വാഷിംഗ്ടൺ: പ്രതികാരച്ചുങ്കം ചുമത്തിയ രാജ്യങ്ങളെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. തന്നോട് ചർച്ച നടത്താൻ ശ്രമിക്കുന്ന രാജ്യങ്ങൾ എന്തിനും തയ്യാറാണെന്ന് ട്രംപ് പ്രതികരിച്ചു. ഒത്തു തീർപ്പിലെത്താൻ രാജ്യങ്ങൾ വിളിച്ചു കെഞ്ചുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. നാഷണൽ റിപ്പബ്ലിക്കൻ കോൺഗ്രഷണൽ കമ്മിറ്റിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സര്‍, ദയവായി കരാർ ഉണ്ടാക്കൂ, അതിന് വേണ്ടി എന്തു ചെയ്യാനും ഞങ്ങൾ തയ്യാറാണ് എന്നാണ് മറ്റു രാജ്യങ്ങൾ പറയുന്നതെന്നും ട്രംപ് വെളിപ്പെടുത്തി. ചില വിമത റിപ്പബ്ലിക്കൻ അംഗങ്ങൾ കരാറിലെത്താനായി അമേരിക്കയുടെ പ്രതിനിധിസഭയായ കോണ്‍ഗസിനെ അനുവദിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാൽ കോണ്‍ഗ്രസിനെക്കാള്‍ മികച്ച ഇടനിലക്കാരന്‍ താനാണെന്ന് ട്രംപ് പറഞ്ഞു. കോണ്‍ഗ്രസിന്റെ ചർച്ചകളിൽ ചൈനയടക്കമുള്ള രാജ്യങ്ങൾ സന്തുഷ്ടരാണെന്നും കോൺഗ്രസിന്റെ ചർച്ചകൾ അമേരിക്കയെ വിൽക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.