പ്രശസ്ത എഴുത്തുകാരനായ സേതു എഴുതിയ 'ചങ്ങമ്പുഴ പാര്‍ക്ക്' എന്ന ചെറുകഥയെ ആസ്പദമാക്കി അമേരിക്കന്‍ മലയാളിയായ വിനോദ് മേനോന് ,സാന്‍ഫ്രാന്‍സിസ്കോ സര്‍ഗ്ഗവേദിയുടെ ബാനറില്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത 'ചങ്ങമ്പുഴ പാര്‍ക്ക്' എന്ന ഷോര്‍ട്ട്ഫിലിം കേരളപ്പിറവി ദിനത്തില്‍ ആമസോണ്‍ െ്രെപമില്‍ അമേരിക്കയിലും യു.കെയിലും റിലീസ് ചെയ്തു. മക്കള്‍ വിദൂര സ്ഥലങ്ങളില്‍ ആയ വിഭാര്യനായ ഒരു വൃദ്ധന്റെ ആകുലതകള്‍ അവതരിപ്പിക്കുന്ന കഥയാണ് ചങ്ങമ്പുഴ പാര്‍ക്ക്.
വിരമിച്ച മലയാള അദ്ധ്യാപകനും വിഭാര്യനുമായ നാരായണകുട്ടി മാഷ് അമേരിക്കയിലെ മകളെയും കുടുംബത്തെയും സന്ദര്‍ശിക്കുന്നു, അദ്ദേഹത്തിന്റെ താമസം സുഖകരവും വിശ്രമവുമാക്കാന്‍ കുടുംബം പരമാവധി ശ്രമിക്കുന്നു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ മനസിന്റെ കോണില്‍ ഇപ്പോഴും താന്‍ വൈകുന്നേരങ്ങള്‍ ചിലവഴിക്കാറുള്ള ചങ്ങമ്പുഴ പാര്‍ക്ക് മാത്രം. അദ്ദേഹത്തിന്റെ നൊസ്റ്റാള്‍ജിയയും, വൈകുന്നേരവും, മുതിര്‍ന്ന പൗരന്മാര് ഒത്തുചേരുന്ന ഇടങ്ങളും നിറഞ്ഞു നില്ക്കുന്നു. കേരളത്തിലെ പഴയ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹത്തോടൊപ്പം മകളോടും മരുമകനോടും ചെറുമകളോടും ഉള്ള സ്നേഹം തുലനം ചെയ്യാന്‍ അദ്ദേഹം ശ്രമിക്കുന്നു.
നടനും എഴുത്തുകാരനുമായ തമ്പി ആന്റണിയാണ് നാരായണന്‍കുട്ടി മാഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് .സുഹൃത്തായ ദേവസ്യ മാഷായി ടി.ജി രവിയും വേഷമിടുമ്പോള്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അമേരിക്കന്‍ മലയാളികള്‍ ആണ്. ഷെമി ദീപക്, ശ്യാം ചന്ദ്, ആന്‍ മേരി ആന്റണി, രഘുനാഥന് കടങ്ങോട് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സിലിക്കണ്‍വാലി ഐ ടി രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ പരിശ്രമം കൂടിയാണ് ഈ ഷോര്‍ട്ട്ഫിലിം.
സഹ സംവിധാനം ടോം ആന്റണി, ജന ശ്രീനിവാസന്, ഛായാഗ്രഹണം മനോജ് ജയദേവന്, ജോജന്‍ ആന്റണി ഗാനരചന സിന്ധു നായര്‍ (ബോസ്റ്റണ്‍), സംഗീതവും ആലാപനവും ജയ് നായര്‍, എഡിറ്റിംഗ്, കളറിംഗ് മനോജ് ജയദേവന്,പശ്ചാത്തല സംഗീതം ജയ് നായര്‍, ലോയിഡ് ജോര്‍ജ്, മെല്വിന് ജെറോള്‍ഡ്, ജിതേഷ് രാജന്, രൂപേഷ് കര്‍ത്ത, പ്രൊഡക്ഷന്‍ കോഓര്‍ഡിനേറ്റര്‍ രാജി മേനോന്,സ്റ്റില്‍സ് ജോജന്‍ ആന്റണി .
ചങ്ങമ്പുഴ പാര്‍ക്ക് കാഴ്ചക്കാരുടെയിടയിലേക്ക് എത്തുമ്പോള്‍ കഥാകൃത്ത് സേതു മുതല്‍ എല്ലാ അഭിനേതാക്കളുടേയും സാങ്കേതിക പ്രവര്‍ത്തകരുടേയും പിന്തുണ ഈ ഷോര്‍ട് ഫിലിം പൂര്‍ത്തിയാക്കാന്‍ ഏറെ സഹായിച്ചു. തുടക്കം മുതല്‍ റിലീസിന് തയറാകുന്നതുവരെ ഈ സംരംഭത്തിനൊപ്പം ഉണ്ടായിരുന്ന ടോം ആന്റണിക്ക് പ്രത്യേകം നന്ദി അറിയിക്കുന്നതായും സംവിധായകന് വിനോദ് മേനോന് അറിയിച്ചു.
സാന്‍ഫ്രാന്‍സിസ്കോയിലെ കലാസാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായ സര്‍ഗ്ഗവേദിയുടെ പ്രഥമ സിനിമ സംരംഭമാണ് ചങ്ങമ്പുഴപാര്‍ക്ക്. സര്‍ഗവേദി കഴിഞ്ഞ വര്‍ഷങ്ങളില്‍ അവതരിപ്പിച്ച പെരുന്തച്ചന്, കാട്ടുകുതിര, സ്വാതി തിരുന്നാള്‍ (പുണ്യം സംഘടനയുമായി ചേര്‍ന്ന് അവതരിപ്പിച്ചത്) എന്ന നാടകങ്ങള്‍ വളരെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
പ്രായമേറുന്തോറും ഉളവാകുന്ന നഷ്ടബോധവും അരക്ഷിതത്വവും മറികടക്കാനായി ഉരുത്തിരിയുന്ന സായന്തന കൂട്ടുകെട്ട് നല്കുന്ന ആശ്വാസം ചില്ലറയല്ല .മകളുടെ കുടുംബവുമായി യുഎസ്സിലെ വീട്ടിലും കഴിച്ചുകൂട്ടുമ്പോഴും ചങ്ങമ്പുഴ പാര്‍ക്കിലെത്താന്‍ കൊതിക്കുന്ന വൃദ്ധ മനസിന്റെ കഥ ലോകത്തുള്ള എല്ലാ മലയാളികളുടെയും മനസിന് നൊമ്പരമുണ്ടാക്കും. ഈ ഷോര്‍ട്ട് ഫിലിം കാണുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും പ്രോത്സാഹിപ്പിക്കുകയൂം ചെയ്യണമെന്നും സര്‍ഗവേദി പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചു.
ചങ്ങമ്പുഴ പാര്‍ക്ക് ഈ ലിങ്കില്‍ കാണാം
https://www.amazon.com/dp/B08LZSYVQT