ഇന്ത്യൻ സിനിമയിൽ ഒട്ടനവധി ആരാധകരുള്ള നടനാണ് ചിയാൻ വിക്രം. എന്നാൽ നടന്റേതായി കഴിഞ്ഞ വർഷങ്ങളിൽ പുറത്തുവന്ന ചിത്രങ്ങൾ ഒന്നും തന്നെ ബോസ്‌ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയിട്ടില്ല.ഒരു പിടി നല്ല ചിത്രങ്ങളുമായി തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം ഇപ്പോൾ.വീര ധീര സൂരന് ശേഷം ഒരുങ്ങുന്ന വിക്രമിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു.മണ്ടേല, മാവീരൻ എന്നീ സിനിമകളിലൂടെ തമിഴ് സിനിമാപ്രേക്ഷകരെ ഞെട്ടിച്ച സംവിധായകനാണ് മഡോൺ അശ്വിൻ. സംവിധായകനുമൊത്ത് വിക്രം കൈകോർക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിയാൻ 63 എന്ന ചിത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള ചിത്രങ്ങൾ നിർമാതാക്കളായ ശാന്തി ടാക്കീസ് പുറത്തുവിട്ടു. ‘നിങ്ങളുടെ അവിശ്വസനീയമായ യാത്രയുടെ ഭാഗമാകാൻ ഞങ്ങളെ അനുവദിച്ചതിന് നന്ദി വിക്രം സർ’! എന്നാണ് ചിത്രം പ്രഖ്യാപിച്ചു കൊണ്ട് ശാന്തി ടാക്കീസ് എക്സിൽ കുറിച്ചത്.
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത വീര ധീര സൂരൻ ആണ് ഇനി പുറത്തിറങ്ങാനുള്ള വിക്രം സിനിമ.ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ചിയാനൊപ്പം എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെയും കിടിലൻ പെർഫോമൻസുകൾ ടീസർ ഉറപ്പ് നൽകുന്നുണ്ട്.രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ പാർട്ട് 2 ആണ് ഇപ്പോൾ പുറത്തിറങ്ങുന്നത്.