എ.എസ് ശ്രീകുമാര്‍
യേശുവിന്റെ മരുഭൂമിയിലെ ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനങ്ങളെ സ്മരിച്ചുകൊണ്ട് ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്. മനുഷ്യന്റെ മണ്ണില്‍നിന്നുള്ള ഉത്ഭവവും, മണ്ണിലേക്കുള്ള മടക്കയാത്രയും ഓര്‍മ്മപ്പെടുത്തി നെറ്റിയില്‍ ചാരം പൂശിക്കൊണ്ട് ക്രൈസ്തവ വിശ്വാസികള്‍ വിഭൂതിയിലൂടെ നോമ്പിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.
നോമ്പ് ദിവസങ്ങളില്‍ എല്ലാ ദേവാലയങ്ങളിലും കുരിശിന്റെ വഴിയടക്കം പ്രത്യേകം പ്രാര്‍ത്ഥനാ ശുശ്രൂഷകളും നടക്കും. ഉയിര്‍പ്പു തിരുനാളായ ഈസ്റ്റര്‍ വരെ ക്രൈസ്തവര്‍ക്ക് വിവാഹമടക്കമുള്ള ആഘോഷങ്ങളില്ല. ഏപ്രില്‍ 9നാണ് ആഗോള കത്തോലിക്ക സഭ ഉയിര്‍പ്പ് തിരുനാള്‍ അഥവാ ഈസ്റ്റര്‍ ആഘോഷിക്കുക.
ത്യാഗപൂര്‍ണമായ ജീവിതം നയിച്ചും മത്സ്യ മാംസാദികള്‍ അടക്കമുള്ള ഭക്ഷണം ഉപേക്ഷിച്ചും ആഘോഷങ്ങള്‍ ഒഴിവാക്കിയുമാണ് നോമ്പ് ആചരണം. ക്രിസതുവിന്റെ കുരിശുമരണത്തിന്റെ പീഡസഹന സ്മരണയിലാണ് വിശ്വാസികള്‍ നോമ്പ് ആചരിക്കുന്നത്. പാശ്ചാത്യ ക്രൈസ്തവ സഭയുടെ ആരാധനക്രമ വര്‍ഷം അനുസരിച്ച് ഈസ്റ്ററിന് ഒരുക്കമായി വരുന്നതാണ് നോമ്പ് കാലം. ഈസ്റ്ററിനു മുമ്പ് വരുന്ന ഏകദേശം ആറാഴ്ചകളാണ് നോമ്പ് അഥവാ തപസ്സ് കാലമായി ആചരിക്കുന്നത്.

വിഭൂതി ബുധനാഴ്ച അഥവാ ആഷ് വെനസ്‌ഡേ മുതല്‍ പെസഹാ വ്യാഴാഴ്ച വരെയോ ഈസ്റ്ററിന്റെ തലേന്ന് വൈകുന്നേരം വരെയോ ആണ് നോമ്പ് കാലം. ഇക്കൊല്ലത്തെ ആഷ് വെനസ്‌ഡേ ഫെബ്രുവരി 22 ആണ്. കത്തോലിക്കാ സഭയിലെ റോമന്‍ റീത്തിനു പുറമേ ആംഗ്ലിക്കന്‍, ലൂഥറന്‍, മെഥഡിസ്റ്റ് തുടങ്ങി പാശ്ചാത്യ പാരമ്പര്യത്തിലുള്ള മറ്റ് പല സഭകളിലും ഈ ദിനം ആചരിക്കുന്നുണ്ട്. ഈ ദിവസം ദിവ്യബലിക്കും അനുതാപ പ്രാര്‍ത്ഥനകള്‍ക്കും ശേഷം വിശ്വാസികളുടെ നെറ്റിയില്‍ ചാരം (വിഭൂതി) പൂശുന്ന ചടങ്ങില്‍ നിന്നാണ് ഈ ദിവസത്തെ വിഭൂതി ബുധന്‍ എന്നറിയപ്പെടുന്നത്.
തലേ വര്‍ഷത്തെ ഓശാന ഞായര്‍ ശുശ്രൂഷകളില്‍ ഉപയോഗിച്ച കുരുത്തോലകള്‍ കത്തിച്ച ചാരമാണ് നെറ്റിയില്‍ പൂശാന്‍ ഉപയോഗിക്കുന്നത്. വിശ്വാസികളുടെ നെറ്റിയില്‍ ചാരം പൂശുന്ന വേളയില്‍ വൈദികന്‍ ”അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുക…”, ”മനുഷ്യാ, നീ മണ്ണാകുന്നു മണ്ണിലേക്കു തന്നെ മടങ്ങുകയും ചെയ്യും…” എന്നിങ്ങനെയുള്ള വാചകങ്ങള്‍ ചൊല്ലാറുണ്ട്.
പശ്ചാത്താപത്തിന്റെയും പാപപരിഹാരത്തിന്റെയും അനുതാപത്തിന്റെയും കാലമാണ് വിശ്വാസികള്‍ക്ക് നോമ്പ് കാലം. അവര്‍ ഉപവാസം, ആശയടക്കം, മംസാഹരവര്‍ജ്ജനം, ആഡംബരങ്ങള്‍ ഒഴിവാക്കല്‍ എന്നിവയിലൂടെ നോമ്പ് ആചരിക്കുന്നു. ലത്തീനില്‍ ‘ക്വാദ്രജെസെമ’ എന്ന പദമാണ് നോമ്പ് കാലത്തിന് ഉപയോഗിക്കുന്നത്. നാല്പതാമത് എന്നാണ് ഈ വാക്കിനര്‍ത്ഥം. മലയാളത്തില്‍ അന്‍പത് നോമ്പ് എന്നാണ് അറിയപ്പെടുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ നാല്പത് ദിവസമാണ് നോമ്പുകാലാചരണം.
വിഭൂതി ബുധന്‍ മുതല്‍ ഈസ്റ്റര്‍ വരെയുള്ള ആഴ്ചകളില്‍ നിന്ന് ഞായറാഴ്ചകള്‍ ഒഴിവാക്കിയാണ് നാല്പത് ദിവസം കണക്കാക്കുന്നത് (എല്ലാ ഞായറാഴ്ചകളും ചെറിയ ഈസ്റ്ററായി സഭ കരുതുന്നതിനാലാണ് നോമ്പുകാലത്തിനിടയില്‍ വരുന്ന ഞായറാഴ്ചകള്‍ ഒഴിവാക്കുന്നത്) ബൈബിളിലെ വിവിധ സംഭവങ്ങള്‍ ഈ നാല്പതു ദിവസവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
വയലറ്റ് അല്ലെങ്കില്‍ പര്‍പ്പിള്‍ ആണ് തപസ്സ് കാലത്തെ ആരാധനക്രമ നിറം. അള്‍ത്താര വിരികള്‍, അള്‍ത്താരയില്‍ വെക്കുന്ന വിളക്കുകളുടെ ഗ്ലാസ്, വാതില്‍ വിരികള്‍, സക്രാരി വിരികള്‍, കാര്‍മ്മികന്‍ ധരിക്കുന്ന മേല്‍വസ്ത്രങ്ങള്‍ തുടങ്ങിയ വവയലറ്റ് നിറത്തില്‍ ഉള്ളതായിരിക്കും. ഗ്ലോറിയ, തെദേവൂം എന്നീ പ്രാര്‍ത്ഥനകള്‍ (ഗീതികള്‍), പ്രഘോഷണ ഗീതികളിലെ ‘ഹാലേലൂയ’ എന്നിവ ഈ കാലയളവില്‍ ഒഴിവാക്കിയിരിക്കുന്നു. എന്നാല്‍ നോമ്പുകാലത്തിനടയില്‍ വരുന്ന തിരുനാള്‍ ദിനങ്ങളില്‍ ഗ്ലോറിയ ആലപിക്കാറുണ്ട്.
നോമ്പ് കാലത്ത് വിശ്വാസികള്‍ ചൊല്ലുന്ന പ്രധാന പ്രാര്‍ത്ഥനയാണ് കുരിശിന്റെ വഴി. യേശുവിന്റെ പീഡാനുഭവങ്ങളുടെ സ്മരണ ഉള്‍ക്കൊള്ളുന്ന പ്രാര്‍ത്ഥനയാണ് ഇത്. കേരളത്തിലെ വിശ്വാസികള്‍ ഈ കാലയളവില്‍ പുത്തന്‍ പാന പാരായണം ചെയ്യാറുണ്ട്. െ്രെകസ്തവ വിവാഹം ഈ കാലത്ത് അനുവദനീയമല്ല. നോമ്പ് കാലം അവസാന വാരം വിശുദ്ധവാരമായിട്ടാണ് ആചരിക്കുന്നത്. ഓശാന ഞായര്‍ മുതല്‍ ദുഖവെള്ളിയാഴ്ച വൈകുന്നേരം വരെ ക്രൂശിതരൂപങ്ങള്‍ വയലറ്റോ, പര്‍പ്പിളോ നിറത്തിലുള്ള തുണികൊണ്ട് ആവരണം ചെയ്തിരിക്കും.
നോമ്പുകാലങ്ങളില്‍ കേരളത്തിലെ തീരപ്രദേശങ്ങളില്‍ ആലപിച്ചു വരുന്ന ക്രിസ്തീയ പ്രാര്‍ത്ഥനാഗീതമാണ് ദേവാസ്ത് വിളി. യേശുവിന്റെ പീഡാനുഭവങ്ങളേയും മനുഷ്യരുടെ ജീവിതമനുസരിച്ച് അവര്‍ക്ക് ലഭിക്കുന്ന സ്വര്‍ഗ്ഗ നരകങ്ങളേയും കുറിച്ച് ഇതില്‍ പ്രതിപാദിക്കുന്നു. ഏകദേശം പതിനാറാം നൂറ്റാണ്ടില്‍ ആരംഭിച്ച ക്രിസ്തീയ അനുഷ്ഠാന കലയാണിത്. വിഭൂതി ബുധനാഴ്ച മുതല്‍ ദുഖവെള്ളിയാഴ്ച വരെയാണ് ദേവാസ്ത് വിളിക്കുന്ന കാലഘട്ടം.
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ നിരന്തരമായി പ്രവര്‍ത്തിക്കുന്ന ആന്തരാവയവങ്ങള്‍ക്ക് വിശ്രമം നല്‍കുന്നതിനായാണ് ഉപവാസം അഥവാ നോമ്പ് അനുഷ്ഠിക്കുന്നത്. കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക് എന്നീ ശരിരത്തിലെ പഞ്ചേന്ദ്രിയങ്ങല്‍ക്ക് വിശ്രമം നല്‍കുന്നതിനായി സാധാരണ ഉറങ്ങുക എന്ന പ്രവൃത്തി ചെയ്യുന്നു. ഈ പഞ്ചേന്ദ്രിയങ്ങള്‍ക്ക് വിശ്രമം നല്‍കാതെ അമിതാധ്വാനം നടത്തുമ്പോള്‍ രോഗങ്ങള്‍ ഉണ്ടാകുന്നു. ഉറക്കം എന്ന പ്രതിഭാസം മൂലം പഞ്ചേന്ദ്രിയങ്ങള്‍ക്ക് യഥാവിധി വിശ്രമം ലഭിക്കുന്നു.
ഉപവാസം യഥാവിധി അനുഷ്ഠിക്കുകയാണെങ്കില്‍ അത് പ്രധാനമായും ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന വിഷാംശങ്ങളെ അകറ്റി ശരീരത്തെ രോഗങ്ങളില്‍ നിന്നും രക്ഷിക്കുന്നു. കരള്‍, ഹൃദയം, വൃക്ക, ശ്വാസകോശം, പാന്‍ക്രിയാസ്, ആമാശയം എന്നീ ആന്തരാവയവങ്ങള്‍ക്ക് ഉപവാസം മൂലം കൂടുതല്‍ പ്രവര്‍ത്തനശേഷി കൈവരുന്നു. കൂടാതെ ശരീരത്തിലടിഞ്ഞിട്ടുള്ള കൊഴുപ്പ്, രോഗങ്ങള്‍ എന്നിവയെ നശിപ്പിക്കുന്നതിനും ഉപവാസം മൂലം കഴിയുന്നു.
മിക്കവരും അനുഷ്ഠിക്കുന്നതാണ് ജല ഉപവാസം. പേര് നിര്‍ദ്ദേശിക്കുന്നത് പോലെ തന്നെ വെള്ളം മാത്രം കുടിച്ച് മറ്റൊന്നും കഴിക്കാതെ ഉപവസിക്കുന്നതാണിത്. തിരക്കേറിയ ജീവിതരീതിക്ക് തികച്ചും വിപരീതമാണിത്. തീവ്രമായ ആന്തരിക പ്രതിഫലനത്തിന്റെ കാലയളവായിരിക്കുമിത്. ഫലപ്രദമായ വിഷവിമുക്ത മാര്‍ഗ്ഗമായി തലമുറകളില്‍ നിന്നും സ്വീകരിച്ചിട്ടുള്ളതാണ് ജല ഉപവാസം.
ശരീരത്തിന്റെ സ്വയം ഭേദമാകാനുള്ള കഴിവാണ് ജല ഉപവാസത്തിന്റെ അടിസ്ഥാനം. നമ്മുടെ ദഹന സംവിധാനം രാത്രിയും പകലും വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കുക മാത്രമല്ല ഇത് ചെയ്യുന്നത് മറിച്ച് ശരീരത്തിലെത്തുന്ന വിഷാംശങ്ങളും മാലിന്യങ്ങളും നീക്കം ചെയ്യുകയും ചെയ്യുന്നു.
ഒരു പ്രത്യേക കാലയളവില്‍ വെള്ളം ഒഴികെ മറ്റൊന്നും കഴിക്കാതിരിക്കുകയാണ് ഉപവാസത്തില്‍ ചെയ്യുന്നത്. അര ദിവസം മുതല്‍ പത്ത് ദിവസം വരെയാകാം ഇത്. ആരോഗ്യം നിലനിര്‍ത്തുന്നതിന് ആഴ്ചയില്‍ ഒരിക്കലെങ്കിലും ഒരു ദിവസത്തെ ജല ഉപവാസം ചെയ്യാറുണ്ട്.
ഇടയ്ക്കിടെ ഉപവസിക്കുന്നത് ആളുകളെ തളര്‍ത്തുമെന്ന് ഒരു തെറ്റിധാരണയുണ്ട്. എന്നാല്‍ ഇത് ശരിയല്ല. അതിന് വീപരീതമായി ആരോഗ്യവും ശക്തിയും മെച്ചപ്പെടുത്തുകയാണ് ചെയ്യുന്നത്. ഉപവാസത്തിന് ശേഷം കൂടുതല്‍ ഊര്‍ജ്ജസ്വലത അനുഭവപ്പെടും.
ഉപവാസം തുടങ്ങി കഴിയുമ്പോള്‍ വളര്‍ച്ച ഹോര്‍മോണ്‍ (ഹ്യൂമന്‍ ഗ്രോത്ത് ഹോര്‍മോണ്‍) സ്രവിക്കുന്നതിന് ശരീരം അന്തസ്രാവ ഗ്രന്ഥിയെ ഉത്തേജിപ്പിക്കാന്‍ തുടങ്ങും. ഈ ഹോര്‍മോണിന്റെ അളവ് ഉയരുന്നതോടെ ശരീരം ഊര്‍ജത്തിനായി കൂടുതല്‍ കൊഴുപ്പ് ഉപയോഗിച്ച് തുടങ്ങും. ആരോഗ്യവും ഊര്‍ജവും മെച്ചപ്പെടുത്താന്‍ ഒരു ദിവസത്തെ ഉപവാസം മതിയാകും.
എന്നാല്‍, വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. മൂന്ന് മുതല്‍ 21 ദിവസം വരെ നീണ്ടു നില്‍ക്കുന്ന ദീര്‍ഘകാല ഉപവാസം ഇതിന് വേണ്ടി വരും. വിദഗ്ധരുടെ ശരിയായ നിര്‍ദ്ദേശം അനുസരിച്ചുള്ള മിതമായ ഭക്ഷണക്രമവും ഉപവാസവും കൊണ്ട് പല രോഗങ്ങളും ഭേദമാക്കാന്‍ കഴിയും.

ശാരീരികമായ അവസ്ഥയ്ക്ക് അനുയോജ്യമായ ഉപവാസം ഇനി പറയുന്നവയില്‍ ചിലതോ അല്ലെങ്കില്‍ എല്ലാമോ നമുക്ക് ലഭ്യമാക്കും.
*കൂടുതല്‍ ഊര്‍ജം ആരോഗ്യമുള്ള ചര്‍മ്മം
*ആരോഗ്യമുള്ള പല്ലും മോണയും
*നല്ല ഉറക്കം
*ശുദ്ധവും
*ആരോഗ്യവുമുള്ള ഹൃദയധമനി സംവിധാനം
*ഉത്കണ്ഠയിലും ആശങ്കയിലും കുറവ്
*സന്ധികളിലെയും പേശികളിലെയും വേദനകള്‍ക്ക് കുറവ് അല്ലെങ്കില്‍ പൂര്‍ണമായ ശമനം
*തലവേദനയ്ക്ക് കുറവും ശമനവും
*രക്തസമ്മര്‍ദ്ദത്തില്‍ സ്ഥിരത
*ശക്തവും ഫലപ്രദവുമായ ദഹനം
*കുടലിന്റ ചലനത്തില്‍ സ്ഥിരത
*അമിത ഭാരത്തില്‍ കുറവ്
*അടിഞ്ഞ് കൂടിയ വിഷാംശം നീക്കം ചെയ്യും
*രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന തകരാറുകള്‍ ഉള്‍പ്പടെ പല വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം തുടങ്ങിയവയാണിവ.
ജല ഉപവാസത്തിന് വേണ്ട തയ്യാറെടുപ്പുകള്‍ എന്തൊക്കെയെന്ന് നോക്കാം. ജല ഉപവാസത്തിന് മാനസികമായ തയ്യാറെടുപ്പ് ആവശ്യമാണ്. ആഴ്ചാവസാനമാണ് ഉപവസിക്കുന്നതെങ്കില്‍ കലണ്ടറില്‍ അടയാളപ്പെടുത്തുക. ഉപവാസത്തെ ഒരു ചടങ്ങാക്കുക. ജല ഉപവാസ വേളയില്‍ സമ്മര്‍ദ്ദങ്ങളും ഉത്തരവാദിത്തങ്ങളും പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. സാധാരണ ജീവിത രീതികളില്‍ നിന്നും മാറി ഇത് ഒരു അവധി ദിവസമാണന്ന് കരുതുക.
ഉപവാസത്തിനും ഒരാഴ്ച മുമ്പ് ജ്യൂസ് കുടിച്ചും പഴങ്ങളും പച്ചക്കറികളും പച്ചയ്ക്ക് കഴിച്ചും ശരീരത്തെ വൃത്തിയാക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. അങ്ങനെയെങ്കില്‍ ജല ഉപവാസ വേളയിലെ വിഷവിമുക്തമാക്കല്‍ എളുപ്പമാകും. ജല ഉപവാസം ശരീരത്തെ വളരെ പെട്ടെന്ന് വിഷവിമുക്തമാക്കും. ജ്യൂസ് മാത്രം കുടിച്ചു കൊണ്ടുള്ള ഉപവാസത്തേക്കാള്‍ കൂടുതല്‍ ഗുണകരം ഇതാണന്നാണ് വിലയിരുത്തല്‍.
അര്‍ബുദത്തെ പ്രതിരോധിക്കാനും കോശങ്ങള്‍ വൃത്തിയാക്കുന്നതിനും കൂടുതല്‍ ഫലപ്രദം ജല ഉപവാസമാണ്. ശരീര പ്രവര്‍ത്തനങ്ങള്‍ കുറവാണെങ്കില്‍ ജ്യൂസിന് പകരം വെള്ളം മാത്രം കുടിക്കുകയാണെങ്കില്‍ ഉപവാസം ശക്തമാവുകയും ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞ അല്ലെങ്കില്‍ തീരെ ഇല്ലാത്ത ദിവസം വേണം ജല ഉപവാസത്തിലേക്ക് മാറാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്…
- ടാപ്പില്‍ നിന്നും നേരിട്ട് വെള്ളം കുടിക്കരുത്. സ്വാഭാവികവും കാന്തികവുമായ ഗുണങ്ങളും വിഷാംശങ്ങള്‍ ആഗീരണം ചെയ്യാനും ശരീരത്തില്‍ നിന്നും പുറന്തള്ളാനുമുള്ള കഴിവുള്ളതിനാല്‍ ശുദ്ധീകരിച്ച വെള്ളമാണ് വൃത്തിയാക്കലിന് മികച്ചത്. ധാതുജലം ശരിയായ രീതിയില്‍ ആഗിരണം ചെയ്യപ്പെടാത്തതിനാല്‍ ചര്‍മ്മപാളികള്‍ക്ക് വലിയ തടസ്സം സൃഷ്ടിച്ചേക്കും.
- ജലത്തില്‍ കലോറിയോ പോഷക മൂല്യങ്ങളോ ഇല്ല. അതിനാല്‍ ജല ഉപവാസ വേളയില്‍ ശരീരത്തിന് മറ്റ് വഴികള്‍ ഇല്ലാത്തതിനാല്‍ ഇന്ധനത്തിനായി അകമേ ശേഖരിച്ചിട്ടുള്ള ഊര്‍ജം ഉപയോഗിക്കേണ്ടി വരുന്നു. കഴിക്കുന്നതില്‍ നിന്നും വര്‍ഷങ്ങളായി ശേഖരിച്ചിട്ടുള്ള അശുദ്ധ ഇന്ധനം ചെലവഴിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഉപവാസ വേളയില്‍ ശേഖരിക്കപ്പെട്ടിട്ടുള്ള അശുദ്ധ ഇന്ധനം ഉപയോഗിച്ച് ജീവിക്കുന്നതിന് നല്ല ധൈര്യവും ബലവും വേണം.
ജല ഉപവാസം എളുപ്പമാക്കുന്നതിന് ഉപവാസ കാലയളവില്‍ കുറച്ച് ദിവസങ്ങള്‍ ജ്യൂസ് മാത്രം കുടിച്ചു കൊണ്ട് ഉപവസിക്കുക. ഉദാഹരണത്തിന് മൂന്ന് ദിവസം ജ്യൂസ് കുടിച്ച് ഉപവസിക്കുക. രണ്ട് ദിവസം വെള്ളം മാത്രം കുടിക്കുക. അഞ്ച് ദിവസം ജ്യൂസ് മാത്രം കുടിക്കുക. വീണ്ടും മൂന്ന് ദിവസം വെള്ളം മാത്രം കുടിക്കുക.
- ജല ഉപവാസ വേളയില്‍ ധാരാളം വിശ്രമം ആവശ്യമാണ്. ഈ സമയത്ത് ഊര്‍ജവും കരുത്തും കുറയുന്നതായി അനുഭവപ്പെടും. കൂടുതല്‍ അദ്ധ്വാനിക്കരുത്. നന്നായി ഉറങ്ങുക.
- വൃത്തിയുള്ളതും എളുപ്പത്തില്‍ ദഹിക്കുന്നതുമായ ആഹാരം കഴിച്ച് ഉപവാസം അവസാനിപ്പിക്കുക. പഴങ്ങള്‍ ആദ്യവും പച്ചക്കറികള്‍ രണ്ടാമതും എന്ന രീതിയില്‍ വേണം കഴിക്കാന്‍. സംസ്‌കരിച്ച ജങ്ക് ഫുഡ് കള്‍ ഒഴിവാക്കുക. വയറ് സ്തംഭിക്കാന്‍ ഇവ കാരണമാകും.
- ഉപവാസ വേളയില്‍ കഠിനമായ വ്യായാമങ്ങള്‍ ഒഴിവാക്കുക. പകരം യോഗ ചെയ്തു നോക്കുക. ശാന്തമായ വഴിയിലൂടെ ശരീര പേശികള്‍ നിവര്‍ത്തി ഉപവാസം ചെയ്യുന്ന ശരീരത്തിന് ആവശ്യമായ വ്യായാമങ്ങള്‍ ലഭ്യമാകാന്‍ ഇത് സഹായിക്കും. പേശികള്‍ക്ക് ബലം നല്‍കുന്നതിനും വിഷവിമുക്തമാക്കല്‍ പ്രക്രിയയെ സഹായിക്കുന്നതിനും കുറച്ച് നടക്കുന്നത് നല്ലതാണ്.
- ഉപവാസത്തിന് മുമ്പുള്ള ദിവസം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണം കഴിക്കുക.
- ഉപവസിക്കുമ്പോള്‍ പ്രത്യേകിച്ച് നിശ്ചിത ദിവസത്തേയ്ക്ക് ജല ഉപവാസം നടത്തുമ്പോള്‍ ഡോക്ടറുടെ നിരീക്ഷണത്തില്‍ വേണം ചെയ്യുന്നത് എന്നതാണ് പ്രധാന നിയമങ്ങളില്‍ ഒന്ന്. ഒരാള്‍ക്ക് അനുയോജ്യമായ ഉപവാസം ഏതാണ് എന്നറിയാന്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക. ജല ഉപവാസം ലളിതമായി എടുക്കരത്.
- ആരോഗ്യദായകമായ ഇതരമാര്‍ഗമാണ് അന്വേഷിക്കുന്നതെങ്കില്‍, ജ്യൂസ് മാത്രം കുടിച്ചു കൊണ്ടുള്ള ഉപവാസം പരീക്ഷിച്ചു നോക്കാം.
- ശരീരഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കും. എന്നാല്‍ ആരോഗ്യദായകമായ ഭക്ഷണങ്ങള്‍ക്ക് പകരം ജങ്ക് ഫുഡുകള്‍ കഴിക്കാന്‍ തുടങ്ങിയാല്‍ ശരീര ഭാരം വീണ്ടും കൂടി തുടങ്ങുകയും കഷ്ടപ്പെട്ട് പുറന്തള്ളിയ വിഷപദാര്‍ത്ഥങ്ങള്‍ ശരീരത്തിലേക്ക് തിരിച്ചെത്തി തുടങ്ങുകയും ചെയ്യും. ഉപവസിക്കാന്‍ പാടില്ലാത്തവര്‍ മിക്കവര്‍ക്കും ഉപവസിക്കാം.
എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ ചിലര്‍ ഉപവസിക്കരുത്. വളരെ മെലിഞ്ഞിരിക്കുന്നവര്‍, പട്ടിണി കിടക്കുന്നവര്‍. ഒട്ടും വിശപ്പില്ലാത്തവരും അമിതമായി വിശപ്പുള്ളവരും. പ്രമേഹം ഉള്ള ഗര്‍ഭിണികള്‍. മുലയൂട്ടുന്ന അമ്മമാര്‍. അമിതമായ വിളര്‍ച്ചയും രക്തക്കുറവും ഉള്ളവര്‍ എന്നീ ഗണത്തില്‍പ്പെട്ടവരാണിവര്‍.
പ്രമേഹം ഇല്ലെങ്കില്‍ ഗര്‍ഭകാലത്ത് സ്ത്രീകള്‍ ഉപവസിക്കുന്നത് കൊണ്ട് അമ്മയ്ക്കും കുഞ്ഞിനും ഹാനികരമാവില്ല. എന്നാലും പ്രമേഹമില്ലാത്ത ഗര്‍ഭിണികളും 23 ആഴ്ചയില്‍ കൂടുതല്‍ ഉപവസിക്കരുത്. ഡോക്ടറുടെ മേല്‍നോട്ടത്തോടെ ഉപവസിക്കാവൂ. കുട്ടികള്‍ക്ക്, ശിശുക്കള്‍ക്ക് പോലും, സങ്കീര്‍ണതകള്‍ ഒന്നുമില്ലാതെ കുറഞ്ഞ കാലയളവില്‍ ഉപവസിക്കാം. കുറഞ്ഞ കാലയളവിലേക്കായാലും ഡോക്ടറുടെ നിര്‍ദ്ദേശം തേടിയിട്ടേ കുട്ടികള്‍ ഉപവസിക്കാവു. കുട്ടികള്‍ക്ക് ഉപവസിക്കേണ്ടി വരുന്ന സാഹചര്യം കുറവാണ്.
ത്യാഗത്തിന്റെ പ്രതീകമായാണ് ഭക്ഷണം ഉപേക്ഷിക്കുന്നത്. നോമ്പ് അനുഷ്ഠിക്കുമ്പോള്‍ മനസ് കൂടുതല്‍ ശാന്തമാകുന്നതായി അനുഭവപ്പെടും. സമാധാനവും സന്തോഷവും ലഭിക്കും. സ്‌ട്രെസ് പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും മോചനം ലഭിക്കും. ഇത് ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് ഒരുപോലെ ആരോഗ്യകരമാണ്.
ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് നോമ്പ് പരിഹാരമാകുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് തലച്ചോറില്‍ കൂടുതല്‍ എന്‍ഡോര്‍ഫിനുകള്‍ പുറപ്പെടുവിക്കാന്‍ സഹായിക്കും. മനസില്‍ സ്‌നേഹവും കരുണയും സഹാനുഭൂതിയുമെല്ലാം നിറയ്ക്കാന്‍ നോമ്പിനു കഴിയും. ഇത് നമ്മളറിയാതെ തന്നെ നമ്മളില്‍ നന്മയും സന്തോഷവും സമാധാനവുമെല്ലാം നിറയ്ക്കുന്ന ഒന്നാണ്.