സാക്രമെന്‍റോ: കലിഫോര്‍ണിയയിലെ സാക്രമെന്‍റോയില്‍ നടന്ന വെടിവയ്പില്‍ പ്രതിയെന്നു സംശയിക്കുന്ന ആള്‍ പോലീസ് പിടിയിലായി. ഡാന്‍ഡ്രെ മാര്‍ട്ടിന്‍ എന്ന ഇരുപത്താറുകാരനാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ നിയമ വിരുദ്ധമായി ആയുധം കൈവശം വച്ചതിനു കേസെടുത്തു. ചൊവ്വാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കും. ജാമ്യം നിഷേധിച്ചിട്ടുണ്ട്.
ഞായറാഴ്ച മൂന്നു കെട്ടിടങ്ങളിലായി തിങ്ങിനിറഞ്ഞ ജനങ്ങള്‍ക്കു നേരെ നൂറിലധികം തവണ പ്രതി വെടിയുതിര്‍ത്തതായി പോലിസ് പറഞ്ഞു. നൂറിലധികം ഒഴിഞ്ഞ ഷെല്ലുകള്‍ സംഭവസ്ഥലത്തു നിന്നു കണ്ടെത്തിയിട്ടുണ്ട്.
മാര്‍ട്ടിനെതിരെ ഇതുവരെ കൊലപാതകത്തിനു കേസെടുത്തിട്ടില്ലെന്നു ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ആനി മേരി പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.
കൊല്ലപ്പെട്ട ആറുപേരുടെ വിവരങ്ങള്‍ പോലിസ് വെളിപ്പെടുത്തി. സംഭവത്തില്‍ ഒന്നില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്നും പോലിസ് അന്വേഷിച്ചുവരുന്നു.
ഒന്നര വര്‍ഷം അരിസോണ ജയിലില്‍ ശിക്ഷ കഴിഞ്ഞ മാര്‍ട്ടിന്‍ 2020 ലാണ് മോചിതനായത്. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. വെടിവച്ചതിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല. വെടിവയ്പില്‍ പരിക്കേറ്റ 12 പേരില്‍ ഏഴു പേരെ ചികിത്സയ്ക്കു ശേഷം വിട്ടയച്ചു. അഞ്ചു പേരുടെ നില ഗുരുതരമായി തുടരുന്നു.
പി.പി. ചെറിയാന്‍