Friday, March 29, 2024

HomeAmericaഅമേരിക്കന്‍ മലയാളി ഗീത ജോര്‍ജിന് പ്രവാസി ഭാരതി കേരള അവാര്‍ഡ് സമ്മാനിച്ചു

അമേരിക്കന്‍ മലയാളി ഗീത ജോര്‍ജിന് പ്രവാസി ഭാരതി കേരള അവാര്‍ഡ് സമ്മാനിച്ചു

spot_img
spot_img

സുനു എബ്രഹാം

തിരുവനന്തപുരം: അമേരിക്കന്‍ മലയാളിയും പ്രമുഖ സംഘാടകയും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകയും ഐ.ടി പ്രൊഫഷണലുമായ ഗീത ജോര്‍ജിന് 21-ാമത് ‘പ്രവാസി ഭാരതി കേരള വുമണ്‍ ഓഫ് എക്‌സലന്‍സ് അവാര്‍ഡ്-2022’ സമ്മാനിച്ചു. ജനുവരി 11-ാം തീയതി തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടന്ന സമ്മേളനത്തില്‍ യു.എ.ഇ കോണ്‍സല്‍ ജനറല്‍ കേരള, ഒബൈദ് ഖലീഫ ബക്കീത്ത് അബ്ദുള്ള അല്‍ഖാബി ആണ് പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ പുരസ്‌കാരം നല്‍കിയത്.

പ്രവാസി ഭാരതീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മേളനം എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, ഫൊക്കാന ജനറന്‍ സെക്രട്ടറി ഡോ. കലാ സാഹി, റീജിയണല്‍ വൈസ് പ്രസിഡന്റ് ഡോ. ജേക്കബ് ഈപ്പന്‍, സംഘടനയുടെ മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പള്ളി, ചിക്കാഗോയിന്‍ നിന്നുള്ള ജോര്‍ജ് പണിക്കര്‍, ഏഷ്യാനെറ്റ് ന്യൂസിന്റെ അനില്‍ അടൂര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ പ്രവാസിബന്ധു ഡോ. എസ് അഹമ്മദ് സ്വാഗതം ആശംസിച്ചു.

സാമൂഹിക സേവനം ജീവിതവ്രതമാക്കിയ ഗീത ജോര്‍ജ് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ (മങ്ക) പ്രസിഡന്റ്, ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റ് ഫൊക്കാന കണ്‍വന്‍ഷന്റെ കോ-ചെയര്‍പേഴ്‌സണ്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഗീത ജോര്‍ജ് ചാരിറ്റി മുഖമുദ്രയാക്കി 1995ല്‍ രൂപീകരിക്കപ്പെട്ട വനിതകളുടെ ഇന്ത്യന്‍ അമേരിക്കന്‍ അസോസിയേഷനായ ‘വനിത’യുടെ ചെയര്‍ പേഴ്‌സമാണ്. വനിതാ ശാക്തീകരണത്തിനു പുറമേ പാവപ്പെട്ട കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനും വേണ്ടി വനിത നിലകൊള്ളുന്നു.

ഇന്ത്യയിലെ കോവിഡ് വ്യാപനം, കേരളത്തിലെ പ്രളയം, ഗുജറാത്തിലെയും കാലിഫോര്‍ണിയയിലെയും ഭൂമികുലുക്കം, കാലിഫോര്‍ണിയയിലെ കാട്ടുതീ തുടങ്ങിയ ദുരിതകാലത്ത് വനിത സാമ്പത്തിക സഹായം നല്‍കുകയും ഗീത ജോര്‍ജും ടീമും ദുരിത ബാധിത പ്രദേശങ്ങളില്‍ നേരിട്ടെത്തി അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം ലഭിച്ചുവെന്ന് ഉറപ്പാക്കുകയും ചെയ്തു. കൂടാതെ കര്‍മഭൂമിയില്‍ മലയാള ഭാഷയുടെ ഉന്നമനത്തിനായും പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കുന്നു.

കാലിഫോര്‍ണിയയിലെ വാം സ്പ്രിങ്ങ്‌സ് റോട്ടറി ക്ലബിന്റെ പ്രസിഡന്റായി 2015ല്‍ സേവനമനുഷ്ഠിച്ച ഗീത ജോര്‍ജ് നിരവധി വര്‍ഷം ക്ലബിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു. അര്‍പ്പണ ബോധത്തോടെയുള്ള സാമൂഹിക സേവനത്തിന് ഗീത ജോര്‍ജ് പോള്‍ ഹാരിസ് ഫെലോ അംഗീകാരത്തിന് അര്‍ഹയായിട്ടുണ്ട്. ഇപ്പോള്‍ മങ്കയുടെ ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍ പേഴ്‌സണാണ്. നിലവില്‍ ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് മെമ്പറാണ്. ഫൊക്കാനയുടെ ചാരിറ്റി പ്രോജക്ടുകളുടെയും നെടും തൂണാണ് ഗീത ജോര്‍ജ്.

തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ഗീത ജോര്‍ജ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് തിരുവനന്തപുരം അലുമ്‌നി കാലിഫോര്‍ണിയ ചാപ്റ്റര്‍ സ്ഥാപക പ്രസിഡന്റാണ്. 300 കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന ഈ ഗ്രൂപ്പ് നിര്‍ധന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു.

സിലിക്കണ്‍വാലിയിലെ ജൂപ്പിറ്റര്‍ നെറ്റ് വര്‍ക്ക്‌സ് സ്‌പെഷ്യലൈസ്ഡ് ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറായി പ്രവര്‍ത്തിക്കുന്ന ഗീത ജോര്‍ജ് തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജില്‍ നിന്ന് ഇലക്‌ട്രോണിക്‌സ് ആന്റ് ടെലികമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയിട്ടുണ്ട്. 1994ല്‍ കാലിഫോര്‍ണിയയിലെത്തും മുമ്പ് പി.എസ്.ഐ ബാംഗ്ലൂരിലെ ഡെപ്യൂട്ടി ജനറല്‍ മാനേജരായിരുന്നു.

ഇലക്‌ട്രോണിക്‌സിലും കമ്പ്യൂട്ടര്‍ ഡെവലെപ്പ്‌മെന്റ് മേഖലയിലും നിരവധി യു.എസ് പേറ്റന്റുകള്‍ ഗീത ജോര്‍ജ് കരസ്ഥമാക്കിയിട്ടുണ്ട്. സാമൂഹിക സേവനത്തിനുള്ള പുരസ്‌കാരങ്ങള്‍ക്ക് പുറമെ നിരവധി പ്രൊഫഷണല്‍ അവാര്‍ഡുകളും ഗീത ജോര്‍ജിന്റെ പേരില്‍ എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്.

മാവേലിക്കരയിലെ ഇലഞ്ഞിമൂട്ടില്‍ വീട്ടില്‍, ഫെര്‍ട്ടിലൈസേഴ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എഞ്ചിനീയറായിരുന്ന മലയില്‍ ഈപ്പന്‍ ജോര്‍ജിന്റെയും ഗ്ലോറി ജോര്‍ജിന്റെയും മകളാണ് ഗീത ജോര്‍ജ്. തന്റെ സഹപാഠിയും എഞ്ചിനീയറിങ്ങില്‍ കേരള യൂണിവേഴ്‌സിറ്റി ഒന്നാം റാങ്കുകാരനുമായ ചേര്‍ത്തല മേച്ചേരില്‍ വീട്ടില്‍ പരേതനായ എം.എന്‍ ഗോപാലകൃഷ്ണന്‍ നായരുടെ ഭാര്യയുമാണ്. മക്കളായ അരവിന്ദ്, അശ്വിന്‍ എന്നിവര്‍ എഞ്ചിനീയര്‍മാരായി ജോലി നോക്കുന്നു. കാലിഫോര്‍ണിയയിലെ ഫ്രീമോണ്ടില്‍ താമസിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments