതൃകയ്ക്കൊപ്പം രണ്ട് മണ്ഡപങ്ങളും ഉള്‍ക്കൊള്ളിച്ചു. മൂന്നര വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനചടങ്ങിനു മുമ്പായി വൈദിക അനുഷ്ഠാനങ്ങളുണ്ടായിരിക്കും. ഇത് അടുത്തമാസം മൂന്നിന് തുടങ്ങും. കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടാകും ചടങ്ങുകള്‍. ഇത് ഭക്തര്‍ക്ക് കാണാനായി അയോധ്യയിലുടനീളം കൂറ്റന്‍ സി.സി.ടിവി സ്ക്രീനുകള്‍ സ്ഥാപിക്കും. 40 കിലോഗ്രാം വെള്ളി ഇഷ്ടിക സ്ഥാപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നിര്‍വഹിക്കും.