ട്രംപിന്റെ റോള്‍സ് റോയസ് വില്പനയ്ക്ക്, ലേലത്തില്‍ പങ്കുകൊള്ളുമെന്ന് ബോബി ചെമ്മണ്ണൂര്‍
January 11, 2021 08:07:10 pm IST
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മുമ്പ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയസ് ഫാന്റം സ്വന്തമാക്കാന്‍ വ്യവസായി ബോബി ചെമ്മണ്ണൂര്‍ രംഗത്ത്. അമേരിക്കയുടെ 45ാം പ്രസിഡന്റായി ചുമതലയേല്‍ക്കും വരെ ട്രംപ് ഉപയോഗിച്ചിരുന്ന 2010 മോഡല്‍ ഫാന്റം സ്വന്തമാക്കാന്‍ ലേലത്തില്‍ പങ്കെടുക്കുന്ന വിവരം ബോബി ചെമ്മണ്ണൂര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
അമേരിക്കയിലെ ലേല വെബ് സൈറ്റായ മെകം ഓക്ഷന്‍സിന്റെ വെബ്സൈറ്റിലാണു ലേലത്തില്‍ വച്ചത്. പ്രസിഡന്റ് പദത്തിലെത്തും വരെ ഉപയോഗിച്ചിരുന്നതെങ്കിലും നിലവില്‍ ഈ കാറിന്റെ ഉടമസ്ഥന് ട്രംപ് അല്ല.
റോള്‍സ് റോയ്സ് ഫാന്റം ശ്രേണിയിലെ തന്നെ ആഡംബര വകഭേദമെന്നു തോന്നിക്കുന്ന, തിയറ്റര്‍ പാക്കേജും സ്റ്റാര്‍ ലൈറ്റ് ഹെഡ്ലൈനറും ഇലക്ട്രോണിക് കര്‍ട്ടനുമെല്ലാം സഹിതമെത്തുന്ന കാര്‍ ഇതുവരെ 56,700 മൈല്‍(91,249 കിലോമീറ്റര്‍) ഓടിയിട്ടിട്ടുണ്ട്. 2010ല്‍ ആകെ 537 ഫാന്റം കാറുകളാണു റോള്‍സ് റോയ്സ് നിര്‍മിച്ചിരുന്നത്
കാറിനു കരുത്തേകുന്നത് 6.75 ലീറ്റര്‍, വി 12 എന്‍ജിനാണ്; 453 ബി എച്ച് പിയോളം കരുത്താണ് ഈ എന്ജിന് സൃഷ്ടിക്കുക. പവര്‍ സ്റ്റീയറിങ്ങും പവര്‍ ഡിസ്ക് ബ്രേക്കും സഹിമെത്തുന്ന കാറിന്റെ ട്രാന്സ്മിഷന് ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയര്‍ബോക്സാണ്. മികച്ച സുരക്ഷ ഉറപ്പാക്കാന്‍ മുന്‍സീറ്റ് യാത്രികര്‍ക്കു പുറമെ സൈഡ് എയര്‍ ബാഗുകളും കര്ട്ടന് എയര്‍ബാഗുകളും കാറിലുണ്ട്.
ദശാബ്ദത്തിലേറെ പഴക്കമുള്ള ഈ ഫാന്റത്തിന് മൂന്നു മുതല്‍ നാലു ലക്ഷം ഡോളര്‍ (അഥവാ 2.20 മുതല്‍ 2.90 കോടി രൂപ വരെ) ആണു വില പ്രതീക്ഷിക്കുന്നത്.