തിരുവനന്തപുരം: പ്രവാസികള്‍ക്ക് അനുകൂലമായ പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ബജറ്റിലുണ്ടായില്ലെന്ന് ഒഐസിസി – ഇന്‍കാസ് ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണ് പലതും. അപ്പോഴും പ്രവാസികളെ അവഗണിച്ച നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. ക്ഷേമ, പുനരധിവാസ പാക്കേജുകള്‍ ഒന്നും തന്നെയുണ്ടാകാതെ പോയി. നിലവിലെ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് ആവശ്യം ഇത്തരം അടിസ്ഥാന സഹായങ്ങളാണ്. പ്രവാസികാര്യ വകുപ്പ് പുനസ്ഥാപിക്കല്‍ എന്ന ആവശ്യത്തെ സര്‍ക്കാര്‍ ഇത്തവണയും പരിഗണിച്ചില്ല. ഇത് സംബന്ധിച്ച പ്രവാസികളുടെ ആകുലതകള്‍ പലപ്പോഴായി അറിയിച്ചതാണ്.
കോവിഡാനന്തരമുള്ള അതിജീവനത്തിന്റെ പാതയിലാണ് ഇപ്പോഴും പല പ്രവാസികളും. പലര്‍ക്കും നാട്ടില്‍ കൃത്യമായ തൊഴില്‍ ഉറപ്പു വരുത്താന്‍ കഴിഞ്ഞിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഇവര്‍ക്കായി പ്രത്യേക പാക്കേജുകള്‍ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. എല്ലാ മേഖലയിലും കരുതല്‍ ഒരുക്കി എന്നവകാശപ്പെടുന്ന സര്‍ക്കാര്‍ പ്രവാസികളെ കണ്ടില്ലെന്ന് നടിക്കുന്നത് തുടരുകയാണ്. 50 വിമാനത്താവളങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത് കോര്‍പ്പറേറ്റുകളെ സംതൃപ്തപ്പെടുത്തുന്നതിനും അതുവഴി സര്‍ക്കാര്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടി മാത്രമാണ്.
രാജ്യത്തെ നൂറുവര്‍ഷം മുന്നില്‍ കാണുന്ന ബജറ്റെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം പരിഹാസത്തോടെ മാത്രമേ കാണാന്‍ കഴിയുകയുള്ളു. പ്രവാസികളും ഈ രാജ്യത്തിന്റെ ഭാഗമാണെന്ന് മറന്നു കഴിഞ്ഞു. മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി ചികിത്സാ സഹായം അടക്കമുള്ള പദ്ധതികള്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബജറ്റില്‍ എല്ലാം പ്രഖ്യാപിക്കുമെന്ന് ഉറപ്പു തന്നിരുന്നതുമാണ്. സ്വദേശിവല്‍ക്കരണത്തെ തുടര്‍ന്ന് നിരവധി പ്രവാസികളാണ് നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് മടങ്ങുന്നത്. കൂടുതല്‍ രാജ്യങ്ങള്‍ ഈ നയം വരും വര്‍ഷങ്ങളില്‍ സ്വീകരിക്കുമെന്നും അറിയുന്നു. ഇത് മുന്നില്‍ കണ്ടുകൊണ്ട്, ഇവരുടെ സംരക്ഷണത്തിന് ഫലപ്രദമായ യാതൊരു പദ്ധതിയും ബജറ്റില്‍ അവതരിപ്പിച്ചിട്ടില്ല.
യാത്രക്കൂലി സംബന്ധിച്ച പ്രശ്നങ്ങള്‍ പ്രവാസികള്‍ ഏറെ നാളായി കേന്ദ്രസര്‍ക്കാരിന് മുന്നില്‍അവതരിപ്പിക്കുന്ന വിഷയമാണ്. ഇതിന് ആവശ്യമായ നടപടികളും ബജറ്റിലില്ല. ഇന്ത്യയുടെ മൂലധന നിക്ഷേപത്തില്‍ വലിയ പങ്ക് വഹിക്കുന്ന പ്രവാസികളുടെ പണം മാത്രംമതി എന്ന നിലപാട് അവസാനിപ്പിക്കണം. മോദി സര്‍ക്കാരിന്റെ ഇക്കാലയളവിലെ ബജറ്റ് പ്രഖ്യാപനങ്ങളില്‍ പലതും പാഴ്‌വാക്കു മാത്രമാണ്. പ്രവാസികള്‍ക്കായി അവതരിപ്പിച്ച പദ്ധതികളില്‍ പകുതിയിലേറെ നടപ്പാക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പ്രവാസികളെയും സാധാരണക്കാരെയും അവഗണിച്ച ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്നും ഇതിനിനെതിരെ ഒഐസിസി- ഇന്‍കാസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സദസ്സുകളും സംഘടിപ്പിക്കുമെന്നും കുമ്പളത്ത് ശങ്കരപിള്ള അറിയിച്ചു.
