കാപ്പിറ്റോള്‍ അക്രമം മനസ്സ് മടുപ്പിച്ചെന്ന് മെലാനിയ ട്രംപ്
January 12, 2021 08:06:39 am IST
വാഷിങ്ടണ്‍ ഡിസി: കാപിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമം തന്നെ നിരാശപ്പെടുത്തിയെന്നും മനസ്സ് മടുപ്പിച്ചെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍െറ ഭാര്യയും അമേരിക്കന്‍ പ്രഥമ വനിതയുമായ മെലാനിയ. അക്രമം നടന്ന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ചയാണ് മെലാനിയ ഈ വിഷയത്തില്‍ മൗനം വെടിഞ്ഞ് ട്രംപ് അനുകൂലികളുടെ കലാപത്തെ അപലപിച്ചത്.
"കഴിഞ്ഞയാഴ്ചത്തെ സംഭവം എന്നെ നിരാശപ്പെടുത്തി, എന്റെ മനസ്സ് മടുപ്പിച്ചു. നമ്മുടെ രാജ്യം സാംസ്കാരികമായി തന്നെ സുഖപ്പെടണം. അതില്‍ പാളിച്ചകള്‍ ഒന്നും വരാന്‍ പാടില്ല. കാപിറ്റോളില്‍ നടന്ന അക്രമ സംഭവങ്ങളെ അതിശക്തമായി അപലപിക്കുന്നു. അക്രമം ഒരു തരത്തിലും അംഗീകരിക്കപ്പെടരുത്' വൈറ്റ് ഹൗസ് പുറത്തിറക്കിയ മെലാനിയയുടെ പ്രസ്താവനയില്‍ പറയുന്നു. അക്രമത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നെന്നും ഈ നഷ്ടം സഹിക്കാന്‍ അവര്‍ക്ക് ശക്തി ലഭിക്കട്ടെയെന്നും 600 വാക്കുകളുള്ള പ്രസ്താവനയില്‍ മെലാനിയ പറഞ്ഞു.
തന്നെകുറിച്ച് അപവാദങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. അക്രമത്തില്‍ പ്രതിഷേധിച്ച് മെലാനിയ ട്രംപിന്‍െറ ചീഫ് സ്റ്റാഫായ സ്റ്റെഫാനി ഗ്രിഷാം നേരത്തെ രാജി വെച്ചിരുന്നു. മുന്‍ വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടറും പ്രസ് സെക്രട്ടറിയുമായിരുന്നു സ്റ്റെഫാനി.