കുട്ടിക്കവിതകള്‍ (ബാലകൃഷ്ണന് മൂത്തേടത്)
December 29, 2020 07:20:05 pm IST
വെളു വെളുത്തൊരു കുഞ്ഞാട്
വേശുക്കുട്ടീടെ കുഞ്ഞാട്
വെള്ളം കുടിക്കാന്‍ പോയപ്പോള്‍
വേലിക്കെണിയില് വീണല്ലോ.
ചക്ക വരട്ടിയത് ചാക്കപ്പന്
മാങ്ങ പറിച്ചത് മാത്തപ്പന്
കപ്പ പുഴുങ്ങിയത് തങ്കപ്പന്
വെട്ടി വിഴുങ്ങിയത് കുട്ടപ്പന്
പള പള മിന്നുന്ന കുപ്പായമിട്ട്
പത്ത്രാസുകാരന് പത്രോസുചേട്ടന്‍
പാതയോരത്തൂടെ പോകുന്ന നേരം
പഴത്തൊലി ചവിട്ടി താഴെ വീണു.
ചട്ടനും പൊട്ടനും നാലു കാല്
ചേട്ടിക്കും പൊട്ടിക്കും എട്ടുകാല്
ഈച്ചക്കും പൂച്ചക്കും പത്തു കാല്
ആകെ കാലെത്ര ചൊല്ലു വെക്കം
ആനയെ കണ്ടു ആകാശം കണ്ടു
ആഴക്കടലിലെ മീനുകള്‍ കണ്ടു
അലയടിച്ചുയരുന്ന തിരമാലകള്‍ കണ്ടു
അത്ഭുതം കൂറുന്ന കാഴ്ചകള്‍ കണ്ടു.
വാനം ചിരിച്ചാലത് വെയിലായി മാറിടും
വാനം കരഞ്ഞെന്നാല്‍ മഴയായി മാറിടും
ചിരിയും കരച്ചിലും നിറുത്താതെ വന്നാലോ
ഈ മാലോകര്‍ എല്ലാം കഷ്ടത്തിലാവും.