18-മത് എൻ. കെ. ലൂക്കോസ് മെമ്മോറിയൽ  വോളീബോൾ മാമാങ്കം ആഗസ്റ്റ് 24-ന് ലോങ്ങ് ഐലൻഡിൽ; ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ; ആതിഥേയർ ഫോമാ മെട്രോ റീജിയൺ

18-മത് എൻ. കെ. ലൂക്കോസ് മെമ്മോറിയൽ  വോളീബോൾ മാമാങ്കം ആഗസ്റ്റ് 24-ന് ലോങ്ങ് ഐലൻഡിൽ; ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ; ആതിഥേയർ ഫോമാ മെട്രോ റീജിയൺ

മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: ഇരുപത്തിയഞ്ചിലധികം മലയാളീ ടീമുകളെ അണിനിരത്തി  അമേരിക്കൻ വോളീബോൾ ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിച്ചുകൊണ്ട് പതിനെട്ടാമത് എൻ.കെ. ലൂക്കോസ് മെമ്മോറിയൽ ടൂർണമെന്റ് ന്യൂയോർക്ക് ലോങ്ങ് ഐലൻഡിൽ അരങ്ങേറുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടകരായ ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ ഭാരവാഹികൾ അറിയിച്ചു. ന്യൂയോർക്കിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ സ്പോർട്സ് പ്രേമികളെയും ആവേശത്തിമിർപ്പിൽ ആക്കിക്കൊണ്ട് നടത്തപ്പെടുന്ന വോളീബോൾ മാമാങ്കം ഓഗസ്റ്റ് മാസം 24 ഞായറാഴ്ച രാവിലെ 8 മണി മുതൽ ബെത്‌പേജിലുള്ള സ്പോർടൈം ഇൻഡോർ സ്റ്റേഡയത്തിലെ (SPORTIME Bethpage Multi-Sport Indoor Stadium, 4105 Hempstead Turnpike, Bethpage, NY 11714) അഞ്ച് കോർട്ടുകളിലായി നടത്തപ്പെടുന്നതാണ്.

മുൻ വോളീബോൾ ഇതിഹാസവും പാലാ നിയോജക മണ്ഡലം  എം.എൽ.എ-യുമായ മാണി. സി. കാപ്പൻ, കടുത്തുരുത്തി നിയോജക മണ്ഡലം എം.എൽ.എ.  മോൻസ് ജോസഫ്, പ്രശസ്‌ത സിനിമാ സംവിധായകനും അഭിനേതാവുമായ ജോണി ആൻറണി എന്നിവരെക്കൂടാതെ പ്രാദേശിക രാഷ്ട്രീയ സാമൂഹിക നേതാക്കളും അതിഥികളായി ടൂർണമെന്റിൽ പങ്കെടുക്കുന്നതാണ്.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിലെ വിവിധ പ്രവിശ്യകളിൽ നിന്നുമുള്ള 25-ലധികം ടീമുകളാണ് വാശിയേറിയ മത്സരങ്ങളിൽ പങ്കെടുക്കുന്നത്.  ഓപ്പൺ വിഭാഗത്തിൽ 12 ടീമുകളും, 18 വയസ്സിൽ താഴെയുള്ളവർക്കായുള്ള അണ്ടർ 18 വിഭാഗത്തിൽ 6  ടീമുകളും,  നാൽപ്പത് വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ 8 ടീമുകളുമാണ് മത്സരത്തിൽ മാറ്റുരക്കുന്നതിനായി നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അമേരിക്കൻ മലയാളീ വോളീബോൾ ചരിത്രത്തിൽ ഇത്രയും ടീമുകളെ ഉൾപ്പെടുത്തി അമേരിക്കയിൽ വച്ച് നടത്തപ്പെടുന്ന ആദ്യ ടൂർണമെന്റാണ് ഇത്.  ഇതിനു മുമ്പ് എൻ. കെ. ലൂക്കോസ് മെമ്മോറിയൽ ടൂർണ്ണമെന്റുകളും ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടൂർണ്ണമെന്റുകളും നിരവധി നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും ടീമുകൾ പങ്കെടുക്കുന്ന മത്സരം ഇത് ആദ്യമാണ്. ഫോമാ ന്യൂയോർക്ക് മെട്രോ റീജിയനാണ് ഈ വർഷത്തെ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഫോമായുടെ പ്രവർത്തനങ്ങളിലേക്ക് ധാരാളം യുവാക്കളെ ആകർഷിക്കുന്നതിനും കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ ആദ്യമായി ഇത്തരം ഒരു സംരംഭം ഏറ്റെടുത്ത് നടത്തുന്നത്. ഈ മത്സരത്തെ സ്പോൺസർ ചെയ്യുന്നതിനായി ധാരാളം കായികപ്രേമികളും ബിസ്സിനെസ്സ് സ്ഥാപനങ്ങളും ഇപ്പോഴും മത്സരിച്ച് മുൻപോട്ട് വന്നുകൊണ്ടിരിക്കുന്നു എന്നത് സംഘാടകരെ സംബന്ധിച്ച് വളരെയധികം ആവേശം പകരുന്നതാണ്.

ഈ വർഷത്തെ വോളീബോൾ മത്സരത്തിൻറെ നല്ല സ്‌മരണകൾ നിലനിർത്തുന്നതിനായി ഒരു സുവനീറും പ്രസിദ്ധീകരിക്കുന്നതിന് സംഘാടകർ തയ്യാറെടുക്കുന്നു. ന്യൂയോർക്ക് മെട്രോ റീജിയൻറെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു സുവനീർ പ്രസിദ്ധീകരിക്കുന്നത്. ഈ സുവനീർ വഴി എല്ലാ സ്പോൺസർമാരെയും  ബിസ്സിനസ്സ് സ്ഥാപനങ്ങളേയും പ്രൊമോട്ട് ചെയ്യുന്നതിനും ഉപകരിക്കുന്നതാണ്. സുവനീറിൻറെ കവർ പേജ് ഡിസൈൻ ചെയ്യുന്നതിന്  ഫോമായുടെ അമേരിക്കയിലും കാനഡയിലുമുള്ള  എല്ലാ അംഗസംഘടനകളിലെയും അംഗങ്ങൾക്ക് അവസരം നൽകിക്കൊണ്ട് “സുവനീർ കവർ ഡിസൈൻ” മത്സരവും നടത്തപ്പെടുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും നല്ല കവർ ഡിസൈനിന് $250  (ഇരുന്നൂറ്റി അൻപത് ഡോളർ) സമ്മാനവും  സംഘാടകർ  നൽകുന്നതാണ്.

രാവിലെ 8 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ അഞ്ച് കോർട്ടുകളിലായി ഒരേ സമയം നടത്തുന്നതാണ്. മൂന്ന് കോർട്ടുകളിൽ ഓപ്പൺ വിഭാഗവും, ഒരു കോർട്ടിൽ അണ്ടർ 18 വിഭാഗവും, മറ്റൊരു കോർട്ടിൽ ഓവർ 40 വിഭാഗവും മത്സരങ്ങളാണ് ഒരേസമയം നടക്കുക. വൈകിട്ട് 6 മണിക്ക് മുമ്പായി മത്സരങ്ങളെല്ലാം പൂർത്തീകരിച്ചതിന് ശേഷം, സമ്മാനദാനവും പൊതു സമ്മേളനവും എൽമോണ്ടിലുള്ള സെൻറ് വിൻസെൻറ് ഡീപോൾ സീറോ മലങ്കര കാത്തലിക്ക് കത്തീഡ്രൽ ആഡിറ്റോറിയത്തിൽ (St. Vincent DePaul Syro-Malankara Catholic Cathedral Auditorium, 1500 DePaul Street, Elmont, NY 11003) 6:30-ന്  ശേഷം ബാങ്ക്വറ്റ് ഡിന്നർ പരിപാടിയായി നടത്തുന്നതിനാണ് ക്രമീകരിക്കുന്നത്.

വാശിയേറിയ ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകൾ:  കാലിഫോർണിയ ബ്ലാസ്‌റ്റേഴ്‌സ്, ചിക്കാഗോ കൈരളി ലയൺസ്‌, ചിക്കാഗോ കൈരളി ലയൺസ്‌-2, കാനഡ വാരിയേഴ്‌സ്, ഡാളസ് സ്‌ട്രൈക്കേഴ്‌സ്, ഫ്ലോറിഡ ഹോളിവുഡ് ചലഞ്ചേഴ്‌സ്, ഹ്യൂസ്റ്റൺ ചലഞ്ചേഴ്‌സ്, ന്യൂയോർക്ക് കേരളാ സ്‌പൈക്കേഴ്‌സ്, നയാഗ്ര പാന്തേഴ്‌സ്, ഫിലീ സ്റ്റാർസ്, റോക്‌ലാൻഡ് സോൾഡിയേർസ്,  വിർജീനിയാ വാരിയേഴ്‌സ്, വാഷിംഗ്‌ടൺ കിങ്‌സ് എന്നീ ഓപ്പൺ വിഭാഗത്തിലെ ടീമുകളും അവരുടെ അണ്ടർ-18, ഓവർ-40 ടീമുകളുമായി ഇരുപത്തിയഞ്ചിലധികം ടീമുകളും ഉൾപ്പെടും.

ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ വൈസ് പ്രസിഡൻറ് മാത്യു ജോഷ്വ, റീജിയണൽ ചെയർമാൻ ഫിലിപ്പോസ് കെ ജോസഫ്, റീജിയണൽ സെക്രട്ടറി ബോബി, റീജിയണൽ ട്രഷറാറും വോളീബോൾ ടൂർണമെന്റ്  കമ്മറ്റി കൺവീനറുമായ ബിഞ്ചു ജോൺ, ഫോമാ നാഷണൽ ജോയിന്റ് സെക്രട്ടറി പോൾ പി ജോസ്, നാഷണൽ കമ്മറ്റി അംഗങ്ങളായ ഡോ. ജേക്കബ് തോമസ്, എബ്രഹാം ഫിലിപ്പ്, ജോസ് വർഗ്ഗീസ്, ജൂലി ബിനോയ്, നാഷണൽ ബൈലോ കമ്മറ്റി അംഗവും സുവനീർ കമ്മറ്റി കോർഡിനേറ്ററുമായ സജി എബ്രഹാം, റീജിയണൽ പി.ആർ.ഓ-യും സുവനീർ കമ്മറ്റി കൺവീനറുമായ മാത്യുക്കുട്ടി ഈശോ,  നാഷണൽ ക്രെഡൻഷ്യൽ കമ്മറ്റി ചെയർമാൻ വിജി എബ്രഹാം, വോളീബോൾ ടൂർണമെൻറ് കമ്മറ്റി കോർഡിനേറ്റർ അലക്സ് സിബി, ടൂർണമെന്റ് കമ്മറ്റി അംഗങ്ങളായ  റീനോജ്‌ കോരുത്, തോമസ് പ്രകാശ്, ഷാജി വർഗ്ഗീസ്, തോമസ് കോലടി, തോമസ് ഉമ്മൻ, സുവനീർ കമ്മറ്റി അംഗങ്ങളായ തോമസ് പൈക്കാട്ട്, ജെസ്വിൻ ശാമുവേൽ, ലാലി കളപ്പുരക്കൽ, ഷേർളി പ്രകാശ്, ബിബിൻ മാത്യു എന്നിവരെ കൂടാതെ  നിരവധി റീജിയണൽ  കമ്മറ്റി അംഗങ്ങളും ടൂർണമെന്റിന്റെ വിജയത്തിനായി അക്ഷീണം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. അതോടൊപ്പം നൂറുകണക്കിന് വോളീബോൾ സ്പോർട്സ് പ്രേമികൾ പ്രസ്തുത വോളീബോൾ മാമാങ്കത്തെ വരവേൽക്കുവാൻ ആവേശത്തോടെ കാത്തിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്  ബന്ധപ്പെടുക:  (1)  Mathew Joshua, RVP – (516) 761-2406  (2) Mathew K Joshua (Bobby), Regional Secretary – (646) 261-6314   (3) Binchu John, Tournament Convener – (646) 584-6859  (4) Alex Sibi, Tournament Coordinator -(347) 285-5732  (5)  Mathewkutty Easow, Souvenir Convener – (516) 455-8596  (6)  Saji Abraham, Souvenir Coordinator – (917) 617-3959.

The 18th N. K. Lukose Memorial Volleyball Tournament will be held on August 24 in Long Island.

Share Email
LATEST
Top