ഇരട്ടക്കൊലക്കേസില്‍ രവി പൂജാരിക്കെതിരെ പതിമൂന്നാം വര്‍ഷം കുറ്റപത്രം
June 06, 2020 07:10:14 pm IST
മംഗളൂരു: അധോലോക നായകന് രവി പൂജാരിക്കെതിരെ ഇരട്ടക്കൊലപാതക കേസില്‍ പതിമൂന്നാം വര്‍ഷം സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പൊലീസ് ബംഗളൂരു കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2007 ഫെബ്രുവരി 15ന് ബംഗളൂരു തിലക് നഗറില്‍ സമീഉല്ലയുട ഉടമസ്ഥതയിലുള്ള ശബ്നം ഡവലപ്പേര്‍സ് ഓഫീസില്‍ അതിക്രമിച്ച് കയറി രണ്ട് ജീവനക്കാരെ വെടിവെച്ചു കൊന്ന കേസിലാണിതെന്ന് പൊലീസ് ജോ. കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ അറിയിച്ചു.
റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ ക്വട്ടേഷന്‍ നടപ്പാക്കാന്‍ പൂജാരി കൊലയാളികളെ ഉപയോഗിച്ച് നടത്തിയ അക്രമം എന്നാണ് കേസ്. സംഭവ ദിവസം സ്ഥാപനത്തില്‍ എത്തിയ ക്വട്ടേഷന്‍ സംഘത്തിലെ വിജയ് പുറത്ത് നില്‍ക്കുകയും കൂട്ടുപ്രതി ആനന്ദ് അകത്ത് കയറി ജീവനക്കാരായ രവി, ശൈലജ എന്നിവരെ വെടിവെച്ച് കൊല്ലുകയും ചെയ്തു എന്നാണ് പൊലീസ് അന്ന് കുറ്റപത്രം തയ്യാറാക്കിയത്. സമീഉല്ലയെയാണ് ഉന്നമിട്ടിരുന്നതെങ്കിലും ആനന്ദിന് ആളെ അറിയാത്തതിനാല്‍ കൊല്ലപ്പെട്ടില്ല.
കേസില്‍ മംഗളൂരുവിലെ യോഗേഷ് രാമപ്പ ബങ്കര (34), കുന്താപുരത്തെ കിഷോര്‍ നാഗേശ് (37), ഹൊസൂറിലെ എസ്ത ആനന്ദ് (26), തമിഴ്നാട് സ്വദേശി കെ ഇബ്രാഹിം (35), ബംഗളൂരുവില്‍ വിവിധ ഭാഗങ്ങളില്‍ താമസക്കാരായ സി മഹേഷ് (28), ശിവകുമാര്‍ (32), സി മോഹന്‍ (24), ഉദയ കുമാര്‍ ഹെഗ്ഡെ (42), ടി സന്തോഷ് (30), എം കവിരാജ് (28), ടി വിജയകുമാര്‍ (26) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒമ്പത് എം എം പിസ്റ്റള്‍, എട്ട് എം എം കൈത്തോക്ക്, അഞ്ച് വെടിയുണ്ടകള്‍ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു.
റിയല്‍ എസ്റ്റേറ്റ്, നിര്‍മ്മാണ മേഖലകളില്‍ മുന്‍നിരയിലുള്ള ശബ്നം ഡവലപ്പേര്‍സ് ഉടമയെ കൊലപ്പെടുത്തി സ്ഥാപനം തകര്‍ക്കാന്‍ തല്പര കക്ഷികള്‍ 16 ലക്ഷം രൂപക്ക് നല്കിയ ക്വട്ടേഷന്‍ അനുസരിച്ചാണ് രവി പൂജാരി ഗുണ്ടകളെ ഇറക്കിയതെന്നും കണ്ടെത്തിയിരുന്നു. കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് കിട്ടിയ പൂജാരിയുടെ വിസിറ്റിംഗ് കാര്‍ഡാണ് പോലീസിന് തുമ്പായത്. മംഗളൂരു പൊലീസ് അധോലോക കണ്ണി യോഗേഷ് രാമപ്പയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ രവി പൂജാരി തനിക്ക് ലഭിച്ച ക്വട്ടേഷന്‍ സുരേഷ് ബാസപ്പ പൂജാരി, കവിരാജ് എന്നിവര്‍ക്ക് ഉപ കരാര്‍ നല്കി നടപ്പാക്കുകയായിരുന്നുവെന്നറിവായി.
പ്രമാദമായ മറ്റ് നിരവധി കേസുകളില്‍ പ്രതിയായ രവി പൂജാരി വലക്ക് പുറത്തുതന്നെയായിരുന്നു. വിഖ്യാത കുപ്രസിദ്ധ മാഫിയ തലവന്‍ ഛോട്ട രാജനുമായി ബന്ധം സ്ഥാപിച്ച് വ്യാജ പാസ്പോര്ട്ടില് ഇന്ത്യക്ക് പുറത്ത് കഴിഞ്ഞ പൂജാരി സെനെഗലില്‍ അറസ്റ്റിലായി ജയിലില്‍ കിടക്കേണ്ടി വന്നു. കഴിഞ്ഞ വര്‍ഷം തടവു ചാടി ദക്ഷിണ ആഫ്രിക്കയിലേക്ക് രക്ഷപ്പെടുന്നതിനിടെ പോലീസ് ഏറ്റുമുട്ടലിലൂടെ കീഴ്പ്പെടുത്തി. ഇതേത്തുടര്‍ന്ന് കര്‍ണ്ണാടക പൊലീസിന് കൈമാറിക്കിട്ടിയതോടെയാണ് പഴയ കേസുകള്‍ പൊടിതട്ടിയെടുക്കുന്നത്.