വാഷിംഗ്ടണ്‍: സര്‍ക്കാര്‍ ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോമിനെതിരേ ശക്തമായ പ്രതികരണം നടത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പല എക്‌സിക്യൂട്ടീവ് ഓഡറുകളും ഇറക്കിയത് പാം ബീച്ചിലുള്ള മാരാ ലാഗോ പഞ്ചനക്ഷത്ര സൗധത്തില്‍ നിന്നെന്ന ആരോപണം. ഇത് വര്‍ക്ക് ഫ്രം ഹോമിന് തുല്യമല്ലേയെന്നാണ് ചോദ്യമുയരുന്നത്. ‘ട്രംപ് എപ്പോഴും നിയമം ഉണ്ടാക്കും, പക്ഷേ അത് അനുസരിക്കേണ്ടത് മറ്റുള്ളവര്‍ മാത്രമാകും’ വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്യുന്ന ഒരു ഫെഡറല്‍ ജീവനക്കാരന്‍ അഭിപ്രായപ്പെട്ടു.
ട്രംപ് അധികാരമേറ്റ് ഫെഡറല്‍ ജീവനക്കാരെ തിരികെ ഓഫീസില്‍ വരാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍, ട്രംപ് മാരാ-ലാഗോയില്‍ നിന്ന് പ്രവര്‍ത്തിച്ച വാര്‍ത്തകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഫെബ്രുവരി 14 മുതല്‍ 19 വരെ ആഡംബര ഹോട്ടലിലിരുന്ന് എക്‌സിക്യൂട്ടീവ് ഓഡറുകള്‍ വരെ പുറപ്പെടുവിച്ചതായാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഓഫീസുകളില്‍ പോയാണ് ജോലി ചെയ്യേണ്ടതെന്നും വീട്ടില്‍ നിന്ന് ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു അധികാരത്തിലെത്തിയ ശേഷം ആദ്യം ട്രംപ് പ്രസ്താവിച്ചത്.
‘വര്‍ക്കിംഗ് ഫ്രം ഹോം ന്യായമില്ല. അവര്‍ വീട്ടിലിരുന്നാല്‍ ടെന്നിസ് കളിയും ഗോള്‍ഫ് കളിയും മറ്റു കാര്യങ്ങളുമായി നടക്കും. അവര്‍ ജോലി ചെയ്യുന്നില്ല’ എന്നും അന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരത്തില്‍ തങ്ങളെ കുറ്റപ്പെടുത്തിയ പ്രസിഡന്റ് അമേരിക്കന്‍ ഭരണം ഒരാഴ്ച്ചയോളം ആഡംബര ഹോട്ടലിലിരുന്നാണ് നടത്തിയതെന്നും ഇത് വര്‍ക്ക് ഫ്രം ഹോമിന് തുല്യമെന്നുമായിരുന്നു ഫെഡറല്‍ ജീവനക്കാരുടെ പ്രതികരണം. രണ്ട് എക്‌സിക്യൂട്ടീവ് ഓഡറുകള്‍ പാംബീച്ച് റിസോര്‍ട്ടില്‍ ഇരുന്ന് ട്രംപ് ഒപ്പുവെച്ചു. കൂടാതെ ദിവസങ്ങളോളം ഗോള്‍ഫ് കളിയിലും മുഴുകി. പത്രസമ്മേളനങ്ങളും ഔദ്യോഗിക യോഗങ്ങളും മാരാ-ലാഗോയില്‍ തന്നെ നടത്തി. തങ്ങളെ ഓഫീസില്‍ വരാന്‍ നിര്‍ബന്ധിക്കുന്ന ട്രംപിന്റെ കപടതയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും ജീവനക്കാര്‍ കൂട്ടിച്ചേര്‍ത്തു.