കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ സംസ്കാരം നാട്ടുകാര്‍ തടഞ്ഞു
June 03, 2020 08:11:56 pm IST
തിരുവനന്തപുരം: ചെവ്വാഴ്ച്ച രാവിലെ കോവിഡ് ബാധിച്ച് മരിച്ച വൈദികന് ഫാ. കെ.ജി വര്‍ഗ്ഗീസിന്റെ സംസ്കാരം നാട്ടുകാര്‍ വിലക്കി. മലമുകളിലെ പള്ളിയില്‍ മൃതദേഹം അടക്കം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. മലമുകളിലെ പള്ളിയില്‍ മൃതദേഹം സംസ്കാരിക്കുന്നതിന് ഹൈക്കോടതി വിലക്കുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. വൈദികന്റെ മൃതദേഹം മറ്റൊരിടത്ത് സംസ്കരിക്കണം എന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
സംസ്കാരത്തന് നേതൃത്വം നല്‍കാനെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനം നാട്ടുകാര്‍ തടഞ്ഞു. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരും തമ്മില്‍ ചര്‍ച്ച നടക്കുകയാണ്. പ്രശ്നം പരിഹരിക്കാന്‍ മേയറും ജില്ലാ കളക്ടറും ഇടപെടുന്നുണ്ട്. വൈദികന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണുള്ളത്. എന്നാല്‍ വൈദികന്റെ കോവിഡ് ബാധയുടെ ഉറവിടം എവിടെ നിന്നാണെന്ന് കണ്ടെത്താനാകാത്തത് സാമൂഹിക വ്യാപനത്തിന്റെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
നാലാഞ്ചിറ സ്വദേശിയായ ഫാ. വര്‍ഗീസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ഇന്നലെ രാവിലെയാണ് മരണപ്പെട്ടത്. ഉച്ചയോടെ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ച് കൊണ്ടുളള പരിശോധനാ ഫലം പുറത്ത് വന്നു. വൈകിട്ട് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലാണ് കൊവിഡ് മരണവിവരം പുറത്ത് വന്നത്. ചൊവ്വാഴ്ച രാവിലെ മുതല്‍ വൈദികന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പള്ളി സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്യുന്നതിന് വേണ്ടി പത്തടി ആഴത്തില്‍ കുഴി എടുത്തിരുന്നു. സംസ്ക്കാരത്തിന് നേതൃത്വം നല്കാന് ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ ഇവരെ നാട്ടുകാര്‍ തടഞ്ഞു. സ്ഥലത്ത് പോലീസും എത്തിയിട്ടുണ്ട്. സെമിത്തേരിയില്‍ മൃതദേഹം അടക്കാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. ഇവിടെ മൃതദേഹം അടക്കുന്നതിനെതിരെ ഹൈക്കോടതി ഉത്തരവുണ്ടെന്നും ആളുകള്‍ അവകാശപ്പെടുന്നുണ്ട്. പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കിയതിന് ശേഷം മാത്രമേ ഫാ. വര്‍ഗീസിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഇവിടേക്ക് എത്തിക്കുകയുളളൂ.
ഫാദര്‍ വര്‍ഗീസ് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് കൊറോണ വൈറസ് പകര്‍ന്നത് എന്ന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൈദികനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അടക്കമുളള ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒന്നരമാസത്തോളം പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലുമായി വൈദികന് ചികിത്സയില്‍ ഉണ്ടായിരുന്നു.
മെയ് 20ന് ഒരു വാഹനാപകടത്തെ തുടര്‍ന്നാണ് ഫാ. കെ.ജി വര്‍ഗീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് വിദേശയാത്രാചരിത്രമോ കൊവിഡ് രോഗികളുമായി സമ്പര്‍ക്കമോ ഉണ്ടായിരുന്നതായി വ്യക്തതയില്ല. മരണശേഷമാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ച വിവരം മാധ്യമങ്ങളിലൂടെ പുറത്തു വന്നത്.
ഏപ്രില്‍ 20ന് ബൈക്കപടകം സംഭവിച്ച് തലയ്ക്കു പരിക്കേറ്റു ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് മെയ് 20ന് ഡിസ്ചാര്‍ജായി. ഇതേത്തുടര്‍ന്ന് വിശ്രമജീവിതത്തിലായിരുന്ന ഇദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ നിരവധി പേര് എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ശ്വാസതടസ്സവും ന്യൂമോണിയയും ബാധിച്ച് ഇദ്ദേഹത്തെ മെയ് 30ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.