ഫ്രാൻസിസ് തടത്തിൽ
ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2022 -2024 വർഷത്തെ യൂത്ത് വിഭാഗം ട്രസ്റ്റി ബോർഡ് മെമ്പർ സ്ഥാനത്തേക്ക് ന്യൂജേഴ്‌സിയിൽ നിന്നുള്ള യുവ നേതാവ് ടോണി കല്ലക്കാവുങ്കൽ മത്സരിക്കുന്നു. മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി(മഞ്ച്)യുടെ സജീവ പ്രവർത്തകനായ ടോണി 2016 -2018 ലെ ഫൊക്കാന ഭരണസമിതിയിൽ ഭരണസമിതിയിൽ യൂത്ത് വിഭാഗം നാഷണൽ കമ്മിറ്റി അംഗമായിരുന്നു. ടോണിയുടെ സഹോദരി ടീന കല്ലക്കാവുങ്കൽ 2018-2020 ൽ ഫൊക്കാനയുടെ യൂത്ത് വിഭാഗം മുൻ നാഷണൽ കമ്മിറ്റി അംഗമാണ്.
മഞ്ചിന്റെ നേതൃനിരയിൽ സജീവമായി പ്രവർത്തിച്ചു വരുന്ന പിതാവ് ആന്റണി കല്ലക്കാവുങ്കൽ മഞ്ചിന്റെ ഇപ്പോഴത്തെ ജനറൽ സെക്രെട്ടറിയും മുൻ ജോയിന്റ് സെക്രെട്ടറി,ജോയിന്റ് ട്രഷറർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അമ്മ കാതറീൻ കല്ലക്കാവുങ്കൽ മഞ്ചിന്റെ വിമൻസ് ഫോറം മുൻ സെക്രെട്ടറിയുമാണ്.
ഫൊക്കാനയുടെ സജീവ പ്രവർത്തകനായ പിതാവ് ആന്റണിക്കൊപ്പം ഫൊക്കാന കൺവെൻഷനുകൾ ഉൾപ്പെടെ പല പദ്ധതികളുടെയും ഭാഗഭാക്കയിട്ടുള്ള ടോണി നന്നേ ചെറുപ്പത്തിൽ തന്നെ ഫൊക്കാനയുടെ ആശയങ്ങളുമായി യോജിച്ച് സജീവമായി പ്രവർത്തന രംഗത്തുണ്ട്. പിതാവ് ആന്റണിയുടെ പാത പിന്തുടർന്നുകൊണ്ട് സംഘടനാ രംഗത്ത് ചുവടുറപ്പിച്ച ടോണി ഫൊക്കാനയുടെ യൂത്ത് വിഭാഗം നാഷണൽ കമ്മിറ്റി അംഗമായിരിക്കെ തന്റെ നേതൃ പാടവം തെളിയിച്ചു കഴിഞ്ഞതാണ്. മഞ്ചിന്റെ കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ ബോർഡ് അംഗമായി മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ടോണിക്ക് മഞ്ചിന്റെ പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ന്യൂജേഴ്സിയിലെ ഈസ്റ്റ് ഹാനോവറിൽ താമസിക്കുന്ന പാലാ പ്രവിത്താനം സ്വദേശിയായ ടോണിയുടെ പിതാവ് 37 വർഷം മുൻപ് അമേരിക്കയിൽ കുടിയേറിയതാണ്.അമേരിക്കയിൽ ജനിച്ചു വളർന്ന ടോണി ഇപ്പോൾ റാഗ്സ് യു.എസ്. എ (RUGS -USA) എന്ന കമ്പനിയിൽ സോഫ്റ്റ് വേർ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു. കമ്മ്യൂണിറ്റി സേവനകളിൽ സമയം കണ്ടെത്തുന്ന ഈ യുവ പ്രതിഭക്ക് ഫൊക്കാനയുടെ വരും കാലങ്ങളിൽ ഒട്ടേറെ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ കഴിയുമെന്നാണ് നേതൃത്വം കരുതുന്നത്. ലീല മാരേട്ട് പ്രസിഡണ്ട് ആയി മത്സരിക്കുന്ന ടീമിൽ നിന്നാണ് ടോണി ട്രസ്റ്റി ബോർഡ് അംഗമായി മത്സരിക്കുന്നത്.
പിതാവ് ആന്റണി വിപ്പണി ജി.ഇ. (GE) ഏവിയേഷൻ കമ്പനയിൽ ഏവിയേഷൻ ക്വാളിറ്റി കൺട്രോൾ ഇൻസ്‌പെക്ടർ ആണ്. സെയിന്റ് ബർണബാസ് മെഡിക്കൽ സെന്ററിൽ നേഴ്സ് ആയി ജോലി ചെയ്യുകയാണ് അമ്മ കാതറിനും സഹോദരി ടീനയും. ഭാര്യ: ജെന്നി ജോർജ് (പ്രൊജക്റ്റ് മാനേജർ, ഹെൽത്ത് കെയർ ഇന്റർആക്റ്റീവ് Healthcare interactive)