പി പി ചെറിയാൻ
വിസ്‌കോണ്‍സില്‍: വിസ് കോണ്‍സിലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പത്തുവയസുകാരിയോട് പരിചയക്കാരനായിരുന്ന പതിനാലുകാരന്‍ കാണിച്ചത് ഭീകരരെപോലും ലജ്ജിപ്പിക്കുന്ന അതിക്രൂരത. ചിപ് വെ കൗണ്ടിയിലായിരുന്നു ഈ ദാരുണ സംഭവം. വ്യാഴാഴ്ച പുറത്തു വിട്ട പ്രാഥമിക ഓട്ടോപ്‌സി റിപ്പോര്‍ട്ടിലാണ് ലില്ലിപിറ്റേഴ്‌സ് കൊല്ലപ്പെട്ടതെങ്ങനെയെന്ന് കൊറോണര്‍ ചൂണ്ടികാണിച്ചത്.
ഈ സംഭവുമായി അറസ്റ്റിലായ പതിനാലുകാരന്‍ ലില്ലിയെ കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടിയാണ് ആന്റിയുടെ വീടിനടുത്തുള്ള വൃക്ഷ നിബിഡമായ പ്രദേശത്തേക്ക് കൂട്ടികൊണ്ടു പോയതെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
റോഡിലൂടെ അല്പദൂരം നടന്നതിനുശേഷം ഒരു വശത്തേക്ക് മാറിയതോടെ ലില്ലിയെ ആണ്‍കുട്ടി തള്ളി താഴെയിടുകയായിരുന്നു. നിലത്തുവീണ ലില്ലിയുടെ തലയിലും ശരീരത്തിലും മര്‍ദ്ദിക്കുകയും, വയറ്റില്‍ കാലുകൊണ്ടു ചവിട്ടുകയും ചെയ്തു. തുടര്‍ന്നാണ് ലൈംഗീകമായി ലില്ലിയെ പീഡിപ്പിച്ചത്. എന്നിട്ടും ജീവനോടെ വിടുവാന്‍ തയ്യാറാകാതിരുന്ന ലില്ലിയുടെ കഴുത്തു ഞെരിച്ചാണ് അവസാന ശ്വാസവും നിലച്ചതായി ഉറപ്പു വരുത്തിയത്.
പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പേര്‍ വെളിപ്പെടുത്താത്ത പതിനാലുകാരനെതിരെ മൂന്നു വകുപ്പുകളാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍, ഫസ്റ്റ് ഡിഗ്രി സെക്ഷ്വല്‍ അസോള്‍ട്ട്, 13 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമം എന്നിവ. കോടതിയില്‍ ഹാജരാക്കിയ കുട്ടിക്ക് ഒരു മില്യണ്‍ ഡോളര്‍ ജാമ്യം അനുവദിച്ചു. പ്രായപൂര്‍ത്തിയായവര്‍ക്കെതിരെ ചാര്‍ജ്ജു ചെയ്യപ്പെട്ട കേസ്സില്‍ കുട്ടിയെ മെയ് 5ന് വീണ്ടും കോടതിയില്‍ ഹാജരാക്കും.