തകര്‍ന്ന ഇന്തോനേഷ്യന്‍ വിമാനം കണ്ടെത്തിയതായി അധികൃതര്‍
January 10, 2021 08:45:27 am IST
ജകാര്‍ത്ത: ഇന്തോനേഷ്യയില്‍നിന്ന് 62 പേരുമായി പറന്നുയര്‍ന്നതിന് പിന്നാലെ അപ്രത്യക്ഷമായ യാത്രാവിമാനം കടലില്‍ തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്. ശ്രീവിജയ എയറിന്‍െറ ബോയിങ് 737500 (എസ്.ജെ182) ആഭ്യന്തര വിമാനമാണ് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ റഡാറില്‍നിന്ന് അപ്രത്യക്ഷമായത്. വിമാനാവശിഷ്ടങ്ങള്‍ മാലദ്വീപിന് സമീപം മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. വിമാനത്തിലുണ്ടായിരുന്നവരെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല.
തലസ്ഥാനമായ ജകാര്‍ത്തയിലെ സുകാര്‍ണോ ഹട്ടാ വിമാനത്താവളത്തില്‍നിന്ന് ശനിയാഴ്ച ഉച്ചക്ക് 2.30നാണ് വിമാനം ബോര്‍ണോ ദ്വീപിലെ പടിഞ്ഞാറന്‍ കലിമന്താന്‍ പ്രവിശ്യ തലസ്ഥാനമായ പോണ്ടിയാനയിലേക്ക് പറന്നത്. കനത്ത മഴയുള്ളതിനാല്‍ അര മണിക്കൂര്‍ വൈകി ടേക്ക് ഓഫ് ചെയ്ത വിമാനവുമായുള്ള ബന്ധം 2.40നാണ് നഷ്ടപ്പെട്ടതെന്ന് ഇന്തോനേഷ്യന്‍ ഗതാഗത മന്ത്രി ബുദി കര്യ സുമതി പറഞ്ഞു. അഞ്ചു കുട്ടികളും ഒരു നവജാത ശിശുവും ഉള്‍പ്പെടെ 50 യാത്രക്കാരും 12 ജീവനക്കാരുമാണുണ്ടായിരുന്നത്. 3000 മീറ്റര്‍ ഉയരത്തില്‍നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം നാലു മിനിറ്റോളം കുത്തനെ താഴേക്കു പറന്നതായാണ് ഫ്ളൈറ്റ് ട്രാക്കിങ് ഡേറ്റകള്‍ നല്കുന്ന വിവരം. 27 വര്‍ഷം പഴക്കമുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
അതേസമയം, വിമാനാവശിഷ്ടങ്ങള്‍ മാലദ്വീപിന് സമീപം മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയതായി ഇന്തോനേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവ പരിശോധിച്ചുവരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്നതിന് 30 മീറ്റര്‍ അകലെ വലിയൊരു പൊട്ടിത്തെറി ശബ്ദം കേട്ടിരുന്നു.