അവസാന യാത്ര (കവിത-റോബിന് കൈതപ്പറമ്പ്)
July 10, 2020 10:06:36 am IST
അവസാനമായെന്നെ യാത്രയാക്കീടുവാന്
അവസാന ചുംബനം നല്കീടുവാന്...
കരളൊന്നിടറാതെ മിഴികള്‍ തുളുംബാതെ
അവസാനമോളം എന്‍ കൂടെ നില്ക്കാന്
ആരൊക്കെ വന്നിടും ഞാന്‍ തിരഞ്ഞീടുന്നു
ആരൊക്കെയോ നിലവിളി കൂട്ടീടുന്നു...
പരിചിതരായവര്‍ ചാരെയായ് എത്തിയെന്
മുഖമൊന്നു കണ്ടു കണ് തുടച്ചീടുന്നു
ജീവിത യാത്രയില്‍ കൂട്ടായി വന്നവള്‍
ജീവഛവമായ് നിന്നീടുന്നു...
തീരത്തു തലതല്ലി കരയുന്ന തിരകളെ
തഴുകുന്ന കാറ്റു പോല്‍ എന്നോമലെ...
പുല്‍കിപ്പുണര്‍ന്നു നിന് ശോകമേറ്റീടുവാന്
നിന് കണ്ണിലെ കണ്ണീര് തുടച്ചീടുവാന്‍
ആകാതെ ഞാനെന്റെ യാത്ര തുടങ്ങട്ടെ
എന്റെ ഓര്‍മ്മകള്‍ നിങ്ങള്‍ക്കായ് ഏകീടുന്നു
ഭാര്യയും മക്കളും അച്ചനും അമ്മയും...
കൂടെപ്പിറപ്പുകള് കൂട്ടുകാരെ...
ഇപ്പളോര്ക്കുക നിങ്ങളീ യാത്രികനെ
പിന്നെ ഓര്‍മ്മതന്‍ ഭാരം ഒഴിച്ചീടുക...
കൈകള്‍ വിറക്കാതെ വിതറുക നിങ്ങള്‍
അവസാന ഒരു പിടി മണ്ണുമെന്നില്...
ഓര്‍ക്കട്ടെ ഞാന്‍ വെറും മണ്ണായിരുന്നെന്നും
മണ്ണിലേക്കായ് മടങ്ങുമെന്നും...
ഓര്‍ക്കട്ടെ ഞാന്‍ വെറും മണ്ണായിരുന്നെന്നും
മണ്ണിലേക്കായ് മടങ്ങുമെന്നും...