സുശാന്തിന്റെ മരണം: പത്മശ്രീ പുരസ്കാരം തിരികെ നല്‍കുമെന്ന് നടി കങ്കണ
July 18, 2020 07:02:09 pm IST
മുബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജപുതിന്റെ മരണവുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച കാര്യങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ പത്മശ്രീ പുരസ്കാരം തിരികെ നല്കാന് തയ്യാറാണെന്ന് നടി കങ്കണ റണൌട്ട്. കേസില്‍ തന്നെ മുംബൈ പൊലീസ് വിളിപ്പിച്ചിരുന്നു. എന്നാല്‍ മണാലിയില്‍ ആയതിനാല്‍ മൊഴിയെടുക്കാന്‍ ആരെയെങ്കിലും അയക്കാമോ എന്ന് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പബ്ലിക് ടിവിക്ക് നല്കിയ അഭിമുഖത്തില്‍ കങ്കണ പറഞ്ഞു.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഞാന്‍ എന്തെങ്കിലും നിങ്ങളോട് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ സാധിക്കാത്ത പക്ഷം പത്മശ്രീ തിരികെ നല്‍കും, കങ്കണ പറയുന്നു. സുശാന്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിനെ രൂക്ഷമായി വിമര്‍ശിച്ച് കങ്കണ മുന്നോട്ടുവന്നിരുന്നു. മികച്ച സിനിമകള്‍ ചെയ്തിട്ടും സുശാന്തിന് അംഗീകാരം ലഭിച്ചില്ല. മരണ ശേഷം ചില മാധ്യമങ്ങളെ വിലക്കെടുത്ത് സുശാന്ത് മാനസിക രോഗിയാണെന്നും മയക്കുമരുന്നിന് അടിമയാണെന്നും പ്രചരിപ്പിക്കുകയാണെന്നും കങ്കണ ആരോപിച്ചിരുന്നു.
അഭിനയിച്ച ചില ചിത്രങ്ങളുടെ പ്രതിഫലം പോലും സുശാന്തിന് ലഭിച്ചിട്ടില്ല. സുശാന്തിന് ബോളിവുഡില്‍ ഗോഡ്ഫാദര്‍മാരില്ല. ഇപ്പോഴുള്ള ചിലരെ പോലെ പിന്‍വാതിലിലൂടെയല്ല അദ്ദേഹം സിനിമയില്‍ എത്തിയത്. അദ്ദേഹത്തിന്റെ അവസാന കാലത്തെ സമൂഹ മാധ്യമങ്ങളിലെ ചില സന്ദേശങ്ങള്‍ നോക്കൂ. താന്‍ അഭിനയിച്ച സിനിമകള്‍ കാണാന്‍ അപേക്ഷിക്കുകയാണ്. പ്രേക്ഷകര്‍ കൂടി കയ്യൊഴിഞ്ഞാല്‍ ബോളിവുഡില്‍ നിന്നും പുറത്തേക്ക് വലിച്ചെറിയപ്പെടുമെന്ന് പറയേണ്ടിവന്ന സാഹചര്യം പോലുമുണ്ടായെന്നും കങ്കണ വ്യക്തമാക്കി.