ബൈക്കിലെത്തി വോട്ടു ചോദിച്ച് താരമായശാരുതി ഇനി പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്
December 27, 2020 07:49:26 pm IST
കോഴിക്കോട്: പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ കന്നി വോട്ട് തനിക്കു തന്നെ ചെയ്യുക, ആ മത്സരത്തില്‍ വിജയിച്ചു പഞ്ചായത്ത് പ്രസിഡന്റ് ആകുക തിരഞ്ഞെടുപ്പ് സമയത്തു ബൈക്കിലെത്തി വോട്ടു ചോദിച്ച് താരമായ പി.ശാരുതി വീണ്ടും തരംഗമാകുകയാണ്. സംസ്ഥാനത്തെ പ്രായം കുറഞ്ഞ (22 വയസ്സ്) പഞ്ചായത്തു പ്രസിഡന്റുമാരില്‍ ഒരാളാകാനുള്ള തയാറെടുപ്പിലാണ് ഒളവണ്ണ പഞ്ചായത്തിന്റെ നിയുക്ത പ്രസിഡന്റ് പി.ശാരുതി. ഒളവണ്ണ ഒന്നാം വാര്‍ഡില്‍ നിന്നു മിന്നും വിജയത്തോടെയാണ് പ്രസിഡന്റിന്റെ കസേരയിലേക്ക് എത്തുന്നത്. ഒളവണ്ണ ഇരിങ്ങല്ലൂര്‍ പറശ്ശേരി പി.മനോഹരന്റെയും റജീനയുടെയും മകളായ ശാരുതി മലപ്പുറം ഭവന്‍സ് ലോ കോളജ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ്.
സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ വേണ്ടി വെറുതെ ബൈക്ക് ഓടിക്കുകയായിരുന്നില്ല ശാരുതി. പൊതുപ്രവര്‍ത്തന രംഗത്തു സജീവമായ ശാരുതി അച്ഛന്റെ ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്. ഇരിങ്ങല്ലൂരിലെ റേഷന്‍ കടക്കാരനു കോവിഡ് ബാധിച്ചപ്പോള്‍ റേഷന്‍കട ഏറ്റെടുത്തു നടത്തിയത് ശാരുതിയായിരുന്നു. ചാലിക്കരയിലെ കോവിഡ് കെയര്‍ സെനററില്‍ വൊളന്റിയറായും സമൂഹ അടുക്കളയുടെ ചുമതലക്കാരിയായും രംഗത്തുണ്ടായിരുന്നു. ഡിവൈഎഫ്ഐ കോഴിക്കോട് സൗത്ത് ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം ഇരിങ്ങല്ലൂര്‍ ബ്രാഞ്ച് അംഗവുമാണ്.