Saturday, September 23, 2023

HomeAmericaരചനാ ശൈലികള്‍ കാലാതിവര്‍ത്തികള്‍; കേരള റൈറ്റേഴ്‌സ് ഫോറം ചര്‍ച്ച

രചനാ ശൈലികള്‍ കാലാതിവര്‍ത്തികള്‍; കേരള റൈറ്റേഴ്‌സ് ഫോറം ചര്‍ച്ച

spot_img
spot_img

ചെറിയാന്‍ മഠത്തിലേത്ത്‌

ഹൂസ്റ്റണ്‍: ”ഒരു കഥ എങ്ങനെ എഴുതും..?” എന്ന് ചോദിച്ചാല്‍ അതിന് കൃത്യമായ ഉത്തരമില്ല. കാലാകലങ്ങളായി ചില രചനാ സങ്കേതങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതൊക്കെ എഴുത്തുകാര്‍ പല ഘട്ടങ്ങളിലും അവലംബിക്കാറുമുണ്ട്. അതാണ് മികച്ചതും നൂതനവുമായ ശൈലിയെന്ന് പലരും കരുതുകയും ചെയ്യുന്നു.

എന്നാല്‍ ഏതാണ്ട് അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളത്തില്‍ ആധുനികവല്‍ക്കരണമുണ്ടായപ്പോള്‍ സാഹിത്യത്തിന്റെ ആശയപ്രകാശനത്തിന്റെ അവസാനമാണതെന്ന് വ്യാകുലപ്പെട്ടവര്‍ ഏറെയാണ്. ഇത്തരം ചിന്ത സാഹിത്യത്തില്‍ മാത്രമല്ല ജീവിതത്തിന്റെ പല മേഖലകളിലും ഉരുത്തിരിയാറുണ്ട്.

എല്ലാറ്റിനും അവസാന വാക്കായി എന്ന് ജനങ്ങള്‍ വിശ്വസിച്ച സമയമുണ്ട്. 20-ാം നൂറ്റാണ്ടിന്റെ തുടക്ക കാലത്ത് ലോക പ്രശസ്ത ശാസ്ത്രജ്ഞര്‍ കരുതിയിരുന്നത് മനുഷ്യ സാധ്യമായ എല്ലാ കണ്ടുപിടിത്തങ്ങളും നടത്തിക്കഴിഞ്ഞുവെന്നാണ്. ഇനി കൂടുതല്‍ ഗവേഷണത്തിനൊന്നും സാധ്യതയില്ലെന്നവര്‍ ചിന്തിച്ചു.

അതേസമയം, എഴുത്തുകാരുടെയും സാഹിത്യ സ്‌നേഹികളുടെയും അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറം എക്കാലത്തും സഞ്ചരിക്കുന്നത് നവീന ആശയങ്ങള്‍ക്കൊപ്പമാണ്. പക്ഷേ പഴമയെ തള്ളിപ്പറയാതെ ഉള്‍ക്കൊള്ളാനുള്ള ആര്‍ജവം കാണിക്കുകയും ചെയ്യുന്നു.

അതെ, നമ്മള്‍ പിന്നോട്ട് സഞ്ചരിക്കാറുണ്ട്. അപ്പോള്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തിലെ ശൈലിക്ക് ഇപ്പോഴും പ്രസകതിയുണ്ടോ എന്ന ചോദ്യത്തിന് ”ഉണ്ട്” എന്നുതന്നെയാണ് കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ മാറ്റമില്ലാത്ത നിലപാട്. ഫോറത്തിന്റെ ഫെബ്രുവരി മാസത്തെ ചര്‍ച്ചയില്‍ കുര്യന്‍ മ്യാലില്‍ രചിച്ച ‘കൊടും കൊലപാതകം’ എന്ന കഥ ചര്‍ച്ച ചെയ്തപ്പോള്‍ തോന്നിയ ആശയങ്ങളാണിത്.

‘കഥകള്‍’ എന്ന പേരില്‍ അടുത്തയിടെ പ്രസിദ്ധീകരിച്ച സമാഹാരത്തിലെ ഒരു കഥയാണ് ‘കൊടും കൊലപാതകം’. യുവാവായ ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ് ബിനീഷ്. അന്ന് രാവിലെ തന്റെ ജീപ്പില്‍ ബാങ്കിലേയ്ക്ക് പോകുമ്പോല്‍ ഏകദേശം 15 വയസുള്ള സുന്ദരിയായ ഒരു പെണ്‍കുട്ടി വഴിയരികില്‍ സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുന്നത് ബിനീഷ് കണ്ടു. സൗഹൃദ ഭാവത്തില്‍ ബിനീഷ് അവളെ കൈവീശിക്കാണിച്ചു. പെണ്‍കുട്ടിയും പ്രത്യഭിവാദ്യം ചെയ്തു.

ഉച്ചയ്ക്ക് തിരികെ വരുമ്പോള്‍ തൊട്ടടുത്തുള്ള പുഴയില്‍ ഒരു പെണ്‍കുട്ടി മുങ്ങിത്താഴുന്നതും ഒരു സ്ത്രീ അലമുറയിട്ട് കരയുന്നതും ബിനീഷ് കണ്ടു. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ബിനീഷ് ശ്രമിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ പരാജയപ്പെടുകയായിരുന്നു.

സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുകയും ലത്തീഫ് എന്ന പണക്കാരനായ യുവാവിനെ ക്രിമിനല്‍ കേസില്‍ പ്രതിയാക്കി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാല്‍ ധനികനായ യുവാവിന്റെ പിതാവ് അയാളെ രക്ഷിക്കാന്‍ പണം വാരിയെറിഞ്ഞു.

എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടും സാക്ഷിമൊഴിയുമൊക്കെ മാനിച്ച് കൊലപാതകക്കുറ്റം ചുമത്തി ലത്തീഫിനെ കോടതി ശിക്ഷിച്ചു. ലത്തീഫിന്റെ പ്രായം പരിഗണിച്ച് തടവ് ശിക്ഷ നാല് വര്‍ഷമാക്കി കുറച്ചു. നാല് വര്‍ഷം കഴിഞ്ഞ് ശിക്ഷ പൂര്‍ത്തിയാക്കി ലത്തീഫ് ജയില്‍ മോചിതനായി. പക്ഷേ വിധി ലത്തീഫിനെ വീണ്ടും ശിക്ഷിച്ചു. പാമ്പുകടിയേറ്റ് അയാള്‍ മരിച്ചു.

ജോണ്‍ മാത്യുവിന്റെ ‘വാക്കുകള്‍ എങ്ങനെ രൂപപ്പെട്ടു…’ എന്ന ലേഖനമാണ് തുടര്‍ന്ന് ക്രിയാത്മക ചര്‍ച്ചയ്ക്ക് വിഷയമാക്കിയത്. ഒരു പ്രവാസി മലയാളിയെന്ന നിലയില്‍ ലേഖന കര്‍ത്താവ് തന്റെ ജന്‍മനാടായ കേരളത്തിലെത്തുമ്പോള്‍ പുതിയ പുതിയ വാക്കുകള്‍ ഭാഷയില്‍ രൂപപ്പെടുന്നതായി മനസിലാക്കി. ആര്, എവിടെനിന്നാണീ വാക്കുകള്‍ സൃഷ്ടിക്കുന്നത്..?

ലേഖനം ആക്ഷേപ ഹാസ്യത്തിന്റെ സ്വഭാവത്തിലുള്ളതാണ്. ഓരോ മലയാളം വാക്കിനും സന്ദര്‍ഭത്തിനനുസരിച്ച് വ്യത്യസ്ത അര്‍ത്ഥതലങ്ങളുണ്ട്. എന്നാല്‍ ഇതര ഭാഷകളില്‍നിന്ന് കടമെടുത്ത വാക്കുകളുമുണ്ട്. ‘കുഴിമന്തി’ എന്ന വാക്ക് വല്ലാതെ കുഴപ്പിച്ചുവെന്ന് തോന്നുന്നു.

ഇത് പശ്ചിമഘട്ട മലനിരകളില്‍ ജീവിക്കുന്ന പുതിയ ഇനം ജീവിയാണെന്ന് കരുതിയേക്കാം. എന്നാല്‍ കുഴിമന്തി കേരളത്തിലിപ്പോള്‍ സുലഭമായി കിട്ടുന്ന കോഴികൊണ്ടുള്ള ഒരുതരം അറബി ഭക്ഷണ വിഭവമാണ്. കരിങ്കുരങ്ങ് രസായനത്തെപ്പറ്റിയും ലേഖകന്‍ പരാമര്‍ശിക്കുന്നു. ഇതൊരു ആയുര്‍വേദ ഔഷധമാണ്.

റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. മാത്യു വൈരമണ്‍ അധ്യക്ഷത വഹിച്ച സാഹിത്യ ചര്‍ച്ചയില്‍ ഏവരും സജീവമായി പങ്കെടുക്കുകയും ക്രിയാത്മകമായ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. റൈറ്റേഴ്‌സ് ഫോറം സെക്രട്ടറി ചെറിയാന്‍ മഠത്തിലേത്ത് സ്വാഗതമാശംസിച്ചു. വിവിധ സബ് കമ്മിറ്റി അധ്യക്ഷന്‍മാര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.

റൈറ്റേഴ്‌സ് ഫോറത്തിന്റെ പുതിയ പുസ്തകം തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് പബ്‌ളീഷിങ് കോ-ഓര്‍ഡിനേറ്റര്‍ മാത്യു നെല്ലിക്കുന്ന് അറിയിച്ചു. സൃഷ്ടികള്‍ ഇനിയും അയയ്ക്കാത്തവര്‍ മാര്‍ച്ച് 31ന് മുമ്പായി നല്‍കേണ്ടതുണ്ട്. ഈശോ ജേക്കബിന്റെ സ്മരണിക കിട്ടാത്തവര്‍ റൈറ്റേഴ്‌സ് ഫോറം അധികൃതരുമായി ബന്ധപ്പെടുക. ഫോറത്തിന്റെ അടുത്ത മീറ്റിങ് മാര്‍ച്ച് 26-ാം തീയതി ഞായറാഴ്ച വൈകുന്നേരം 4.30 ന് നടക്കും.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments