ഇനിയും... ഇനി യുമെത്രനാളിങ്ങനെ !
ഇനി ഇങ്ങനെ തന്നെയോ ശേഷകാലവും !
തഴച്ചു ഘന വീതി ഉയരത്തില്‍,
താഴെയും മേലെയും പിന്നങ്ങൂ മിങ്ങും
ചാടിക്കളിച്ച ശ്വാസതന്മാത്രകള്
ചടുല വേഗം മരണ വാഹകര്‍ !
ശ്വാസ നിശ്വാസങ്ങള്‍ക്കിടയില്‍ പല പാളി
ശ്വസന നിയന്ത്രണ ശീലകള്‍ വച്ചു നാം,
ചുണ്ടോളം വിരിഞ്ഞ ചിരി തോരണങ്ങള്‍
ചുരുക്കി കണ്പീലിയില് കോര്‍ത്തൂ തൂക്കി നാം !
മുഖ നിര്‍വചനങ്ങള്‍ പുതുക്കി നാം
മുഖപടങ്ങലിലേക്ക് മറയുന്നു !
കോര്‍ത്ത വിരലുകള്‍ വിടുവിച്ചു
കൂര്‍ത്ത ഭയത്തെ കഴുകി കളയുന്നു !
എത്രനാള്‍ ഇങ്ങനെ, ഇനി ഇങ്ങനെ തന്നെയോ !
അത്രമേല്‍ കൊതിയുണ്ട് ഒന്നുറക്കെ ചിരിക്കാന്‍ !
കൂട്ടമായി ഇനിയൊരു യാത്ര പോകുവാന്‍,
കെട്ടിപ്പിടിച്ച് ഒന്ന് ഹൃദയം പകുക്കുവാന്‍,
കൊതിയുണ്ട്, കനവി ന്റെ തേരിലേറി,
കൊതി തീരുവോളം ജീവിച്ചു തീര്‍ക്കുവാന്‍ !
തനിച്ചാണ് വീട്ടിലും ആള്ക്കൂട്ടത്തിരക്കിലും,
തനിച്ചാണ് ഭരണകൂട പുസ്തക താളിലും !
തനിയെ വന്ന നാം, തനിച്ചാകുന്നൂ വീണ്ടും !
തനിമയാണ് സ്വത്വം, ജീവിത തിരിച്ചറിവുകള്‍ !
പിറന്ന തെറ്റിനാല്‍ പണിപ്പെട്ടു തീര്‍ക്കുവാന്‍,
പിറവികൊണ്ടതല്ല ഈ ജീവിതം !
കൂട്ടമായി ജീവിക്കാന്‍ പഠിച്ചവര്‍,
കൂട്ടം തെറ്റി കുലം കെടുത്തുന്നുവോ !
പിറന്ന കുഞ്ഞുമക്കള്ക്കായെങ്കിലും,
പെരുവഴിയില്‍ വെട്ടമായി നില്‍ക്കണം !
അതിര്‍ത്തിയില്‍ നട്ട തോക്കും പടക്കവും,
വിസ്തൃതിയില്‍ പൂത്ത പൂമരങ്ങളാവട്ടെ !
ഏക കോശങ്ങള്‍, ശ്വാസകോശങ്ങളില്‍,
എത്തിനോക്കുന്നു ഭൂമി പട്ടയം തേടി,
ഭൂമി മണ്ണില്‍ ജീവന് മുളപ്പിച്ച ഒറ്റ കോശങ്ങള്‍,
ഭ്രമണപഥം തീര്‍ത്തൂ തിരിച്ചെടു ക്കാതിരിക്കട്ടെ ഭൂമി !!!