ജയ് ചന്ദ്രന്‍
കൊന്നപ്പൂക്കളുടെ നിറശോഭയില്‍ ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ ഈ വർഷത്തെ വിഷു ആഘോഷിച്ചു. ആര്‍ഭാടവും ലാളിത്യവും സമന്വയിച്ച അമേരിക്കന്‍ മലയാളി കൂട്ടായ്മക്ക് കര്‍ണികാര പൂക്കള്‍ സാക്ഷിയായി.
ലോക ഹൈന്ദവ സമാജത്തിന്റെ നേര്കാഴ്ച്ചയായ ചിക്കാഗോ ഗീതാമണ്ഡലം, ചിക്കാഗോയിലെ സദ് ജനങ്ങൾക്കായി ഒരുക്കിയത്, ഒരിക്കലും മറക്കാനാവാത്ത വിഷു പൂജകളും, വിഷു ആഘോഷങ്ങളും ആണ്.

ഏപ്രിൽ 15 , ശനിയാഴ്ച രാവിലെ ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരിയുടെയും ശ്രീ അനുരാഗ് വേലുകാട്ടിൽ സ്വാമിയുടെയും കാര്‍മ്മികത്വത്തില്‍ മഹാഗണപതി ഹോമങ്ങളോടെയാണ് ഈ വർഷത്തെ മഹാവിഷു പൂജകൾ ആരംഭിച്ചത്. തുടർന്ന് പുരുഷസൂക്തങ്ങളാലും ശ്രീ സൂക്തങ്ങളാലും വിശേഷാൽ ശ്രീകൃഷ്ണ പൂജ നടത്തി. അതിനുശേഷം കണിക്കൊന്നയാൽ അലങ്കരിച്ച ക്ഷേത്രങ്കണത്തിൽ, സർവ്വാഭരണ വിഭുഷിതനായ ഉണ്ണിക്കണ്ണന്റെ വിഗ്രഹത്തിനുമുന്നിൽ എഴുതിരി വിളക്കുകൾ തെളിച്ച്, പാരമ്പര്യത്തിന്റെ പ്രൗഢിയെ ഓര്‍മ്മിപ്പിക്കുന്ന പ്രപഞ്ചത്തിന്റെ സര്‍വ്വ ഐശ്വര്യങ്ങളും സമ്മേളിച്ച ഓട്ടുരുളികളിൽ, ഗ്രന്ഥവും പഴുത്ത അടക്കയും വെറ്റിലയും കോടിവസ്ത്രവും വാല്‍ക്കണ്ണാടിയും കണിക്കൊന്നയും കണിവെള്ളരിയും, കണ്‍മഷി, ചാന്ത്, സിന്ദൂരം തുടങ്ങിയവയും നാളികേരമുറിയും നാരങ്ങയും,ചക്കയും, മത്തനും, കുമ്പളങ്ങയും, മാങ്ങയും, നാണയവും തുടങ്ങി നയനാനന്ദകരവും, ഐശ്വര്യദായകവുമായ വിഭവങ്ങളോടുകൂടിയ കണിയാണ് ചിക്കാഗോ ഗീതാമണ്ഡലം ഒരുക്കിയത്.

വിഷുദിനത്തില്‍ കിട്ടുന്ന കൈനീട്ടമനുസരിച്ചായിരിക്കും ആ വര്‍ഷം ലഭിക്കുന്ന വരുമാനവും എന്നാണ് വിശ്വാസം. കണി കണ്ട ശേഷം കുട്ടികൾക്കും മുതിര്‍ന്നവർക്കും ശ്രീ വിശ്വനാഥൻജി,യും, ശ്രീ വേണു വലയൽനാൽജിയും, മാതൃവാത്സല്യത്തിന്റെ നിറദീപമായ ശ്രീമതി മണി ചന്ദ്രനും വിഷു കൈനീട്ടം നൽകി. തുടർന്ന് കുഞ്ഞുങ്ങൾ നയിച്ച കൃഷ്ണഭജനയും ശാന്തി മന്ത്രങ്ങളും, നാരായണീയ പാരായണവും നടത്തി. ഭാരതീയസംസ്കാരത്തിൽ അടിസ്ഥാനമാക്കി കുഞ്ഞുങ്ങൾ ഒരുക്കിയ കലാപരിപാടികളും നാരായണീയത്തെ അടിസ്ഥനാക്കി സ്ത്രീകള്‍ അവതരിപ്പിച്ച നൃത്തവും ഈ വർഷത്തെ വിഷുവിന് മാറ്റ് കൂട്ടി. വിവിധക്കറിക്കൂട്ടുമായി കുത്തരിച്ചോറും പായസവുമായി ഒരുക്കിയ വിഷുസദ്യയും സത് ജനങ്ങൾക്ക് പ്രത്യക അനുഭൂതി നൽകി.

വിഷു മലയാളികൾക്ക് കേവലം ആഘോഷദിനങ്ങളോ, വെറും കലോത്സവങ്ങളോ അല്ല, മറിച്ച് അതൊരു സംസ്‌കാരത്തിന്റെ ജീവപ്രവാഹിനി ആണ് എന്ന് നാം മനസിലാക്കുകയും ഇത് പോലുള്ള ഒത്തു ചേരലുകളിലൂടെ, അടുത്ത തലമുറക്ക് മനസിലാക്കികൊടുക്കുമ്പോൾ മാത്രമേ മലയാളികളെന്ന നിലയില്‍ പൂര്‍വിക പുണ്യം നമ്മില്‍ വര്‍ഷിക്കപ്പെടൂ. അത് പോലെ തന്നെ പാരമ്പര്യമൂല്യങ്ങള്‍ പങ്കിടുന്ന ഒരു തലമുറ ഒരിക്കലും പതിരായിപ്പോകില്ല എന്ന സനാതന സത്യം തിരിച്ചറിഞ്ഞത് കൊണ്ടാണ് ചിക്കാഗോ ഗീതാമണ്ഡലം വിഷു ആഘോഷങ്ങൾ ഇപ്രകാരം ആഘോഷിക്കുന്നത് എന്ന് ഗീത മണ്ഡലം അല്മീയ ആചാര്യൻ ശ്രീ.ആനന്ദ് പ്രഭാകർ അഭിപ്രായപ്പെട്ടു.

പൂജകൾക്ക് നേതൃത്വം നൽകിയ ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരിക്കും, ശ്രീ അനുരാഗ് വേലുകാട്ടിൽ സ്വാമിക്കും, ഈ വർഷത്തെ വിഷു പൂജകൾ പരിപാടികൾക്ക് നേതൃത്വം നൽകിയ ശ്രീമതി ലതിക കൃഷ്ണനും, വിഷു കൈനീട്ടം സ്പോൺസർ ചെയ്ത ശ്രീ ജയ് ചന്ദ്രനും, ഈ വര്‍ഷത്തെ വിഷുആഘോഷം വിപുലവും കേരളീയതയും നിറച്ച് ഇത്രയും മനോഹരമാക്കാന്‍ സ ഹകരിച്ച എല്ലാ ബോർഡ് അംഗങ്ങൾക്കും, ഗീതാമണ്ഡലം വനിതാ പ്രവർത്തകർക്കും, വിഷു ആഘോഷങ്ങളിൽ പങ്കെടുത്ത എല്ലാ ഭക്ത ജനങ്ങൾക്കും സെക്രട്ടറി ബൈജു എസ്. മേനോനും പ്രത്യേകം നന്ദി അറിയിച്ചു. വൈകുന്നേരം ഗീതാമണ്ഡലം തറവാട്ടിൽ കുട്ടികൾ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും 2023 ലെ വിഷു ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ചു.