ഡാലസില്‍ കോവിഡ് വ്യാപകം, എലിമെന്ററി സ്കൂള്‍ അടച്ചു
November 12, 2020 05:18:33 pm IST
പി.പി ചെറിയാന്
ഡാലസ്: ഡാലസില്‍ പ്രതിദിന കോവിഡ് 19 കേസുകള്‍ റിക്കാര്‍ഡ് നമ്പറിലെത്തിയതോടെ തുറന്ന് പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയങ്ങള്‍ അടച്ചിടുന്നതായി ഡാലസ് ഇന്‍ഡിപെന്‍ഡന്റ് സ്കൂള്‍ ഡിസ്ട്രിക്റ്റ് ഡെപ്യുട്ടി ചീഫ് ഓഫ് സ്റ്റാഫ് ഷെറിന് ക്രിസ്ത്യന്‍ അറിയിച്ചു.
സ്കൂള്‍ സ്റ്റാഫിനും വിദ്യാര്‍ഥികള്‍ക്കും കോവിഡ് 19 പകരുന്നുവെന്ന ആശങ്കയാണ് 586 വിദ്യാര്‍ഥികളുള്ള കെയ്!ലറ്റ് എലിമെന്ററി (നോര്‍ത്ത് വെസ്റ്റ്് ഡാലസ്) അടച്ചിടുന്നതിനും, ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ മാത്രം തുടരുന്നതിനും തീരുമാനിച്ചത്. ഒരാഴ്ചക്കുള്ളില്‍ സ്കൂളിലെ അഞ്ചു പേര്‍ക്കാണ് കോവിഡ് 19 പോസിറ്റീവ് കണ്ടെത്തിയത്. നോര്‍ത്ത് ഈസ്റ്റ് ഡാലസിലെ മറ്റൊരു വിദ്യാലയമായ ഹോച്ച് കിസ് എലിമെന്ററി സ്കൂളും താല്‍ക്കാലികമായി അടച്ചു.
കോവിഡ് 19 കണ്ടെത്തിയ കുട്ടികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ വിദ്യാര്‍ഥികളെ പരിശോധിക്കുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. നവംബര്‍ 17 വരെ അടച്ചിടുന്ന കെയ്ലറ്റ് സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കും സ്റ്റാഫിനും റാപ്പിഡ് കോവിഡ് ടെസ്റ്റ് നവംബര്‍ 16ന് നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
സെപ്റ്റംബര്‍ 28 മുതല്‍ തുറന്നു പ്രവര്‍ത്തിച്ച ഡാലസ് ഐഎസ്ഡിയില്‍ ഇതുവരെ 900 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയിട്ടുള്ളത്. ടെക്സസ് ഡാലസ് കൗണ്ടിയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നതിന്റെ ഭാഗമായാണ് ഇതെന്നു കരുതുന്നതായി ക്രിസ്ത്യന്‍ പറഞ്ഞു.