അറ്റ്‌ലാന്റ: ഹിന്ദുവിരുദ്ധതക്കെതിരെ നിയമം പാസാക്കാനൊരുങ്ങി ജോര്‍ജിയ സ്റ്റേറ്റ്. ഹിന്ദുവിരുദ്ധതക്കെതിരേയും ഹിന്ദുവിവേചനത്തിനെതിരേയും നടപടിയെടുക്കാന്‍ ആവശ്യപ്പെടുന്ന ബില്ലാണ് സെനറ്റില്‍ അവതരിപ്പിക്കുന്നത്. 2023 ല്‍ ഹിന്ദു വിരുദ്ധതയ്ക്കെതിരെ ജോര്‍ജിയ പ്രമേയം പാസ്സാക്കിയിരുന്നു. ഇപ്പോഴത്തെ ബില്‍ പാസായാല്‍ ഹിന്ദുവിരുദ്ധതക്കെതിരെ നിയമം പാസാക്കുന്ന ആദ്യ അമേരിക്കന്‍ സംസ്ഥാനമാകും ജോര്‍ജിയ.
നോര്‍ത്ത് അമേരിക്കന്‍ ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ സി.ഒ എച്ച്.എന്‍.എ ആണ് വിവരം പുറത്തുവിട്ടത്. റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും ഡെമോക്രാറ്റ് സെനറ്റര്‍മാരും ബില്ലിനെ അനുകൂലിച്ചു. റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ ഷോണ്‍ സ്റ്റില്‍, ക്ലിന്റ് ഡിക്‌സണ്‍ എന്നിവരും ഡെമോക്രാറ്റിക് സെനറ്റര്‍മാരായ ജേസണ്‍ എസ്റ്റിവെസും ഇമ്മാനുവല്‍ ഡി ജോണ്‍സുമാണ് സംയുക്തമായി ബില്ലിനെ പിന്തുണച്ചത്.
പരസ്പര ബഹുമാനത്തിന്റെയും സഹിഷ്ണുതയുടേയും സമാധാനത്തിന്റെയും മതമാണ് ഹിന്ദുമതമെന്നായിരുന്നു 2023 ല്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞിരുന്നത്.ലോകത്തിലെ ഏറ്റവും വലിയതും പുരാതനവുമായ മതങ്ങളില്‍ ഒന്നാണ് ഹിന്ദുമതം. 120 കോടി വിശ്വാസികളുള്ള, 100 രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന മതം വിവിധങ്ങളായ പാരമ്പര്യങ്ങളെ കൊണ്ടും വിശ്വാസ സമ്പ്രദായങ്ങളെക്കൊണ്ടും സമ്പന്നമാണ്.