സൈമണ്‍ വളാച്ചേരില്‍ (ചീഫ് എഡിറ്റര്), രാജേഷ് വര്‍ഗീസ് (ചെയര്‍മാന്‍)
എയര്‍ ഇന്ത്യ-ബോയിങ് ഇടപാട് അമേരിക്കയില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയിലുള്ളത് വെറും വാക്കുകളല്ല, വസ്തുനിഷ്ടമായ വിലയിരുത്തലാണത്. 220 ബോയിങ് വിമാനങ്ങള്‍ വാങ്ങാനാണ് എയര്‍ ഇന്ത്യ അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ കമ്പനിയായ ബോയിങ്ങുമായി ധാരണയായത്. ബൈഡന്‍ എയര്‍ ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിക്കുകയും ‘ചരിത്ര ഉടമ്പടി’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും രത്തന്‍ ടാറ്റയും അടക്കമുള്ളവര്‍ പങ്കെടുത്ത വിഡിയോ കോണ്‍ഫറന്‍സിലായിരുന്നു സുപ്രധാനമായ ബോയിങ്-എയര്‍ ഇന്ത്യ കരാര്‍ പ്രഖ്യാപനമുണ്ടായത്. ഇന്ത്യയ്ക്കും യു.എസിനും ഫ്രാന്‍സിനും ഈ കരാറുകള്‍ എത്രമാത്രം പ്രധാനമാണെന്ന് രാഷ്ട്രത്തലവന്‍മാരുടെ സാന്നിധ്യവും പ്രോത്സാഹനവും സാക്ഷ്യപ്പെടുത്തുന്നു.
എയര്‍ ഇന്ത്യ വിപുലീകരണത്തിന്റെ ഭാഗമായാണ് എയര്‍ബസ്, ബോയിങ് കമ്പനികളില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങാന്‍ കരാറായത്. എയര്‍ബസില്‍ നിന്ന് 250 വിമാനങ്ങളാണ് വാങ്ങുന്നത്. ഇരു കമ്പനികളില്‍ നിന്നുമായി 470 വിമാനങ്ങള്‍ വാങ്ങാനാണ് ധാരണയായിരിക്കുന്നത്. ഇന്ത്യയുടെ വ്യോമയാന ചരിത്രത്തിലെ ഒരു സ്വകാര്യ വിമാന കമ്പനിയുടെ ഏറ്റവും വലിയ കരാറാണിത്. 17 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് എയര്‍ ഇന്ത്യ വിമാന ഓര്‍ഡര്‍ നല്‍കുന്നത്.
ഇന്ത്യയിലും യു.എസിലും 10 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കരാര്‍ ആണിത്. ഈ പ്രഖ്യാപനം യു.എസ്-ഇന്ത്യ സാമ്പത്തിക പങ്കാളിത്തത്തില്‍ ശക്തിയാണ് പ്രതിഫലിപ്പിക്കുന്നതെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇന്ത്യയിലെ സിവില്‍ ഏവിയേഷന്‍ മേഖല കൂടുതല്‍ വികസിപ്പിക്കുന്നതിനാല്‍ ഉണ്ടാകുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ബോയിംഗിനെയും മറ്റ് യു.എസ് കമ്പനികളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തേക്ക് ക്ഷണിച്ചിരുന്നു.

ടാറ്റ ഗ്രൂപ്പിന് കീഴില്‍ വന്‍ നവീകരണത്തിന് എയര്‍ ഇന്ത്യ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. നഷ്ടത്തില്‍ നിന്നു നഷ്ടത്തിലേക്കു കൂപ്പുകുത്തി വീണ ഒരു വമ്പന്‍ പൊതുമേഖലാ സ്ഥാപനം സ്വകാര്യ വ്യവസായിക്കു കൈമാറിയപ്പോഴുണ്ടാവുന്ന മാറ്റങ്ങളാണിപ്പോള്‍ എയര്‍ ഇന്ത്യയില്‍ പ്രതിഫലിക്കുന്നത്.
വാസ്തവത്തില്‍ എയര്‍ ഇന്ത്യ എന്നാല്‍ ഇന്ത്യയുടെ അഭിമാനമാണ്. വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഘട്ടത്തിലും അത് അങ്ങനെ തന്നെയാണ്. ഇന്ത്യയുടെ പതാക വഹിക്കുന്ന ഇന്ത്യയുടെ ഔദ്യോഗിക വിമാന സേവന ദാതാവാണ് ഏറെ ചരിത്രപ്പഴമയുള്ള ഈ വിമാനക്കമ്പനി.
പരിമിതികളും പ്രശ്‌നങ്ങളും ഒരുപാടുണ്ടെങ്കിലും ഇന്ത്യയിലെ സാധാരണക്കാരെ സംബന്ധിച്ച് വിദേശ യാത്രകള്‍ക്ക് ഇപ്പോഴും ചുരുങ്ങിയ ചെലവില്‍ ആശ്രയിക്കാവുന്ന ബജറ്റ് വിമാന കമ്പനിയാണിത്. ടാറ്റ തുടങ്ങിവച്ച സംരംഭം പിന്നീട് സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. അതിന് ശേഷം, വിമാന കമ്പനി തുടങ്ങാന്‍ ടാറ്റ നടത്തിയ അസംഖ്യം ശ്രമങ്ങളും അതിനേറ്റ തിരിച്ചടികളും എല്ലാം ചരിത്രമാണ്. ഒടുവില്‍ ടാറ്റയുടെ കൈകളിലേക്ക് തന്നെ എയര്‍ ഇന്ത്യ തിരിച്ചെത്തുകയും ചെയ്തു.
ആറു പതിറ്റാണ്ടിലേറെക്കാലത്തിനു ശേഷം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് എയര്‍ ഇന്ത്യയെ ടാറ്റാ ഗ്രൂപ്പ് തിരിച്ചുവാങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞതേയുള്ളൂ. പൊതുമേഖലാ സ്ഥാപനമെന്ന നിലയില്‍ വന്‍ കെടക്കെണിയില്‍ പെട്ടു കിടക്കുകയായിരുന്ന എയര്‍ ഇന്ത്യയ്ക്ക് ഇനി ഉയര്‍ന്ന് പറക്കാന്‍ കഴിയുമോ എന്ന് പലരും സംശയം പ്രകടിപ്പിച്ചിടത്തു നിന്നാണ്, പ്രതിസന്ധികളില്‍ നിന്ന് റ്റാ…റ്റാ…പറയുവാനുള്ള അസൂയാവഹമായ ഉയര്‍ത്തെഴുന്നേല്‍പ്പ്.
ടാറ്റ എയര്‍ സര്‍വ്വീസസ് എന്ന പേരിലായിരുന്നു ജെ.ആര്‍.ഡി ടാറ്റ ആദ്യ വിമാന കമ്പനി രൂപീകരിക്കുന്നത്. പിന്നീടത് ടാറ്റ എയര്‍ലൈന്‍സ് ആയി. ഇന്ത്യയിലെ ബിസിനസ് ഭീമന്‍ എന്നതിനപ്പുറം ജെ.ആര്‍.ഡി ടാറ്റ ഒരു വൈമാനികന്‍ കൂടിയായിരുന്നല്ലോ. അങ്ങനെ 1932 ഏപ്രില്‍ മാസത്തില്‍ ഇംപീരിയല്‍ എയര്‍വേയ്‌സിന് വേണ്ടി മെയില്‍ സര്‍വ്വീസ് നടത്താനുള്ള ആദ്യത്തെ കോണ്‍ട്രാക്ട് ടാറ്റയ്ക്ക് ലഭിച്ചു. രണ്ട് സിംഗിള്‍ എന്‍ജിന്‍ ‘ഡി ഹാവിലാന്‍ഡ് പസ്സ മോത്സ്’ വിമാനങ്ങളായിരുന്നു ടാറ്റ എയര്‍ലൈന്‍സിന് സ്വന്തമായിരുന്നത്. 1932 ഒക്ടോബര്‍ 15 ന് ആയിരുന്നു ആ ചരിത്ര സംഭവം. ടാറ്റ എയര്‍ലൈന്‍സിന്റെ ആദ്യ വിമാനം കറാച്ചിയില്‍ നിന്ന് മുംബൈയിലേക്ക് പറന്നു.

ഇന്ത്യ സ്വതന്ത്രമാകുന്നതിന് ഒരു വര്‍ഷം മുമ്പ് 1946 ജൂലായ് 29 ന് ടാറ്റ എയര്‍ലൈന്‍സ് ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി. അതോടെ സ്വതന്ത്ര ഇന്ത്യയില്‍ ടാറ്റ എയര്‍ലൈന്‍സിന്റെ ചരിത്രം കൂടി മാറ്റി എഴുതപ്പെടുകയായിരുന്നു. 1948 ല്‍ കമ്പനിയുടെ 49 ശതമാനം ഓഹരികളും ഇന്ത്യാ ഗവണ്‍മെന്റ് ഏറ്റെടുത്തു. എയര്‍ ഇന്ത്യയുടെ ചരിത്രം പറയുമ്പോള്‍ ‘മലബാര്‍ പ്രിന്‍സസ്’ എന്നൊരു പേരുകൂടി ഓര്‍ക്കേണ്ടതായിട്ടുണ്ട്.
ടാറ്റ എയര്‍ലൈന്‍സിന്റെ ആദ്യത്തെ വിദേശ സര്‍വ്വീസുമായി ബന്ധപ്പെട്ടാണത്. മുംബൈയില്‍ നിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് ആദ്യ സര്‍വ്വീസ് നടത്തിയ വിമാനത്തിന് നല്‍കിയ പേരായിരുന്നു മലബാര്‍ പ്രിന്‍സസ്. 1948 ജൂണ്‍ 8 ന് ആയിരുന്നു ആ ചരിത്ര സര്‍വ്വീസ്.
തുടര്‍ന്ന് കഥയെല്ലാം മാറി. 1953 ല്‍ ഇന്ത്യാ ഗവണ്‍മെന്റ്പാസാക്കിയ എയര്‍ കോര്‍പ്പറേഷന്‍സ് ആക്ട് പ്രകാരം ടാറ്റ എയര്‍ലൈന്‍സിന്റെ ഭൂരിപക്ഷ ഓഹരികളും ഇന്ത്യാ ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലായി. ടാറ്റ എയര്‍ലൈന്‍സ് എന്ന പേര് മാറ്റി ‘എയര്‍ ഇന്ത്യ ഇന്റര്‍നാഷണല്‍’ എന്നാക്കി. ഡൊമസ്റ്റിക് സര്‍വ്വീസുകള്‍ ‘ഇന്ത്യന്‍ എയര്‍ലൈന്‍സ്’ എന്ന കമ്പനിയുടെ കീഴിലാക്കി. ഭൂരിപക്ഷ ഓഹരികള്‍ സര്‍ക്കാരിന്റെ കൈവശം ആയിരുന്നെങ്കിലും 1977 വരെ എയര്‍ ഇന്ത്യയുടെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്നത് ജെ.ആര്‍.ഡി ടാറ്റ തന്നെ ആയിരുന്നു.
സര്‍ക്കാരിന്റെ ഉടമസ്ഥതയിലും ജെ.ആര്‍.ഡി ടാറ്റയുടെ ചെയര്‍മാന്‍ഷിപ്പിലും എയര്‍ ഇന്ത്യ വലിയ മുന്നേറ്റങ്ങളാണ് നടത്തിയത്. 1960 ല്‍ ആദ്യ ബോയിങ് വിമാനം സ്വന്തമാക്കി. 1962 ല്‍ ലോകത്തിലെ തന്നെ ആദ്യത്തെ ‘ഓള്‍ ജെറ്റ്’ എയര്‍ലൈന്‍ കമ്പനിയായി മാറി എയര്‍ ഇന്ത്യ. 1971 ല്‍ ആദ്യത്തെ ബോയിങ് 747-200 ബി വിമാനവും എയര്‍ ഇന്ത്യ നേടി. ‘എമ്പപറര്‍ അശോക’ എന്ന് പേരിട്ട ഈ വിമാനം അറിയപ്പെട്ടിരുന്നത് ‘ആകാശ കൊട്ടാരം’ എന്നായിരുന്നു. അക്കാലത്ത് ആഡംബരത്തിന്റെ അവസാന വാക്കായിരുന്നു ‘എമ്പപറര്‍ അശോക’.
ടാറ്റ നടത്തുന്ന കാലത്ത് ലാഭത്തില്‍ പറന്നിരുന്ന പ്രസ്ഥാനം പിന്നീട് വലിയ നഷ്ടങ്ങളിലേക്ക് ലാന്‍ഡ് ചെയ്യുന്നതാണ് കണ്ടത്. 68 വര്‍ഷത്തിനു ശേഷം എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് തിരിച്ചുവാങ്ങുമ്പോള്‍ ‘മഹാരാജ’യുടെ മൊത്തം നഷ്ടം 60,000 കോടി രൂപയായിരുന്നു. അതാണ് ഒടുവില്‍ എയര്‍ ഇന്ത്യയെ ടാറ്റയുടെ കൈയിലേക്ക് തന്നെ തിരികെ എത്തിച്ചത്.
പത്തു വര്‍ഷം മുന്‍പ് അമേരിക്കന്‍ എയര്‍ലൈന്‍സ് 460 എയര്‍ബസ്-ബോയിങ് വിമാനങ്ങള്‍ വാങ്ങിയതിന്റെ റെക്കോഡാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ മറികടക്കുകയെന്നാണ് പറയപ്പെടുന്നത്. പുതിയ കരാര്‍ അനുസരിച്ച് വിമാനങ്ങളെല്ലാം എത്തുകയും അവ ലോകത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ശൃംഖലയില്‍ കണ്ണികളാവുകയും ചെയ്യുന്നതോടെ എയര്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനികളുടെ മുന്‍നിരയിലാവും.
വ്യോമയാന മേഖലയില്‍ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ ചിറക് വിരിച്ച്, ലോകരാജ്യങ്ങളുടെ ആകാശ മേലാപ്പിലൂടെ അഭിമാനത്തോടെ കൂടുതല്‍ ഉയര്‍ന്ന് പറക്കും.