ട്രംപ് വൈറ്റ് ഹൗസ് വിടുന്നതിനു മുന്‍പ് അഞ്ചാമത്തെ മുസ്ലിം രാജ്യവുമായി സന്ധി ചെയ്യുമെന്ന് ഇസ്രായേല്‍
December 25, 2020 09:24:05 pm IST
മൊയ്തീന് പുത്തന്‍ചിറ
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണം അവസാനിക്കുന്നതിനു മുന്‍പ് അഞ്ചാം മുസ്ലിം രാജ്യവുമായുള്ള ബന്ധം ഔപചാരികമാക്കുന്നതിന് ഇസ്രായേല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇസ്രയേല്‍ മന്ത്രിസഭ.
ഇസ്രയേലും യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്റൈന്‍, സുഡാന്, മൊറോക്കോ എന്നീ രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ വൈറ്റ് ഹൗസ് ഈ വര്‍ഷം മധ്യസ്ഥത വഹിച്ചിരുന്നു. ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി റബാത്ത് ചൊവ്വാഴ്ച ഒരു ഇസ്രായേല്‍യുഎസ് പ്രതിനിധി സംഘത്തിന് ആതിഥേയത്വം വഹിക്കുകയും ചെയ്തു.
ജനുവരി 20 ന് ട്രംപ് സ്ഥാനമൊഴിയുന്നതിനുമുമ്പ് അഞ്ചാമത്തെ രാജ്യവുമായി സൗഹൃദനയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്ന് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ ഇസ്രയേല്‍ പ്രാദേശിക സഹകരണ മന്ത്രി ഒഫിര്‍ അകുനിസ് പറഞ്ഞു. ആ ദിശയിലാണ് ഞങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേലിനെ അംഗീകരിക്കാന്‍ കൂടുതല്‍ രാജ്യങ്ങളെ സഹായിക്കാനോ നിലവിലുള്ള ബന്ധങ്ങളെ ഊഷ്മളമാക്കാനോ ശ്രമിക്കുകയാണെന്ന് അഡ്മിനിസ്ട്രേഷന് അധികൃതര്‍ പറഞ്ഞു. ഇസ്രയേലുമായി സാധാരണ ബന്ധത്തിലേക്ക് നീങ്ങാന്‍ രണ്ട് പ്രധാന രാജ്യങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അകുനിസ് പറഞ്ഞു.
രാജ്യങ്ങളുടെ പേര് അദ്ദേഹം വെളിപ്പെടുത്തിയില്ലെങ്കിലും ഒരു രാജ്യം ഗള്‍ഫിലാണെന്നും, അത് ഒമാന്‍ ആകാമെന്നും എന്നാല്‍ സൗദി അറേബ്യയാകില്ലെന്നും പറഞ്ഞു. മറ്റൊന്ന്, കിഴക്കാണ്. അത് ഒരു ചെറിയ രാജ്യമല്ല. എന്നാല്‍ പാക്കിസ്താനല്ലാത്ത ഒരു മുസ്ലിം രാജ്യം എന്നാണ് അകുനിസ് പറഞ്ഞത്.
ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മുസ്ലിം രാജ്യമായ ഇന്തോനേഷ്യ കഴിഞ്ഞ ആഴ്ച ഇസ്രായേലിനെ അംഗീകരിക്കില്ലെന്ന് പറഞ്ഞിരുന്നു. മലേഷ്യയും സമാനമായ നയത്തിന് സൂചന നല്കി.
ഫലസ്തീന് വിഷയത്തില്‍ മലേഷ്യയുടെ ഉറച്ച നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് ഇസ്രയേല്‍ തീരുമാനത്തില്‍ ക്വാലാലംപൂര്‍ ഇടപെടില്ലെന്നും ഉപ വിദേശകാര്യ മന്ത്രി കമറുദ്ദീന് ജാഫര്‍ രാജ്യത്തെ സെനറ്റിനെ അറിയിച്ചു.
ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാന്‍ ബംഗ്ലാദേശിന് താല്‍പ്പര്യമില്ലെന്ന് ധാക്കയില്‍ വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ പറഞ്ഞു. “ഞങ്ങളുടെ നിലപാട് അതേപടി തുടരുന്നു,” അദ്ദേഹം റോയിട്ടേഴ്സിനോട് പറഞ്ഞു.
അമേരിക്കയുടെ "ബ്രോക്കര്‍ നയതന്ത്ര" നീക്കത്തെ ഒമാന്‍ പ്രശംസിച്ചുവെങ്കിലും ഇസ്രയേല്‍ ബന്ധം കെട്ടിപ്പടുക്കുന്നതിനുള്ള സ്വന്തം സാധ്യതകളെക്കുറിച്ച് അഭിപ്രായപ്പെട്ടിട്ടില്ല.
സത്യപ്രതിജ്ഞാചടങ്ങ് സുഗമമാക്കുന്നതിന് ട്രംപിന്റെ എമര്‍ജന്‍സി ഡിക്ലറേഷന്‍
January 12, 2021 08:21:01 pm IST
പി.പി. ചെറിയാന്
വാഷിംഗ്ടണ്‍ ഡി.സി: ജനുവരി 20 ജോ ബൈഡന് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് സുഗമമായി നടത്തുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് ഹോമലാന്റ് സെക്യൂരിറ്റി ആന്‍ഡ് ഫെഡറല്‍ ഏജന്‍സി മാനേജ്മെന്റിന് പൂര്‍ണ്ണ അധികാരം നല്‍കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചു. ജനുവരി 11 മുതല്‍ 24 വരെയാണ് ഉത്തരവ് പ്രാബല്യത്തിലാകുക.
ബൈഡന് അധികാരമേല്‍ക്കുന്ന ജനുവരി 20-ന് വ്യാപകമായ പ്രകടനങ്ങളും, സംഘര്‍ഷാവസ്ഥയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിറക്കിയത്. ലോക്കല്‍ ഗവണ്മെന്റുമായി സഹകരിച്ച് ആവശ്യമായ സുരക്ഷ ഉറപ്പ് വരുത്തുമെന്നും ഉത്തരവില്‍ പറയുന്നു.
കാപ്പിറ്റോള്‍ ബില്‍ഡിംഗിലേക്ക് ഇരച്ചു കയറിയ ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമ പ്രവര്‍ത്തനങ്ങളില്‍ അഞ്ചുപേര്‍ മരിക്കാനിടയായ സാഹചര്യം ആവര്‍ത്തിക്കാതിരിക്കുന്നതിന് രാജ്യ തലസ്ഥാനത്തും, അമ്പത് സംസ്ഥാനങ്ങളിലും വിപുലമായ സുരക്ഷാ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.
കോവിഡ് 19 വ്യാപകമാകുന്നതിന്റേയും കഴിഞ്ഞ ആഴ്ച നടന്ന പ്രതിഷേധ പ്രകടനത്തിന്റേയും സാഹചര്യം ഒഴിവാക്കുന്നതിന് തലസ്ഥാന നഗരിയിലേക്ക് വരാതിരിക്കുന്നതാണ് നല്ലതെന്നും, വീടുകളില്‍ കഴിയണമെന്നും ഡിസ്ട്രിക്ട് ഓഫ് കൊളംബിയ മേയര്‍, വിര്‍ജീനിയ മേയര്‍, മേരിലാന്റ് ഗവര്‍ണര്‍ എന്നിവര്‍ സംയുക്ത പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.