പി.പി. ചെറിയാന്‍
വാഷിംഗ്ടണ്‍ ഡിസി: പാക്കിസ്ഥാനില്‍ പര്യടനം നടത്തുന്ന യുഎസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിന്‍റെ പാക്ക് അധീന കാഷ്മിര്‍ സന്ദര്‍ശനത്തെ ഇന്ത്യ അപലപിച്ചു.
ഏപ്രില്‍ 20 മുതല്‍ 24 വരെയാണ് ഒമര്‍, പാക്കിസ്ഥാനില്‍ പര്യടനം നടത്തുന്നത്. ഇന്ത്യയുടെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നതും സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമായ ഒമറിന്‍റെ സന്ദര്‍ശനം ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതിയെയാണു പ്രതിഫലിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യവകുപ്പ് വക്താവ് അരിന്ദം ബാക്‌ചി അഭിപ്രായപ്പെട്ടു. അവര്‍ ഉള്‍പ്പെടുന്ന രാജ്യത്തോ അവരുടെ ബിസിനസിലോ അവര്‍ക്കു എന്തുമാകാം എന്നാല്‍ ഇന്ത്യയുടെ അതിര്‍ത്തിയെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെടുന്നതു തികച്ചും പ്രതിഷേധാര്‍ഹമാണെന്നും വക്താവ് ചൂണ്ടിക്കാട്ടി.
അതേസമയം, പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനിടയില്‍ അധികാരത്തില്‍ നിന്നു പുറത്താക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ സന്ദര്‍ശിച്ച ഒമറിന്‍റെ നടപടിയെ ചോദ്യം ചെയ്തു പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രി റാണാ സനുള്ളയും രംഗത്തെത്തി. ഇതൊരു ഗൂഡാലോചനയുടെ ഭാഗമോ, അതോ ആഭ്യന്തര ഇടപെടലോ- റാണാ ഒരു പ്രസ്താവനയില്‍ ചോദിച്ചു.
തന്നെ ഭരണത്തില്‍ നിന്നു നീക്കം ചെയ്യുന്നതിനു പ്രതിപക്ഷം യുഎസുമായി ഗൂഡാലോചന നടത്തിയെന്ന് ഇമ്രാന്‍ഖാന്‍ ആവര്‍ത്തിച്ച് ആരോപിച്ചിട്ടും എന്തുകൊണ്ടാണ് യുഎസ് കോണ്‍ഗ്രസ് അംഗം അദ്ദേഹത്തെ സന്ദര്‍ശിച്ചതെന്നും റാണാ ചോദിച്ചു. കളങ്കിതനായ മുന്‍ പ്രധാനമന്ത്രി നിരപരാധിയാണെന്നു ജനങ്ങള്‍ക്കു മുമ്ബില്‍ ബോധ്യപ്പെടുത്തണം. ഇതിനെകുറിച്ചു അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും മന്ത്രി റാണ കൂട്ടിചേര്‍ത്തു.
യുഎസ് കോണ്‍ഗ്രസില്‍ ആകെയുള്ള രണ്ടു മുസ്‌ലിം അംഗങ്ങളില്‍ ഒരാളാണ് ഒമര്‍. സൊമാലിയായില്‍ ജനിച്ച ഇവര്‍, അവിടെ ആഭ്യന്തര കലാപത്തെ തുടര്‍ന്നു ആറം വയസിലാണ് അമേരിക്കയില്‍ എത്തുന്നത്. 1990 ല്‍ അമേരിക്കയില്‍ എത്തിയ ഇവര്‍ 1997 ല്‍ മിനിസോട്ടയില്‍ താമസമാക്കി. അവിടെ നിന്നാണു യുഎസ് കോണ്‍ഗ്രസിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.