വാഷിംഗ്ടൺ: മറ്റ് രാജ്യങ്ങൾക്ക് മേലുള്ള താരിഫ് ഒഴിവാക്കില്ലയെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഒരു താരിഫ് ഒഴിവാക്കലും പ്രഖ്യാപിച്ചിട്ടില്ല. മറ്റ് രാജ്യങ്ങൾക്ക് മേലുള്ള താരിഫ് തുടരുമെന്നുമാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിൽ കുറിച്ചത്. ഈ ഉൽപ്പന്നങ്ങൾ നിലവിലുള്ള 20% താരിഫുകൾക്ക് വിധേയമാണെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയിൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പതിറ്റാണ്ടുകളായി അവർ വ്യാപാരത്തിൽ ഞങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. അത് തുടരാൻ ഞങ്ങൾ അവരെ അനുവദിക്കില്ല. ആ ദിവസങ്ങൾ കഴിഞ്ഞുവെന്നും വരാനിരിക്കുന്ന നികുതി നിയന്ത്രണ ഇളവുകൾ ഉൾപ്പെടെയുള്ളവ അമേരിക്കയുടെ സുവർണ്ണകാലമാണെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്..
സ്മാർട്ട്‌ഫോണുകൾ, കമ്പ്യൂട്ടറുകൾ, മറ്റ് ഇലക്ട്രോണിക്‌സ് ഉൽപ്പന്നങ്ങൾ എന്നിവയെ താരിഫുകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ നേരത്തെ ഒരു മാർഗ്ഗനിർദ്ദേശം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ നിരാകരിക്കുന്ന പ്രതികരണമാണ് ട്രംപിൻ്റേത്. താരിഫ് ഒഴിവാക്കില്ലയെന്ന് വൈറ്റ് ഹൗസ് സീനിയർ ഉപദേഷ്ടാവ് സ്റ്റീഫൻ മില്ലറും എക്‌സിൽ പോസ്റ്റ് ചെയ്തതിരുന്നു.
നേരത്തെ ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക് ഉൽപ്പന്നങ്ങളെ ഉയർന്ന താരിഫുകളിൽ നിന്ന് ഒഴിവാക്കിയിരുന്നു. ചൈനീസ് ഇറക്കുമതിക്ക് 125% പരസ്പര താരിഫ് ഏർപ്പെടുത്തിയതിൽ നിന്ന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഇത്തരം ഉൽപന്നങ്ങൾക്ക് ഇളവുകൾ നൽകിയിരുന്നതായി റിപ്പോർട്ടുകൾ വന്നത്. വിലക്കയറ്റത്തിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും പണപ്പെരുപ്പ ആശങ്കകൾ ലഘൂകരിക്കുന്നതിനുമാണ് ഈ ഒഴിവാക്കലുകൾ ഉദ്ദേശിച്ചതെന്നായിരുന്നു ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തത്. ഒഴിവാക്കിയ ഉൽപ്പന്നങ്ങളിൽ സ്മാർട്ട്‌ഫോണുകൾ, ഹാർഡ് ഡ്രൈവുകൾ, പ്രോസസ്സറുകൾ, മെമ്മറി ചിപ്പുകൾ, സെമികണ്ടക്ടർ നിർമ്മാണ ഉപകരണങ്ങൾ എന്നിവയ്ക്കാണ് ഇളവ് നൽകിയതെന്നായിരുന്നു റിപ്പോർട്ട്. അമേരിക്കയിൽ വലിയതോതിൽ ഉൽപ്പാദിപ്പിക്കപ്പെടാത്തതും ആഭ്യന്തരമായി ഉദ്പാദനം ശക്തിപ്പെടുത്താൻ വർഷങ്ങളെടുക്കുന്നതുമാണ് ഈ ഉത്പന്നങ്ങൾ എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.