യു.എ.ഇയില്‍ ആരാധനാലയങ്ങള്‍ തുറന്നു; കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിശ്വാസികള്‍
July 01, 2020 08:59:32 pm IST
യു.എ.ഇ: കാത്തിരിപ്പിന് ശേഷം യു.എ.ഇയില്‍ ആരാധനാലയങ്ങള്‍ തുറന്നു. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിശ്വാസികളെത്തിയത്. 107 ദിവസത്തിന് ശേഷമാണ് പള്ളികള്‍ അടക്കമുള്ള ആരാധനാലയങ്ങളിലേക്ക് വിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്കെത്തിയത്. മാര്‍ച്ച് 16ന് ആണ് യു.എ.ഇയില്‍ ആരാധനാലയങ്ങള്‍ അടച്ചിട്ടത്.
കൊറോണ ജാഗ്രതയുടെ ഭാഗമായി 30 ശതമാനം പേര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. സാമൂഹിക അകലം പാലിച്ചും മാസ്ക്ക് നിര്‍ബന്ധമാക്കിയുമാണ് നിസ്കാരം ഉള്‍പ്പെടെയുള്ള പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നത്. വിശ്വാസികളുടെ ശരീരോഷ്മാവും അളക്കുന്നുണ്ട്. ഏകദേശം 770 പള്ളികളാണ് യു.എ.ഇയില്‍ വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിച്ചത്.
ദിവസേനയുള്ള പ്രാര്‍ത്ഥനയ്ക്കായി പള്ളികള്‍ വീണ്ടും തുറന്നെങ്കിലും വെള്ളിയാഴ്ചകളിലെ പ്രാര്‍ത്ഥന ഇതുവരെ അനുവദിച്ചിട്ടില്ല. പ്രാര്‍ത്ഥനയ്ക്കായി പള്ളിയില്‍ ചേരുന്നതിന് മുമ്പ് ആരാധകര്‍ വീട്ടില്‍ വുദു നടത്തണം. നിസ്ക്കാര പായയും കൊണ്ടുവരണം.
പള്ളികളില്‍ എത്തി പ്രാര്‍ത്ഥന നടത്താനായതിന്റെ സന്തോഷത്തിലായിരുന്നു വിശ്വാസികള്‍. കഴിഞ്ഞ മൂന്നു മാസമായി പള്ളികളില്‍ നിന്നുയര്‍ന്ന വാങ്ക് വിളിയില്‍ വീട്ടിലിരുന്ന് പ്രാര്‍ത്ഥിക്കാനായിരുന്നു ആഹ്വാനം ചെയ്തിരുന്നത്. പ്രായമായവര്‍ക്കും, കുട്ടികള്‍ക്കും, ഗുരുതര രോഗമുള്ളവര്‍ക്കും സുരക്ഷ മുന്‍നിര്‍ത്തി ആരാധനാലയങ്ങളില്‍ പ്രവേശനമില്ല.