ചെങ്ങന്നൂര്‍: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെനിര്ണ്ണായക സാക്ഷിയും സംവിദായകനുമായ പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 5.40-നായിരുന്നു അന്ത്യം. വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയായിരുന്നു അദ്ദേഹത്തിന്റെ മരണം. കോഡ ബോയ്, ബിഗ് പിക്ചര്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ബാലചന്ദ്രകുമാര്‍. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തില്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ വലിയ പ്രാധാന്യമര്‍ഹിച്ചിരുന്നു.
ബാലചന്ദ്രകുമാര്‍ കുറേകാലമായി വൃക്ക സംബന്ധമായ രോഗം മൂലം ചികിത്സയിലായിരുന്നു. തുടര്‍ച്ചയായി വരുന്ന ഹൃദയാഘാതങ്ങളും അദ്ദേഹത്തെ ബാധിച്ചു. ബാലചന്ദ്രകുമാര്‍ തന്റെ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയിലും നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കായും തുടര്‍ച്ചയായി കോടതിയില്‍ ഹാജരായിരുന്നു.
2017-ലെ തുടക്കത്തില്‍ പ്രമുഖ യുവ നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘം അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ വേണ്ടി ദിലീപ് പദ്ധതിയിടുകയാണെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നെന്നും ബാലചന്ദ്രന് പറഞ്ഞിരുന്നു.
2014 മുതല്‍ നടന് ദിലീപുമായി സൗഹൃദത്തിലായിരുന്നു സംവിധായകന് ബാലചന്ദ്ര കുമാര്‍. ബാലചന്ദ്ര കുമാര്‍ തന്റെ സിനിമയുടെ പുതിയ കഥ പറയുകയും ദിലീപ് അത് പ്രൊഡ്യൂസ് ചെയ്യാമെന്ന് പറഞ്ഞത് മുതലാണ് ഇരുവരുടെയും സൗഹൃദം ആരംഭിച്ചത്. 20216 ല്‍ ദിലീപിന്റെ വീട്ടില്‍ നിന്ന് തന്നെ പള്‍സര്‍ സുനിയെ കണ്ടു എന്നും, ദിലീപ് തന്റെ സഹോദരനോട് പള്‍സര്‍ സുനിയെ കാറില്‍ കയറ്റി ബസ് സ്റ്റോപ്പില്‍ ഇറക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു എന്ന് ബാലചന്ദ്ര കുമാര്‍ മറ്റ് മാധ്യമങ്ങള്‍ക്ക് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ദിലീപിന്റെ സഹോദരന് അനൂപ് പള്‍സര്‍ സുനിയെ ബാലചന്ദ്ര കുമാറിനെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് 2021ല്‍ ദിലീപും, ബാലചന്ദ്ര കുമാറും തമ്മില്‍ വ്യക്തിപരമായ പ്രശ്നങ്ങള്‍ ഉണ്ടാവുകയും ഇതോടെ ഇരുവരുടെ സൗഹൃദം ഇല്ലാതാവുകയും ചെയ്തു. ശേഷം ബാലചന്ദ്ര കുമാര്‍ നടിയെ ആക്രമിച്ച കേസിലെ സുപ്രധാന വെളിപ്പെടത്തലുകളുമായി രംഗത്തെത്തിയതോട് കൂടിയാണ് ഇദ്ദേഹത്തെ ആളുകള്‍ ശ്രദ്ധിച്ച് തുടങ്ങിയത്.
നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെതിരെ ആദ്യം ബലാത്സംഗക്കുറ്റമാണ് ചുമത്തിയത്. എന്നാല്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ വന്നതോടെ വധ ഗൂഢാലോചന തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കൂടുതല്‍ ഗുരുതരമായ കുറ്റങ്ങളും കേസില്‍ ഉള്‍പ്പെടുത്തി. ഈ വെളിപ്പെടുത്തലുകള്‍ കേസ് മറ്റൊരു ദിശയിലേക്ക് നയിക്കുകയും ചെയ്തിരുന്നു.
ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട പ്രധാന ആരോപണങ്ങളില്‍ ഒന്നാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് തന്റെ വീട്ടില്‍ കണ്ടത്. ഇത് മാത്രമല്ല അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനകളും നടന്നതായി ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം അന്വേഷണ സംഘത്തിന് കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനും ശക്തമായ നിലപാട് സ്വീകരിക്കാനും സഹായകമായി.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ ഇന്ത്യന്‍ സിനിമാ ലോകത്ത് വലിയ ചലനമുണ്ടാക്കി. കേസില്‍ ദിലീപും മറ്റ് പ്രതികളും നേരിടുന്ന നിയമ നടപടികള്‍ക്കും ഈ വെളിപ്പെടുത്തലുകള്‍ നിര്‍ണായകമായി. ബാലചന്ദ്രകുമാറിന്റെ ഭാഗത്ത് നിന്ന് വരുത്തിയ മൊഴികള്‍ അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സുപ്രധാനമായി.
അതേസമയം ബാലചന്ദ്രകുമാറിന്റെ നിര്യാണം കേസിന്റെ മുന്നോട്ടുള്ള പ്രക്രിയയിലും അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരുടെ ഇടപെടലുകളിലും എന്തു മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നതില്‍ ഉറ്റുനോക്കുകയാണ് മലയാളി സമൂഹം. വ്യക്തിപരമായ വെളിപ്പെടുത്തലുകള്‍ വഴിത്തിരിവ് സൃഷ്ടിച്ച ഈ കേസില്‍ നിയമനടപടികള്‍ക്ക് ഇപ്പോഴും വലിയ പ്രാധാന്യമുണ്ട്.