വാഷിംഗ്ടണ്‍: അമേരിക്കയില്‍ അറസ്റ്റിലായ ഇന്ത്യന്‍ ഗവേഷകന്‍ ബദര്‍ ഖാന്‍ സൂരിയെ നാടുകടത്താനുള്ള യുഎസ് സര്‍ക്കാരിന്റെ നീക്കം കോടതി തടഞ്ഞു. ഹമാസ് ബന്ധം ആരോപിച്ച് യുഎസില്‍ അറസ്റ്റിലായ ബദര്‍ ഖാന്‍ സൂരിയെ ഇന്ത്യയിലേക്ക് നാടു കടത്താനുള്ള നീക്കം ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് വിര്‍ജീനിയ കോടതി ജഡ്ജി പട്രീഷ്യ ടോളിവര്‍ ഗൈല്‍സ് ആണ് തടഞ്ഞുകൊണ്ട് ഉത്തരവിട്ടത്. ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നതു വരെ സൂരിയെ അമേരിക്കയില്‍ നിന്ന് നാടുകടത്തരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ ഗവേഷകനായിരുന്ന സൂരിയെ ഫലസ്തീന്‍ അനുകൂല പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. നാടുകടത്തല്‍ തടയണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ (എസിഎല്‍യു) ആണ് കോടതിയെ സമീപിച്ചത്. സൂരിയെ ലൂസിയാനയിലെ ഒരു ഇമിഗ്രേഷന്‍ തടങ്കല്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ഇത് ഭരണഘടനാവിരുദ്ധമാണെന്നും അഭിഭാഷക സോഫിയ ഗ്രെഗ് ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച രാത്രി വിര്‍ജീനിയയിലെ വീടിന് പുറത്തുവെച്ച് സൂരി അറസ്റ്റിലായത്. സൂരി ഹമാസ് പ്രചാരണം അനുകൂല പ്രചാരണം നടത്തുകയും സോഷ്യല്‍ മീഡിയയില്‍ ജൂതവിരുദ്ധത പ്രോത്സാഹിപ്പിക്കുകയും ചെയ്തു എന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ്യ മക്ലാഫ്ലിന്‍ എക്സില്‍ കുറിച്ചിരുന്നു. സൂരിയുടെ വീസ റദ്ദാക്കിയതായും തീവ്രവാദബന്ധം സംശയിക്കുന്നതായും സര്‍ക്കാര്‍ അറിയിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞിരുന്നു.