വാഷിംഗ്ടണ്‍: ട്രംപിന്റെ ഭരണസമിതിയില്‍ നിര്‍ണായക പദവി വഹിക്കുന്ന അമേരിക്കന്‍ ശതകോടിശ്വരന്‍ ഇലോണ്‍ മസ്‌കിനെ ചൊവ്വയിലേക്ക് അയയ്ക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റര്‍. ഫെഡറല്‍ ജീവനക്കാരെ പിരിച്ചുവിടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് നിര്‍ദേശം നല്കിയ കാരൃക്ഷമതാ വകുപ്പിന്റെ തലവനായ മസ്‌കിനെതിരേ അമേരിക്കയിലുടനീളം വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടയിലാണ് മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ല കാര്‍ ഡീലര്‍ഷിപ്പുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പ്രക്ഷോഭത്തില്‍ മസ്‌കിനെ ചൊവ്വയിലേക്ക് അയയ്ക്കൂ എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
മസ്‌കിനെക്കുറിച്ചുള്ള പോസ്റ്റുകള്‍ പതിവായി പങ്കിടുന്ന ഡോഗ് ഡിസൈനര്‍ പങ്കുവെച്ച പോസ്റ്ററില്‍ മസ്‌കിനെ ചൊവ്വയിലേക്ക് അയക്കാന്‍ ആരോടാണ് അവര്‍ ആവശ്യപ്പെടുന്നത് എന്നു ചോദിച്ചാണ് എക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചൊവ്വയിലേക്ക് റോക്കറ്റ് നിര്‍മിക്കുന്ന ഒരേയൊരു വ്യക്തി മസ്‌ക് തന്നെയാണെന്നും അദ്ദേഹം കുറിച്ചു. മസ്‌കും ഈ തമാശയില്‍ പങ്കുചേര്‍ന്നു. രണ്ട് ചിരിക്കുന്ന ഇമോജികളുടെ കൂട്ടത്തില്‍ ചൊവ്വയിലേക്ക് പോകാന്‍ താന്‍ ശ്രമിക്കുകയാണെന്നായിരുന്നു മസ്‌ക് മറുപടിയായി കുറിച്ചത്.