Friday, March 24, 2023

HomeAmericaആർഷ ദർശനത്തെ ആദരിക്കാൻ ഒരു അമേരിക്കൻ പുരസ്‌കാരം

ആർഷ ദർശനത്തെ ആദരിക്കാൻ ഒരു അമേരിക്കൻ പുരസ്‌കാരം

spot_img
spot_img

സുരേന്ദ്രൻ നായർ

മഹാന്മാരായ മനീഷികളുടെയും ദീപ്തമായ ആദർശങ്ങളുടെയും നാമധേയത്തിൽ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ഇന്ന് നിലവിലുണ്ട്. അതിലേറെയും കലാസാഹിത്യ രംഗത്തുമാണ്, അത്തരത്തിലുള്ള ഒരു സാഹിത്യ പുരസ്‌കാരമാണ് കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക ( കെ. എച്. എൻ. എ) 2017 ൽ ആരംഭിച്ച
ആർഷ ദർശന പുരസ്‌കാരം.

പേര് സൂചിപ്പിക്കുന്നതുപോലെ ആർഷ ദർശനങ്ങൾ ( ഋഷി പാരമ്പര്യം ) അടിസ്ഥാന മൂല്യമാക്കി സാഹിത്യരചന നിർവഹിക്കുന്ന മലയാളത്തിലെ ഒരു എഴുത്തുകാരന് ഓരോ രണ്ടുവർഷത്തിലും നൽകുന്ന ഈ പുരസ്‌കാരത്തിനു ഈ വർഷം അർഹനായത് മലയാളത്തിലെ പ്രിയ കവിയും ബഹുമുഖ ചലച്ചിത്ര പ്രതിഭയുമായ ശ്രീകുമാരൻ തമ്പിയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 19 നു കെ. എച്. എൻ. എ. തിരുവനന്തപുരത്തു സംഘടിപ്പിച്ച ഹിന്ദു എൻക്ലേവിൽ വെച്ചു ബഹു: കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രീകുമാരൻ തമ്പിക്ക് പുരസ്‌കാരം സമ്മാനിച്ചു.

ഏഴര പതിറ്റാണ്ടിലേറെക്കാലമായി കാവ്യ രചനാ ശാഖയിലും ചലച്ചിത്ര മേഖലയിലും നിറസാന്നിധ്യമായ ശ്രീകുമാരൻ തമ്പി ദാർശനികമായ ഭാരതീയ കാവ്യ സിദ്ധാന്തത്തെ സാധാരണ ആസ്വാദകർക്കായി ലളിതമായ പദാവലികളിലൂടെ അവതരിപ്പിച്ചു പ്രശംസ പിടിച്ചുപറ്റിയ കാവ്യോപാസകനാണ്.

സാഹിത്യ രംഗത്തെ വള്ളത്തോൾ പുരസ്‌കാരം, ചലച്ചിത്ര ലോകത്തെ സമഗ്രസംഭാവനയ്ക്കുള്ള കേരള സർക്കാരിന്റെ ജെ.സി. ഡാനിയൽ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കെ. എച്. എൻ. എ. പ്രസിഡന്റ് ജി. കെ. പിള്ള, മഹർഷി ശക്തി ശാന്താനന്ദ, മുൻ മേഘാലയ ഗവർണ്ണർ കുമ്മനം രാജശേഖരൻ, പ്രൊ: വി. മധുസൂദനൻ നായർ, 2023 കൺവൻഷൻ ചെയർമാൻ രഞ്ജിത്ത് പിള്ള, ട്രസ്‌റ്റി ചെയർമാൻ രാമദാസ് പിള്ള, മറ്റു സംഘാടകരായ ഗോപിനാഥ കുറുപ്പ്, അനിൽ ആറമ്മുള, സഞ്ജീവ് ഷണ്മുഖൻ പിള്ള, ദിലീപ് കുമാർ, ടി. എൻ. നായർ, മാധവൻ ബി നായർ, ഡോ: എ. പി. സുകുമാർ, അനിൽ പിള്ള തുടങ്ങി നിരവധിപേർ പങ്കെടുത്ത പ്രൗഡഗംഭീരമായ സദസ്സ് പുരസ്‌കാര സമർപ്പണത്തിനു സാക്ഷ്യം വഹിച്ചു.

പ്രഥമ ആർഷ ദർശന പുരസ്‌കാര ജേതാവ് തൊട്ടടുത്ത വർഷം ജ്ഞാനപീഠലബ്ദിയിലൂടെ രാജ്യം ആദരിച്ച മഹാകവി അച്യുതൻ നമ്പൂതിരിയായിരുന്നു. മലയാളത്തിലെ പ്രമുഖ കഥാകാരനും നോവലിസ്റ്റുമായ സി. രാധാകൃഷ്ണൻ,പ്രശസ്ത നിരൂപകൻ ആഷാ മേനോൻ, കവി നാരായണക്കുറുപ്പ് എന്നിവരടങ്ങിയ നിർണ്ണയ സമിതിയാണ് ആദ്യത്തെ ജേതാവിനെ തെരഞ്ഞെടുത്തത്.

രണ്ടാമത്തെ പുരസ്‌കാര ലബ്ദിയിലൂടെ 2021 ൽ ആദരണീയനായത് ഗീതാ ദർശനം, തീക്കടൽ കടഞ്ഞു തിരുമധുരം തുടങ്ങിയ വൈഞ്ജാനിക കൃതികളിലൂടെയും നിരവധി നോവലുകളിലൂടെയും മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ സി. രാധാകൃഷ്ണൻ ആയിരുന്നു.

കലുഷിതവും സങ്കർഷപരവുമായ വർത്തമാന കാലത്തു പൗരാണിക ഭാരതീയ ദർശനങ്ങൾക്ക് വിശ്വമാനവികതയുടെ നൂതനമായ അദ്ധ്യായങ്ങൾ രചിക്കാൻ കഴിയുമെന്ന് ആദ്യത്തെ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് മഹാകവി അക്കിത്തം അഭിപ്രായപ്പെട്ടിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments