Wednesday, March 22, 2023

HomeAmericaസംഗീതം മോഹനം, ഓസ്‌കര്‍ പ്രഭയില്‍ ഇന്ത്യന്‍ സിനിമ ജ്വലിച്ചപ്പോള്‍...

സംഗീതം മോഹനം, ഓസ്‌കര്‍ പ്രഭയില്‍ ഇന്ത്യന്‍ സിനിമ ജ്വലിച്ചപ്പോള്‍…

spot_img
spot_img

സൈമണ്‍ വളാച്ചേരില്‍ (ചീഫ് എഡിറ്റര്‍), രാജേഷ് വര്‍ഗീസ് (ചെയര്‍മാന്‍)

വെള്ളിത്തിരയിലെ വിസ്മയ ദൃശ്യങ്ങളും മറക്കാനാകാത്ത ജീവിത മുഹൂര്‍ത്തങ്ങളും ത്രസിപ്പിക്കുന്ന സംഭാഷണശകലങ്ങളും അനുവാചകരുടെ മനം മയക്കുന്ന സംഗീതവും ആക്ഷനും കോമഡിയും സെന്റിമെന്‍സുമൊക്കെ എത്രമേല്‍ ലോകത്തിനു മുമ്പില്‍ മികച്ചതും മൗലികവും ആണെന്ന് തെളിയിക്കുന്ന ഓസ്‌കര്‍ നൈറ്റില്‍ വീണ്ടും ഇന്ത്യന്‍ സിനിമ ജ്വലിച്ചു.

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് പിന്നാലെ ലോകത്തെയാകെ നൃത്തമാടിച്ച ഇന്ത്യയുടെ ‘നാട്ടു നാട്ടു…’ പാട്ടിന് മികച്ച ഒറിജിനല്‍ സോങ്ങിനുള്ള ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചപ്പോള്‍ ആവേശം ആകാശത്തിനും മേലെയായി. അങ്ങനെ ലോക സംഗീതത്തിന്റെ നെറുകയിലെത്തി നില്‍ക്കുകയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ നാട്ടുപാട്ടായ ആര്‍.ആര്‍.ആറിലെ ഈ മോഹന ഗാനം.

കഴിഞ്ഞ കൊല്ലത്തെ ലോക സിനിമയിലെ ഏറ്റവും മികച്ച മൗലിക ഗീതമായി ഇത് അംഗീകരിക്കപ്പെട്ടതെന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. ആരവങ്ങളും കൈയടിയൊച്ചകളും മുഴങ്ങിയ ഓസ്‌കര്‍വേദിയെ പുളകം കൊള്ളിച്ച് ‘നാട്ടു നാട്ടു’വിന് ഈണമിട്ട എം.എം കീരവാണിയും പാട്ടെഴുതിയ ചന്ദ്രബോസും 95-ാം ഓസ്‌കര്‍ പുരസ്‌കാരത്തിലൂടെ മിന്നിത്തിളങ്ങി.

സ്വന്തം അനാഥത്വത്തെ അവഗണിച്ച്, അനാഥനായ ആനക്കുട്ടിയുടെ നാഥരായിത്തീരുന്ന ആദിവാസി ദമ്പതിമാരുടെ ജീവിതത്തിലൂടെ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരവും കൈവന്നപ്പോള്‍ ഇത്തവണ ഓസ്‌കറിലെ ഇരട്ടിമധുരം ഇന്ത്യക്ക് ആവേശാനുഭവമായി. തമിഴ്‌നാട്ടിലെ മുതുമല ദേശീയോദ്യാനത്തില്‍ ചിത്രീകരിച്ച ‘ദി എലിഫന്റ് വിസ്പറേഴ്‌സി’നാണ് മികച്ച ഹ്രസ്വ ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം.

ആദ്യമായാണ് ഹ്രസ്വ ഡോക്യുമെന്ററി വിഭാഗത്തില്‍ ഇന്ത്യയ്ക്ക് ഓസ്‌കര്‍ ലഭിക്കുന്നത്. തമിഴ്‌നാട്ടുകാരി കാര്‍ത്തികി ഗോണ്‍സാല്‍വസാണ് സംവിധായിക. കാര്‍ത്തികിയുടെ ആദ്യ സംവിധാന സംരംഭമാണിത്. മനുഷ്യരും അമ്മ നഷ്ടപ്പെട്ട ആനക്കുട്ടിയും തമ്മിലുള്ള ഗാഢബന്ധമാണ് ഈ ഡോക്യുമെന്ററി പറയുന്നത്. കാര്‍ത്തികി ഗോണ്‍സാല്‍വസും നിര്‍മാതാവ് ഗുര്‍ണീത് മോംഗയും ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ഇന്ത്യന്‍ നിര്‍മാതാക്കളുടേതാണ് രണ്ടു സൃഷ്ടികളും. ഇതും ആദ്യമാണ്.

ഇംഗ്ലീഷ് ഇതരഭാഷകളില്‍ നിന്ന് പുരസ്‌കാരം നേടുന്ന നാലാം ഗാനമാണ് നാട്ടു നാട്ടു. 2008ലാണ് ഇന്ത്യക്ക് ഇതിനുമുമ്പ് ഓസ്‌കര്‍ ലഭിക്കുന്നത്. അന്ന് ‘സ്ലം ഡോഗ് മില്ല്യണയറി’ലൂടെ എ.ആര്‍ റഹ്‌മാന്‍, ഗുല്‍സാര്‍, റസൂല്‍ പൂക്കുട്ടി എന്നിവരായിരുന്നു ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാനുള്ള വകനല്‍കിയത്.

മികച്ച ഗാനം, ഒറിജിനല്‍ സ്‌കോര്‍, സൗണ്ട് മിക്‌സിങ് എന്നിവയ്ക്കായിരുന്നു പുരസ്‌കാരം. മികച്ച ഗാനത്തിനുള്ള പുരസ്‌കാരം റഹ്‌മാനും ഗുല്‍സാറും പങ്കുവെച്ചു. അതിനുശേഷം 14 വര്‍ഷമെടുത്തു ഇന്ത്യക്ക് ഓസ്‌കര്‍ ശില്പത്തില്‍ കൈതൊടാനുള്ള അസുലഭ ഭാഗ്യം കൈവരാന്‍.

ലോകമെമ്പാടുമുള്ള സിനിമാ സ്‌നേഹികള്‍ എന്നും കൊതിക്കുന്ന ഒരു രാവാണ് ഓസ്‌കാര്‍ നൈറ്റ്. ഒരു സിനിമയുടെ ഇന്‍ട്രോ, ഇന്റര്‍വെല്‍, സസ്‌പെന്‍സ് എന്ന പോലെയാണ് ഓസ്‌കാര്‍ നൈറ്റിലെ അവാര്‍ഡ് ജേതാക്കളെ നിര്‍ണ്ണയിക്കുന്ന നിമിഷങ്ങളെ നെഞ്ചിടിപ്പോടെ ലോകം കാണുന്നത്.

കാരണമെന്തെന്നാല്‍ സിനിമ എന്നത് സമൂഹത്തിന്റെ പരിഛേദമാണ്. ബഹുമുഖപ്രതിഭയുള്ള ഒരു ചലചിത്ര പ്രതിഭ തന്റെ ചുറ്റുപാടുമുള്ള ജീവിതത്തെ ചമല്‍ക്കാരത്തോടെ സെല്ലുലോയിഡില്‍ അവതരിപ്പിക്കുമ്പോള്‍ അത് എത്രമാത്രം സത്യസന്ധമാണെന്ന് തെളിയിക്കുന്ന ജൂറിയുടെ അംഗീകാരമാണ് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍.

ജീവിതം സിനിമയ്ക്കു വേണ്ടി ഉഴിഞ്ഞ് വച്ചിട്ടുള്ള വ്യക്തികളുടെ കൂട്ടായ്മയാണ് ലൊക്കേഷനുകള്‍. കളിയും ചിരിയും തമാശയും എല്ലാം ഒത്തിണങ്ങുമ്പോള്‍ ആ ലൊക്കേഷനില്‍ മുഹൂര്‍ത്തങ്ങള്‍ പ്രകാശിതമാകുന്നു. ആ പ്രകാശത്തില്‍ നടനും നടിയും സംവിധായകനും തിരക്കഥാകൃത്തും ഛായാഗ്രാഹകരും മറ്റെല്ലാ സിനിമാ കുടുംബാംഗങ്ങളും ഒരുപോലെ ഒരു കഥ ആസ്വാദകര്‍ക്കു മുമ്പില്‍ സമര്‍പ്പിക്കുകയാണ്. അത് ലോകസിനിമാ പ്രേമികളുടെ ആദരവിന് നിലവിളക്ക് കൊളുത്തുന്ന ഓസ്‌കര്‍ വേദിയില്‍ അംഗീകരിക്കപ്പെടുമ്പോഴുണ്ടാകുന്ന ആഹ്ലാദത്തിനും ആരവങ്ങള്‍ക്കും അതിരുകളില്ല.

ഓസ്‌കര്‍ രാത്രിയില്‍ ജ്വലിക്കുന്ന ദീപങ്ങളാണ് ഓരോ അവാര്‍ഡ് ജേതാക്കളും. എല്ലാ രാജ്യത്തും നിന്നുള്ള മിഴിവിന്റെ സാക്ഷ്യമായി അവതരിക്കപ്പെട്ടിട്ടുള്ള സിനിമകളില്‍ നിന്നാണ് കൃത്യവും സത്യസന്ധവുമായ ഈ തിരഞ്ഞെടുപ്പ് നടത്തിയിട്ടുള്ളത്. ഓസ്‌കര്‍ രാവുകള്‍ നമ്മുടെ ചലച്ചിത്ര പ്രതീക്ഷകള്‍ക്കും വര്‍ത്തമാനകാല അവതരണത്തിനും ദൃശ്യ-മാധ്യമ സംസ്‌കാരത്തിനും പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കിക്കൊണ്ടാണ് വര്‍ഷം തോറും ആകര്‍ഷകമാവുന്നത്.

ഇനി പുത്തന്‍ കഥകളുണ്ടാവും. കഥാപാത്രങ്ങള്‍ മാറിവരും. സംഭാഷണങ്ങള്‍ക്കും ചമയസങ്കല്‍പ്പങ്ങള്‍ക്കും വ്യത്യാസം ഉണ്ടാവും. മാസ്മരിക സംഗീതവും കേള്‍ക്കാം. ലോക ജീവിതവും മാറിമറിഞ്ഞേക്കാം. പക്ഷേ, നമുക്ക് ഇഷ്ടം പോലെ സ്വപ്നം കാണാമല്ലോ. അടുത്ത ഒരു അവാര്‍ഡ് നൈറ്റിനു വേണ്ടി ഉറങ്ങാതെയിരിക്കുന്ന വലിയ സ്വപ്നം…അവിടെ ഇമ്പമാര്‍ന്ന പാട്ടുകളും ചടുലമായ സീനുകളുമായി ഇന്ത്യന്‍ സിനിമ വീണ്ടും വീണ്ടും തിളങ്ങുന്ന ഒരു നിറമുള്ള കിനാവ്…

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments