ബിജു ജോൺ.
ന്യൂയോർക്ക് ∙ ന്യൂയോർക്ക് മലയാളി അസോസിയേഷന്റെ (നൈമ) പ്രവർത്തനോദ്ഘാടനം പ്രൗഢഗംഭീരം. ന്യൂയോർക്കിലുള്ള ടൈസൺ സെന്ററിൽ നൈമയുടെ 2022- 2023 ലെ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. ന്യൂയോർക്ക് സ്‌റ്റേറ്റ് ഏഷ്യൻ കമ്യൂണിറ്റി അഫയേഴ്‌സ് ഡയറക്ടർ സിബു നായരായിരുന്നു ചടങ്ങുകൾ ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ലാജി തോമസ് അധ്യക്ഷത വഹിച്ചു. ഫോമാ പ്രസിഡന്റ് അനിയൻ ജോർജ് മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി സിബു ജേക്കബ് സ്വാഗതവും ട്രഷറർ ജോർജ് കൊട്ടാരം നന്ദിയും അറിയിച്ചു.
അമേരിക്കൻ ദേശീയ ഗാനം എമ്മാ കുര്യനും, അഞ്ചന മൂലയിൽ ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു. സുജിത് മൂലയിൽ ആലപിച്ച പ്രാർഥനാഗാനത്തോടെ ചടങ്ങിന് തുടക്കമായി. സുനിൽ ട്രൈസ്റ്റാർ (നിയുക്ത പ്രസിഡന്റ് ഐപിസിഎൻ ) ജേക്കബ് കുര്യൻ (മുൻ നൈമ പ്രസിഡന്റ്) ബിനോയ് തോമസ് (ഫോമാ മെട്രോ റീജിയൻ വൈസ് പ്രസിഡന്റ് ) എന്നിവർ ആശംസ പ്രസംഗം നടത്തി.
വൈസ് പ്രസിഡന്റ് സാം തോമസ്, ജോ. ട്രഷറർ സാജു തോമസ്, ട്രസ്റ്റി ബോർഡ് അംഗങ്ങളായ രാജേഷ് പുഷ്പരാജൻ, മാത്യു വർഗീസ് (അനി), ജെയ്‌സൺ ജോസഫ്, പിആർഒ. ഡോൺ തോമസ്, വുമൺസ് ഫോറം അംഗങ്ങളായ നൂപ കുര്യൻ, സ്മിത രാജേഷ്, യൂത്ത് കോ-ഓർഡിനേറ്റർ ക്രിസ്‌റ്റോ അബ്രഹാം, എന്നിവരായിരുന്നു ചടങ്ങിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയത്.
മാത്യു ജോഷ്വാ (ബോർഡ് ചെയർമാൻ), ലിഷ തോമസ് (വുമൺസ് ഫോറം കോഓർഡിനേറ്റർ) എന്നിവരായിരുന്നു എംസിമാർ. അലീന തോമസ്, അഞ്ജന മൂലയിൽ, നൂപ കുര്യൻ, എമ്മ കുര്യൻ, എവാ കുര്യൻ എന്നിവർ അവതരിപ്പിച്ച നൃത്തവും ജോസ് കുര്യൻ, സുജിത് മൂലയിൽ തുടങ്ങിയവരുടെ ഗാനങ്ങളും പരിപാടിക്ക് കൂടുതൽ മിഴിവേകി. ഫോമയുടെ സ്‌നേഹദരങ്ങളുമായി ഫോമാ നേതാക്കളും ഭാരവാഹികളും ചടങ്ങിൽ ആശംസകളുമായി എത്തിയിരുന്നു.