ലിസയെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തം
January 11, 2021 07:55:43 am IST
ന്യൂയോര്‍ക്ക്: വിഷം കുത്തിവച്ചു വധശിക്ഷയ്ക്കു വിധേയയാകാനുള്ള യുഎസ് വനിത ലിസ മോണ്ട്ഗോമറിനുവേണ്ടി നിരവധി പേര് രംഗത്ത്.
2004ല്‍ ഗര്‍ഭിണിയെ ശ്വാസം മുട്ടിച്ചുകൊന്ന ശേഷം വയര്‍ കീറി എട്ടു മാസം പ്രായമായ ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്ത കുറ്റത്തിനാണു മാനസികമായി വെല്ലുവിളി നേരിടുന്ന ലിസ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടത്. ശിക്ഷ തടയാന്‍ ഇന്ത്യാനയിലെ കോടതിയില്‍ അവരുടെ അഭിഭാഷകര്‍ 7000 പേജുള്ള ദയാഹര്‍ജി നല്‍കിയിരിക്കുകയാണ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിചാരിച്ചാല്‍ ലിസയുടെ ശിക്ഷ റദ്ദാക്കാം.
കുട്ടിക്കാലത്തു വളര്‍ത്തച്ഛന്റെയും മറ്റു പുരുഷന്മാരുടെയും ക്രൂര പീഡനത്തിനിരയായിരുന്നു ലിസ. അക്രമം ചെറുക്കാന്‍ ശ്രമിച്ചതിനുള്ള ശിക്ഷയായി തലയ്ക്കു ക്ഷതമേല്‍പ്പിച്ചതിന്റെ ഫലമായി മാനസികമായി വെല്ലുവിളി നേരിടുന്ന സ്ത്രീയായി അവള് വളര്‍ന്നതു ചൂണ്ടിക്കാട്ടിയാണു മാപ്പു നല്‍കാനുള്ള ആഹ്വാനം.
യുഎസില്‍ ഇതുവരെ 5 വനിതകളാണ് വധശിക്ഷയ്ക്കു വിധേയരായിട്ടുള്ളത്. ഇതിനു മുന്‍പൊരു വനിത വധശിക്ഷയ്ക്കു വിധേയയായത് 68 വര്‍ഷം മുന്‍പാണ്– ചാരക്കുറ്റം ചുമത്തപ്പെട്ട ഏഥല്‍ റോസന്‍ബര്‍ഗ്.
യുഎസ് ചരിത്രത്തില്‍ ആദ്യമായി വധശിക്ഷയ്ക്കു വിധേയയായത് (1865) പ്രസിഡന്റ് ഏബ്രഹാം ലിങ്കന്റെ കൊലപാതകത്തില്‍ ജോണ്‍ വില്‍ക്സ് ബൂത്തിനൊപ്പം കൂട്ടുപ്രതിയായിരുന്ന മേരി സുററ്റാണ്.