കണക്ടിക്കട്ടില്‍ മാസ്ക് ധരിക്കാത്തവര്‍ക്ക് 100 ഡോളര്‍ ഫൈന്‍; നിയമം കര്‍ശനം
September 16, 2020 09:32:49 pm IST
പി.പി ചെറിയാന്
കണക്റ്റിക്കട്ട്: കണക്റ്റിക്കട്ട് സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി, പുറത്തിറങ്ങുന്നവരും കൂട്ടംകൂടുന്നവരും മാസ്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്നും നിയമം ലംഘിക്കുന്നവരില്‍ നിന്നും 100 ഡോളര്‍ ഫൈന്‍ ഈടാക്കുമെന്ന് ഗവര്‍ണര്‍ നെഡ് ലാമന്റ തിങ്കളാഴ്ച (സെപ്റ്റം 14) നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ചെറിയ കൂട്ടങ്ങള്‍ മാസ്ക് ധരിക്കാത്തവര്‍ക്ക് 250 ഡോളറും വലിയ കൂട്ടങ്ങളില്‍ മാസ്ക് ധരിക്കാതെ പങ്കെടുക്കുന്നവരില്‍ നിന്നും 500 ഡോളറും ഫൈന്‍ ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമമാണ് കണക്ടിക്കട്ടില്‍ നിലവില്‍ വന്നിരിക്കുന്നത്. പുതിയ നിയമമനുസരിയ് ഇന്‍ഡോറില്‍ 25 പേര്‍ക്കും ഔട്ട് ഡോറില്‍ പരമാവധി 100 പേര്‍ക്കും പങ്കെടുക്കാം. എന്നാല്‍ ഇവര്‍ മാസ്ക് ധരിച്ചിരിക്കണം.
കണക്ടിക്കട്ടില്‍ പലരും ഗവര്‍ണറുടെ മാസ്ക് നിയമത്തോട് അത്ര അനുകൂലമായി പ്രതികരിക്കുന്നില്ല. നിലവില്‍ എക്സിക്യൂട്ടിവ് ഉത്തരവ് നിലനില്ക്കുമ്പോള് പുതിയ ഉത്തരവിന്റെ ആവശ്യം ഇല്ല എന്നാണിവരുടെ വാദം. സെപ്റ്റംബര്‍ 15 ചൊവ്വാഴ്ച ലഭ്യമായ കണക്കനുസരിച്ച് 55031 പോസിറ്റീവ് കേസുകളും 4485 മരണവും നടന്നതായി കണക്ടിക്കറ്റ് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് കോവിഡ് പരിശോധന വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും മഹാമാരി ആരംഭിച്ചതിനു ശേഷം 13,88,507 പരിശോധന നടത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. കോവിഡിന്റെ ഭീഷണി ഒഴിയും വരെ പൊതുജനങ്ങള്‍ ഇതിനോടു സഹകരിക്കണമെന്നും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു.