വാഷിങ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യാൻ തയ്യാറെടുക്കുകയാണ്. സമീപകാല ചരിത്രത്തിലെ ഏറ്റവും തണുപ്പുള്ള സത്യപ്രതിജ്ഞാ ചടങ്ങുകളിൽ ഒന്നായിരിക്കും ട്രംപിന്റേതെന്നാണ് കാലാവസ്ഥ അറിയിപ്പ്. ചടങ്ങിന്റെ തലേദിവസമായ ജനുവരി 19ന് ഞായറാഴ്ച രാത്രി വാഷിങ്ടൺ ഡിസിയിലൂടെ അതിശക്തമായ കാറ്റ് വീശുമെന്നും താപനില ഗണ്യമായി കുറയ്ക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ഉദ്ഘാടന ദിവസം അർദ്ധരാത്രിയിൽ, താപനില ഏകദേശം 25°F (-4 ഡിഗ്രി) ആയിരിക്കുമെങ്കിലും ഉച്ചയ്ക്ക് സത്യപ്രതിജ്ഞ നടക്കുമ്പോൾ താപനില -7 ഡിഗ്രിയിലേക്ക് താഴുമെന്നും മുന്നറിയിപ്പുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിനിടെയുള്ള കാറ്റിന്റെ തണുപ്പ് 5°F നും 10°F നും ഇടയിലായിരിക്കുമെന്ന് വിദഗ്ദ്ധർ പ്രവചിക്കുന്നു,
ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കാനിരിക്കുന്ന സത്യപ്രതിജ്ഞ ചടങ്ങ്, വാഷിംഗ്ടണിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ക്യാപിറ്റലാണ് നടക്കുന്നത്. ഇത്രത്തോളം ആളുകൾ പങ്കെടുക്കുന്നതിനാൽ കൊടും തണുപ്പ് ചടങ്ങിനെ ബാധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനെ കുറിച്ച് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. കാലാവസ്ഥാ വെല്ലുവിളികളുണ്ടെങ്കിലും, ഉദ്ഘാടനം ആസൂത്രണം ചെയ്തതുപോലെ നടക്കുമെന്നും തണുത്തുറഞ്ഞ കാലാവസ്ഥയിൽ ചരിത്രം സൃഷ്ടിക്കപ്പെടുമെന്നും ഉദ്യോഗസ്‌ഥർ അറിയിച്ചു.
തണുത്തുറഞ്ഞ യു എസ് സത്യപ്രതിജ്ഞകൾ :
1985-ൽ റൊണാൾഡ് റീഗന്റെ രണ്ടാമത്തെ സത്യപ്രതിജ്ഞാ ചടങ്ങായിരുന്നു യുഎസ് ചരിത്രത്തിലെ തണുത്തുറഞ്ഞ സത്യപ്രതിജ്ഞ ചടങ്ങ്. റീഗന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം തണുപ്പേറിയ സത്യപ്രതിജ്ഞ ചടങ്ങ് ട്രംപിന്റേതാവുമെന്നാണ് റിപ്പോർട്ടുകൾ. 1985 ജനുവരി 20 ന് നടന്ന ചടങ്ങിൽ താപനില -7°C ആയിരുന്നു. തുടർന്ന് പരേഡ് റദ്ദാക്കുകയും ചടങ്ങ് ഹാളിനകത്തേക്ക് പരിപാടി മാറ്റുകയും ചെയ്തിരുന്നു. ഇത്രയും തണുപ്പ് അനുഭവപ്പെട്ടില്ലായിരുന്നെങ്കിൽ ഞങ്ങൾ പടികളിൽ നിൽക്കുമായിരുന്നുന്നെനും ഉദ്ഘാടന പ്രസംഗത്തിൽ റീഗൻ പറഞ്ഞിരുന്നു. 1961-ൽ ജോൺ എഫ് കെന്നഡിയുടെ സത്യപ്രതിജ്ഞ ചടങ്ങും തണുപ്പേറിയതായിരുന്നു. -7°C താപനിലയിൽ നേർത്ത മഞ്ഞുവീഴ്ചയും ഉണ്ടായിരുന്നു.
ഇതിനു വിപരീതമായി, 2017-ൽ ട്രംപിന്റെ ആദ്യ സത്യപ്രതിജ്ഞയ്ക്ക് താരതമ്യേന കുറഞ്ഞ താപനിലയായിരുന്നു, 8°C ഡിഗ്രി, അതേസമയം ജോ ബൈഡന്റെ 2021-ൽ സത്യപ്രതിജ്ഞയ്ക്ക് 5°C ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. അതേസമയം, 1981 ജനുവരിയിൽ പ്രസിഡന്റ് റീഗന്റെ ആദ്യ സത്യപ്രതിജ്ഞാ ചടങ്ങായിരുന്നു ഏറ്റവും ചൂടേറിയ സത്യപ്രതിജ്ഞ ചടങ്ങ്. 55 ഡിഗ്രിയായിരുന്നു ഉയർന്ന താപനില.