ഫ്ലോറിഡ: കോണ്‍ടാക്റ്റ് ലെന്‍സ് വച്ച് ഉറങ്ങിയ യുവാവിന് കാഴ്ച നഷ്ടമായി. ഫ്ലോറിഡയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മൈക് ക്രംഹോള്‍സ് എന്ന 21 കാരനാണ് ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായത്.
കോണ്‍ടാക്റ്റ് ലെന്‍സ് വച്ച് ഉറങ്ങിയ സമയത്ത് മാംസം ഭക്ഷിക്കുന്ന അപൂര്‍വയിനം പരാന്നഭോജി (പാരസൈറ്റ്) മൂലമാണ് കാഴ്ച നഷ്ടമായതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനായാല്‍ യുവാവിന് 50 ശതമാനം കാഴ്ചശക്തി തിരികെ ലഭിച്ചേക്കാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ പറഞ്ഞു.
കണ്ണിന് സ്ഥിരം ലെന്‍സ് ഉപയോഗിക്കുന്ന യുവാവിന് കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ കണ്ണില്‍ അണുബാധയുണ്ടായിട്ടില്ല. എന്നാല്‍ ഇത്തവണ സംഭവം ഗുരുതരമാവുകയായിരുന്നു. പൂര്‍ണമായും കാഴ്ച നഷ്ടപ്പെടുന്ന ‘അകന്തമെബ കെരറ്റിറ്റിസ്’ യുവാവിനെ ബാധിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തി.
”ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ കണ്ണുകള്‍ ചുവന്നിരിക്കുന്നു. അലര്‍ജി അനുഭവപ്പെട്ടതായി തോന്നിയപ്പോള്‍ ഡോക്ടറെ കാണിച്ചു. അഞ്ച് നേത്രരോഗ വിദഗ്ധരെയും രണ്ട് കോര്‍ണിയ സ്പെഷലിസ്റ്റിനെയും കണ്ടു. പിന്നീടാണ് അകന്തമെബ കെരറ്റിറ്റിസ് രോഗം സ്ഥിരീകരിച്ചത്…” മൈക് പറഞ്ഞു.