വാഷിംഗ്ടൺ: അമേരിക്കയുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ സൈബർ ആക്രമണം നടത്തിയതായി ചൈനീസ് ഉദ്യോഗസ്ഥർ സമ്മതിച്ചതായി വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്. ‘വോൾട്ട് ടൈഫൂൺ’ എന്ന പേരിൽ നടത്തിയ ചൈനീസ് ഓപ്പറേഷനെ സംബന്ധിച്ച് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. കഴിഞ്ഞ വർഷം ജനീവയിൽ അമേരിക്കൻ ചൈനീസ് ഉദ്യോഗസ്ഥർ തമ്മിൽ നടന്ന ഒരു സ്വകാര്യ യോഗത്തിലായിരുന്നു സൈബർ ആക്രമണം നടത്തിയതായി സമ്മതിച്ചതെന്നാണ് റിപ്പോർട്ട്. സാധാരണയായി ഇത്തരം ആക്രമണങ്ങളുടെ പേരിൽ ക്രിമിനൽ സംഘടനകളെ കുറ്റപ്പെടുത്തുകയോ ആരോപണങ്ങളായി തള്ളിക്കളയുകയോ ചെയ്യുന്ന പതിവ് സമീപനത്തിൽ നിന്നും ചൈന മാറിയതിൻ്റെ സൂചനയായി ഇത് ചൂണ്ടിക്കാണിക്കുന്നുണ്ട്.
വോൾട്ട് ടൈഫൂൺ സൈബർ ആക്രമണങ്ങൾ തായ്‌വാനുള്ള അമേരിക്കൻ പിന്തുണയ്ക്കുള്ള പ്രതികരണമാണെന്നാണ് യുഎസ് പ്രതിനിധി സംഘം വ്യാഖ്യാനിച്ചതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെയാണ് റിപ്പോർട്ട് പുറത്തുവരുന്നത്. അമേരിക്ക അവരുടെ താരിഫ് നിരക്ക് ചൈനയ്‌ക്കെതിരെ 145% ആക്കുകയും ചൈന 125%മെന്ന പ്രതികാര നടപടി സ്വീകരിക്കുകയും ചെയ്തതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.
ചൈന അഴിച്ചുവിട്ട സൈബർ ആക്രമണത്തിനാണ് വോൾട്ട് ടൈഫൂൺ എന്ന പേര് നൽകിയിരിക്കുന്നത്. സുരക്ഷാ ഗവേഷകരാണ് ഇത് ആദ്യം റിപ്പോർട്ട് ചെയ്തത്. വോൾട്ട് ടൈഫൂൺ കഴിഞ്ഞ വർഷം തന്നെ യുഎസ് ഉദ്യോഗസ്ഥർക്കിടയിൽ ആശങ്ക ഉയർത്തിയിരുന്നു. ഈ ഓപ്പറേഷൻ ചൈനയുടെ സൈന്യവുമായി ബന്ധപ്പെട്ടതാണെന്നും അമേരിക്കൻ സംവിധാനങ്ങളിലേക്ക് നുഴഞ്ഞുകയറാൻ രൂപകൽപ്പന ചെയ്‌തതാണെന്നും, ഭാവിയിൽ ഒരു സംഘർഷമുണ്ടായാൽ ദ്രുതവും നാശകരവുമായ ആക്രമണങ്ങൾക്ക് അടിത്തറ പാകാൻ സാധ്യതയുണ്ടെന്നുമാണ് ഇന്റലിജൻസ് വിലയിരുത്തലുകളെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത്. ആശയവിനിമയം, ഊർജ്ജം, ഗതാഗതം, ഉൽപ്പാദനം, സർക്കാർ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലേക്ക് വോൾട്ട് ടൈഫൂണിൻ്റെ ഭീഷണി ഘടകങ്ങൾ നുഴഞ്ഞുകയറിയെന്നും റിപ്പോർട്ടുണ്ടായിരുന്നു. 2023 ൽ ഏകദേശം 300 ദിവസത്തേക്ക് യുഎസ് വൈദ്യുതി ഗ്രിഡിന്റെ ചില ഭാഗങ്ങളിലേക്ക് രഹസ്യ ആക്‌സസ് നിലനിർത്തിയതായും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.