പ്രണയാര്‍ദ്രം... (കവിത-റോബിന് കൈതപ്പറമ്പ്)
July 17, 2020 11:37:08 am IST
ഒരു വേള നിന്നിലേക്കെത്തുവാനായ് സഖി
ഒരു പാടു കാതം ഞാന്‍ നടന്നു...
നെഞ്ചിന്റെ ഉള്ളില്‍ പതിഞ്ഞൊരാ പൂമുഖം
ഓര്ത്തെത്ര കാലം ഞാന്‍ കഴിച്ചു...
പ്രണയാര്ദ്രമായൊരാ നിനവുകളെന്നില്‍..
നിറയുന്നു പുലരിതന്‍ പൊന്‍വിളക്കായ്
ചേലൊത്തൊരാ മുടി ചുരുളിന്റെയുള്ളില്
വീണൊന്നുറങ്ങുവാനായ് കൊതിപ്പൂ...
പാലാഴി തോല്ക്കുമാ പുഞ്ചിരി വിരിയുന്ന
ചുണ്ടിലായ് എന്‍ ചുണ്ടു ചേര്ത്തീടുവാന്
കാലങ്ങളെത്രയായ് കാത്തിരിക്കുന്നു ഞാന്‍
അറിയുമോ നീ എന്റെ അന്തരംഗം...
കാണാതെ നമ്മള് കഴിഞ്ഞൊരാ കാലങ്ങള്‍
കൊഴിയുന്നൊരിലകളെ പോലെ എന്നോ...
കാലമാം യവനികക്കുള്ളില്‍ മറയുന്നു...
കരിന്തിരി കത്തും വിളക്കു പോലെ....
ഞാനെന്റെ ഓലക്കുടിലിന്റെ ഉള്ളിലായ്...
ഓരോരോ നിനവുകള്‍ ഓര്‍ത്തിരിക്കെ...
നിറയുന്നു മിഴികളിതെന്തിനെന്നറിയാതെ...
പാടുന്ന പാഴ്മുളം തണ്ടു പോലെ...ശ്രുതി
പോയൊരാ പാഴ്മുളം തണ്ടു പോലെ...