ഫ്ളോറിഡ: ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് 2017ല്‍ പുറത്തിയ ഒരു മലയാള ചലച്ചിത്രമാണ് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും…’ ഒരു മാല മോഷ്ടിച്ച് അത് വിഴുങ്ങുന്ന ഫഹദ് ഫാസിലിന്റെയും സൂരജാ വെഞ്ഞാറമൂടിന്റെയും ചിത്രമാണിത്. എന്നാല്‍ ഫ്‌ളോറിഡയില്‍ ഇതുപോലൊരു കള്ളന്‍ പിടിക്കപ്പെട്ടു.
പൊലീസിനെ കുഴക്കിയ ഒരു മോഷണക്കേസ് ആയിരുന്നു ഏകദേശം രണ്ടാഴ്ചയ്ക്ക് മുമ്പ് ഫ്ളോറിഡയില്‍ അരങ്ങേറിയത്. മോഷണത്തിനൊടുവില്‍ കള്ളന്‍ വലയില്‍ വീണെങ്കിലും, മോഷണമുതല്‍ തിരികെ കൊടുക്കാതിരിക്കാന്‍ അവ കള്ളന്‍ വിഴുങ്ങുകയാണ് ഉണ്ടായത്. പക്ഷേ ഫ്ളോറിഡാ പൊലീസിനോടാണോ കളി എന്ന മട്ടില്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ പൊലീസും കാത്തിരുന്നു. രണ്ടും മൂന്നും ദിവസമല്ല, നീണ്ട 14 ദിവസങ്ങള്‍, അതായത് രണ്ടാഴ്ച.
ഒടുവില്‍ ആറുകോടിയുടെ മുതല്‍ പൊലീസിന്റെ കയ്യിലെത്തി. ആറുകോടി രൂപയിലധികം (7,69,500 ഡോളര്‍) വിലവരുന്ന കമ്മലുകളല്ലേ കള്ളന്‍ വിഴുങ്ങിയത്..! വിട്ടുകൊടുക്കാന്‍ കഴിയില്ലല്ലോ.. അഭിമാനത്തിന്റെ കൂടെ പ്രശ്‌നം അല്ലെ. ടിഫാനി ആന്‍ഡ് കന്പനി എന്ന ജുവല്ലറിയുടെ ഒര്‍ലാന്‍ഡോയിലുള്ള കടയില്‍ കയറിയ 32-കാരനായ ജെയ്ന്‍ ഗില്‍ഡര്‍ രണ്ടുജോഡി വജ്രക്കമ്മല്‍ മോഷ്ടിച്ചു. പൊലീസ് ഇയാളെ പിടികൂടിയെങ്കിലും കമ്മലുകള്‍ വിഴുങ്ങി തടിതപ്പാനാണ് കള്ളന്‍ നോക്കിയത്.
വയറ്റില്‍ കമ്മലുണ്ടെന്ന് എക്സ് -റേയിലൂടെ ഉറപ്പിച്ച പൊലീസ് ഗില്‍ഡറെ ഒര്‍ലാന്‍ഡോ ആശുപത്രിയിലാക്കി കാത്തിരുന്നു. ”എന്റെ വയറ്റില്‍ എന്തെങ്കിലും ഉണ്ടെന്ന് വച്ച് കുറ്റം ചുമത്തുമോ..?” കസ്റ്റഡിയിലിരിക്കെ ഗില്‍ഡറുടെ സംശയമതായിരുന്നു. ഒടുവില്‍ മാര്‍ച്ച് 12 ന് കള്ളന്‍ പെട്ടു, സാധനം പുറത്തെത്തി. മോഷണംപോയ കമ്മലുകള്‍തന്നെയാണ് അതെന്ന് ജുവല്ലറി അധികൃതര്‍ സ്ഥിരീകരിക്കുകയും ചെയ്തതോടെ എല്ലാം സേഫ്. കള്ളനെയും പിടിച്ചു, തൊണ്ടിമുതലും കിട്ടി. ഇതോടെ ഗില്‍ഡര്‍ ഓറഞ്ച് കൗണ്ടി ജയിലിലായി. ചില്ലറക്കാരനല്ല പ്രതി, നേരത്തെയും ഒരുപാട് മോഷണം നടത്തിയിട്ടുള്ള ഗില്‍ഡറിന്റെ മേല്‍ കൊളറാഡോയില്‍ മാത്രം 48 വാറന്റുകളുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.