ചിക്കാഗോ : : അല (ആർട് ലൗവേഴ്സ് ഓഫ് അമേരിക്ക) അക്കാദമിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മലയാളം ഇ- സ്‌കൂളിന്റെ പ്രവർത്തനങ്ങൾ ഒരുവർഷം തികയുന്നതിന്റെ ഭാഗമായി വിപുലമായ വാർഷികാഘോഷ പരിപാടികൾ 2022 മെയ് ഒന്നിന് നടക്കും.
മലയാളം മിഷന്റെ പൂർണ്ണമായ സഹായ സഹകരണങ്ങളോടെയാണ് അല നേതൃത്വം നൽകിയ മലയാള ഭാഷാ പഠന പദ്ധതിയുടെ ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കുന്നത് . അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നൂറോളം കുട്ടികളാണ് അല അക്കാദമിയിൽ ഓൺലൈൻ വഴി മലയാള ഭാഷാപഠനം നടത്തുന്നത് . അല ഇ- സ്കൂളിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളും മികച്ച നിലവാരത്തിൽ പരിശീലനം നേടി തിളക്കമാർന്ന വിജയത്തോടെ ഒരു വർഷം പൂർത്തിയാക്കിയത് അലക്ക് അഭിമാനാർഹമായ നേട്ടമാണ്. മലയാള ഭാഷാ പഠനത്തിനു പുറമെ കുട്ടികൾക്കായി കവിതയും, ചിത്രക്കലയും, മാജിക്കും അടങ്ങിയ ഒരു വേനൽക്കളരിയും അല ഒരുക്കിയിട്ടുണ്ട്.
മലയാളം മിഷന്റെ പ്രത്യേക പരിശീലനം ലഭിച്ച അലയുടെ അംഗങ്ങളായ ഇരുപതോളം വോളന്റിയർമാരാണ് ഭാഷാ പഠനത്തിൽ കുട്ടികൾക്കുള്ള പരിശീലനം നടത്തുന്നത് . 2022 മെയ് ഒന്നിന് സംഘടിപ്പിക്കുന്ന സ്‌കൂൾ ഡേ ആഘോഷം അക്ഷരകേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.
മലയാളം മിഷൻ മുൻ ഡയറക്ടർ ഡോ. സുജ സൂസൻ, മലയാളം മിഷൻ ഡയറക്ടറും മലയാളിയുടെ സ്വന്തം കവിയുമായ മുരുകൻ കാട്ടാക്കട തുടങ്ങിയവർ വാർഷിക സമ്മേളനം സാന്നിധ്യംകൊണ്ടും അനുഗ്രഹാശംസകളാലും ധന്യമാക്കും. അല അക്കാദമി വിദ്യാർത്ഥികളുടെ കലാപരിപാടികൾ വാർഷികാഘോഷത്തിന് മോടികൂട്ടും
2022 മെയ് ഒന്നിന് ഈസ്റ്റേൺ സമയം 11.00 (സെൻട്രൽ സമയം 10.00)ന് സൂം മീറ്റിങ്ങിലൂടെ സംഘടിപ്പിച്ചിരിക്കുന്ന വാർഷികാഘോഷങ്ങൾ ഐഡി 88408043344 ലൂടെ വീക്ഷിക്കുവാനുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. വാർഷികാഘോഷ ചടങ്ങുകൾക്ക് അലയുടെ പ്രസിഡണ്ട് ഷിജി അലക്സ് അധ്യക്ഷയായിരിക്കും.