വാഷിങ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ ഇസ്രായേൽ നേതൃത്വം നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവ പദ്ധതിയിൽ നിന്നും പിന്മാറിയില്ലെങ്കിൽ ഇറാനെ ആക്രമിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. യുഎസ്-ഇറാൻ ഉദ്യോഗസ്ഥരുടെ ചർച്ച നടക്കാനിരിക്കെയാണ് ട്രംപിന്റെ പുതിയ ഭീഷണി. ഇറാനെതിരെ സൈന്യം ആവശ്യമാണെങ്കിൽ സൈന്യം ഉണ്ടാക്കുമെന്നും ട്രംപ് പറഞ്ഞു.
സൈനിക നീക്കത്തിൽ ഇസ്രായേലിന് പങ്കാളിത്തം ഉണ്ടാകുമെന്നും ഇസ്രായേലായിരിക്കും നേതാവെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. നേരത്തെ ഇറാനുമായുള്ള പ്രശ്നങ്ങൾ തീർക്കാനായി യുഎസ് നടത്തുന്ന നയതന്ത്ര ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചിരുന്നു.
2015ൽ യു.എസും മറ്റ് ചില രാജ്യങ്ങളും ഇറാനും ചേർന്ന് ഒരു കരാർ ഉണ്ടാക്കിയിരുന്നു. സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുന്നതിന് പകരമായി ഇറാൻ യുറേനിയം സമ്പുഷ്ടീകരണം പരിമിതപ്പെടുത്തുമെന്നാണ് കരാറിലെ വ്യവസ്ഥ. എന്നാൽ, ഡോണൾഡ് ട്രംപ് ഏകപക്ഷീയമായി കരാറിൽ നിന്നും പിന്മാറുകയായിരുന്നു. 2021ൽ ബൈഡൻ ഭരണകാലത്ത് ആണവകരാർ പുനഃസ്ഥാപിക്കാനുള്ള ചർചകൾ ഇറാനുമായി നടത്തിയെങ്കിലും അതിൽ ഫലപ്രാപ്തിയുണ്ടായിരുന്നില്ല. ഇറാനും യുറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ കഴിയാതിരുന്നതാണ് കരാറുണ്ടാക്കുന്നതിന് തടസമായിരുന്നത്.