പി പി ചെറിയാൻ
കണക്ററിക്കട്ട് : കണക്റ്റിക്കട്ട് ജനപ്രതിനിധി സഭയിലേക്ക് ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മൂന്നാം വട്ടവും ജയിച്ച് ഗവർണറുടെ സത്യാപ്രതിജ്ഞാചടങ്ങിലും സ്വന്തം സത്യാപ്രതിജ്ഞാ ചടങ്ങിലും പങ്കെടുത്തു മടങ്ങവെ ഉണ്ടായ റോഡപകടത്തിൽ ക്വന്റിൻ വില്യംസിനു(39) ദാരുണാന്ത്യം. കണക്റ്റിക്കട്ട് മിഡിൽ ടൗണിൽ നിന്നാണ് ക്വന്റിൻ ജനപ്രതിനിധി സഭയിൽ എത്തിയത്. ഡെമോക്രാറ്റിക് നേതാക്കളാണ് ക്വന്റിന്റെ മരണവിവരം ഡിസംബർ 5ന് ഔദ്യോഗികമായി അറിയിച്ചത്. ജനറൽ അസംബ്ലി ലേബർ ആന്റ് പബ്ലിക് എംപ്ലോയ്മെന്റ് കമ്മിറ്റിയുടെ പുതിയ കോ–ചെയറായി ഇദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു.
തെറ്റായ ദിശയിൽ ഓടിച്ചുണ്ടായ അപകടത്തിൽ ഇരുവാഹനങ്ങളുടെയും ഡ്രൈവർമാർ കൊല്ലപ്പെടുകയായിരുന്നുവെന്നും, ഒരു വാഹനം ഇടിയുടെ ആഘാതത്തിൽ തീ പിടിക്കുകയും ചെയ്തതായി ഹൈവേ പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട മറ്റേ ഡ്രൈവറുടെ പേര് വിവരം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
ക്വന്റിന്റെ മരണത്തെ തുടർന്ന് വ്യാഴാഴ്ച നടക്കേണ്ട സഭാനടപടികൾ നിർത്തിവെച്ചു. സംസ്ഥാനത്തെ പതാകകൾ പകുതി താഴ്ത്തിക്കെട്ടുന്നതിനു ഗവർണർ നെഡ് ലാമോണ്ട് ഉത്തരവിട്ടു. വൈകി ലഭിച്ച റിപ്പോർട്ടിൽ കൊല്ലപ്പെട്ട ഡ്രൈവർ കണക്റ്റിക്കട്ടിൽ മാഞ്ചസ്റ്ററിൽ നിന്നുള്ള കിംഡെ മുസ്തഫാജാണെന്നു പൊലീസ് വെളിപ്പെടുത്തി. അപകടത്തിനു കാരണം മദ്യമാണോ എന്ന് അന്വേഷിച്ചു വരുന്നതായും പൊലീസ് അറിയിച്ചു.